ആകമാന സുറിയാനി സഭയുടെ 81-ാമത് കാതോലിക്കാ സ്ഥാനാരോഹണം, 2025 മാർച്ച് 25 (ചൊവ്വ) ലെബനോനിലെ അച്ചാനെയിലെ പാത്രിയർക്കാ അരമനയോട് ചേർന്നുള്ള സെന്റ് മേരീസ് സിറിയൻ ഓർത്തഡോക്‌സ് കത്തീഡ്രലിൽ വെച്ച് ആകമാന സുറിയാനി സഭയുടെ പാരമാദ്ധ്യക്ഷൻ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ നടത്തപ്പെടുന്നു.
യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപോലീത്തായും, പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപോലീത്തായാണ് ഈ ശ്രേഷ്ഠ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. മലങ്കര സഭാ ചരിത്രത്തിൽ തന്നെ തങ്കലിപികളാൽ ചേർക്കപ്പെടേണ്ട ചരിത്ര നിമിഷത്തിനായി, സുറിയാനി സഭ ഒന്നടങ്കം കാതോർത്തിരിക്കുന്ന ഈ അനുഗ്രഹീത ചടങ്ങിൽ പങ്കുചേരുവാൻ അമേരിക്കൻ മലങ്കര അതിഭദ്രാസനാധിപൻ, അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ നേതൃത്വത്തിൽ ഭദ്രാസന കൗൺസിൽ അംഗങ്ങൾ ഉൾപ്പെടുന്ന പ്രതിനിധിസംഘം ലെബനോനിലേക്ക് യാത്ര പുറപ്പെടുന്നു.
പ്രതിനിധി സംഘത്തിൽ അഭിവന്ദ്യ മെത്രാപോലീത്താക്ക് പുറമെ, റവ. ഫാ. ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി), ജോജി കാവനാൽ (ഭദ്രാസന ട്രഷറർ), റവ. ഫാ. പോൾ തോട്ടക്കാട്ട്, റവ. ഫാ. കുരിയാക്കോസ് പുതുപ്പാടി, റവ. ഫാ. ജോസഫ് വർഗീസ്, ജെനു മഠത്തിൽ, ജിൻസ് മാത്യു (കൗൺസിൽ മെംബേഴ്‌സ്) എന്നിവരും, വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് വന്ദ്യ കോർ എപ്പിസ്‌കോപ്പാമാർ, വൈദീകർ മറ്റു സഭാംഗങ്ങളും ഉൾപ്പെടുന്നു.
ലബനോൻ പ്രസിഡന്റ് ജനറൽ ജോസഫ് ഔൺ വിശിഷ്ഠ അതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ലബനോനിലെ മറ്റു വിശിഷ്ട വ്യക്തികൾക്ക് പുറമേ ആകമാനസുറിയാനി സഭയിലെ മെത്രാപോലീത്താമാർ, ഇതര സഭാ മേലധ്യക്ഷന്മാർ, മെത്രപൊലീത്തമാർ , കേരള സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധിസംഘം, കേന്ദ്രമന്ത്രി സഭയുടെ പ്രതിനിധികൾ, കേരളത്തിൽ നിന്നും വിദേശത്തുനിന്നുമുള്ള നൂറുകണക്കിന് വിശിഷ്ട വ്യക്തികളും പങ്കുചേരുന്നു.
നിയുക്ത കാതോലിക്കാ അഭിവന്ദ്യ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപോലീത്താ 1990-91 കാലഘട്ടത്തിൽ, വൈദീകനായിരിക്കുമ്പോൾ, അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിൽപ്പെട്ട ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നുള്ളതും ഏറെ ചാരിതാർത്ഥ്യത്തോടെ ഇത്തരണത്തിൽ സ്മരിക്കുകയാണ്.
അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്