മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ മിച്ചോവക്കാനില്‍ സുരക്ഷാസേനയുമായി ഉണ്ടായ വെടിവയ്പ്പില്‍ ലഹരി മാഫിയ സംഘത്തിലെ 15 വയസ്സുകാരനായ ഹിറ്റ്മാന്‍ ആല്‍ബര്‍ട്ടോ 'ചുച്ചിതോ നിനി' സാന്ദോവല്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധമായ കാര്‍ട്ടല്‍ ഡി ലോസ് റെയസ് എന്ന ലഹരിമാഫിയാ സംഘത്തിന്റെ തലവനായ ലൂയിസ് എല്‍ ആര്‍-5 ബരാഗന്റെ അനന്തിരവനും പേഴ്‌സനല്‍ ബോഡിഗാര്‍ഡുമായിരുന്നു ഈ കൗമാരക്കാരന്‍. സംഭവസ്ഥലത്തു വച്ച് ലൂയിസ് ബരാഗനും കൊല്ലപ്പെട്ടിട്ടുണ്ട്.
മിച്ചോവക്കാനിലെ തൊകുംബോയില്‍ പ്രാദേശിക പൊലീസും നാഷനല്‍ ഗാര്‍ഡും സംയുക്തമായി നടത്തിയ നിര്‍ണായക നീക്കത്തിനിടയിലാണ് ഇരുവരും വധിക്കപ്പെട്ടത്. ലഹരിമരുന്ന്-ആയുധക്കടത്ത് കേസുകളില്‍ യുഎസ് ആഭ്യന്തര ഏജന്‍സികള്‍ തിരയുന്ന പ്രമുഖ കുറ്റവാളികളില്‍ ഒരാളായിരുന്നു ലൂയിസ് ബരാഗന്‍. ഇയാളെക്കുറിച്ച് കൃത്യമായ വിവരം കൈമാറുന്നവര്‍ക്ക് യുഎസ് സര്‍ക്കാര്‍ 3 മില്യന്‍ ഡോളര്‍, അതായത് ഏകദേശം 28 കോടി രൂപയോളം പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു. ചെറിയ കുറ്റവാളി സംഘങ്ങളുടെ കൂട്ടായ്മയായ കാര്‍ട്ടെലെസ് യുണിഡോസ് എന്ന മാഫിയാ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന ഈ സംഘത്തെ 2025 ഫെബ്രുവരിയില്‍ അമേരിക്ക വിദേശ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
സമൂഹമാധ്യമങ്ങളിലൂടെ സൈനിക വസ്ത്രം ധരിച്ച് അത്യാധുനിക അസോള്‍ട്ട് റൈഫിളുകളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് പ്രായപൂര്‍ത്തിയാകാത്ത മറ്റ് കുട്ടികളെ ലഹരി ശൃംഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും സംഘങ്ങളെ നയിക്കുന്നതിനും മുന്നില്‍ നിന്നത് കൊല്ലപ്പെട്ട കൗമാരക്കാരനായ ആല്‍ബര്‍ട്ടോ സാന്ദോവല്‍ ആയിരുന്നുവെന്ന് മിച്ചോവക്കാന്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് സ്ഥിരീകരിച്ചു.
സാധാരണയായി കുട്ടികളെ ഭീഷണിപ്പെടുത്തിയോ പണം നല്‍കിയോ ആണ് മെക്‌സിക്കോയിലെ ലഹരി മാഫിയകള്‍ റിക്രൂട്ട് ചെയ്യാറുള്ളതെങ്കില്‍, കുടുംബാംഗമായതിനാല്‍ ആല്‍ബര്‍ട്ടോ നേരിട്ട് മാഫിയയുടെ തലപ്പത്തേക്ക് എത്തുകയായിരുന്നു എന്ന് സുരക്ഷാ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇത്തരം അതിക്രൂര മാഫിയാ ശൃംഖലകളെ വേരോടെ പിഴുതെറിയാന്‍ മെക്‌സിക്കന്‍ സര്‍ക്കാരുമായി ചേര്‍ന്ന് ശക്തമായ നടപടികള്‍ തുടരുമെന്ന് യുഎസ് അംബാസഡര്‍ റൊണാള്‍ഡ് ജാക്‌സണ്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
