അമേരിക്കൻ മലങ്കര അതിഭദ്രാസന 36-ാമത് യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് 2025 ജൂലായ് 16 മുതൽ 19വരെ വാഷിംഗ്ടൺ ഡിസിയിലെ ഹിൽട്ടൺ വാഷിംഗ്ടൺ ഡ്യൂലെസ് എയർപോർട്ട് ഹോട്ടലിൽ വെച്ച് വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
കോൺഫറൻസിനോടനുബന്ധിച്ച് ഈ വർഷവും ഇന്ത്യയിലെ തന്നെ മികച്ച മീഡിയാ ചാനലായ ഏഷ്യാനെറ്റ് ന്യൂസുമായി സഹകരിച്ച് 2-ാമത് എക്‌സലൻസ് അവാർഡ് നിശയും നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിവരുന്നു.
വിശ്വാസികളുടെ ആത്മീയ പ്രവർത്തനങ്ങൾക്ക് പ്രചോദനമേകുക, സഭാവിശ്വാസാചാരനുഷ്ഠാനങ്ങൾ വരും തലമുറക്ക് പകർന്ന് കൊടുക്കുന്നതിനും പഠിപ്പിക്കുന്നതിനുമുള്ള അവസരമൊരുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യത്തോടൊപ്പം തന്നെ സമൂഹമദ്ധ്യത്തിൽ സഭാംഗങ്ങൾക്കുള്ള ബന്ധം കൂടുതൽ ദൃഢപ്പെടുത്തുകയെന്ന ലക്ഷ്യം കൂടി മുന്നിൽകണ്ടാണ് ഇത്തരത്തിലുള്ള അവാർഡ് നൈറ്റ് കൂടി സംഘടിപ്പിക്കുന്നത്. സമൂഹത്തിന്റെ വിവിധ പ്രവർത്തന മേഖലകളിൽ സ്തുത്യർഹമാംവിധം സേവനമനുഷ്ഠിച്ച് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളവരെ ആദരിക്കുന്നതുവഴി വരും തലമുറക്ക് അതൊരു പ്രചോദനവും മാതൃകയുമാകുന്നതിനുള്ള വേദിയാകുന്നുവെന്നതും മറ്റൊരു സവിശേഷതയാണ്.
കുടുംബമേളയുടെ ക്രമീകരണങ്ങൾക്കായി റവ. ഫാ. ജെറി ജേക്കബ് (ഭദ്രാസന സെക്രട്ടറി) ജനറൽ കൺവീനറായും ജോജി കാവനാൽ (ഭദ്രാസന ട്രഷറർ) ജോയിന്റ് കൺവീനറായും വിപുലമായ കമ്മിറ്റി പ്രവർത്തമാരംഭിച്ചു. കോൺഫറൻസിൽ സംബന്ധിക്കുന്നതിനായി ജനുവരി 31നകമായി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് 50 ഡോളർ ഡിസ്‌കൗണ്ട് അനുവദിച്ചിട്ടുണ്ട്.
ജനുവരി മാസം 4-ാം തീയതി ഭദ്രാസന ആസ്ഥാനത്ത് വെച്ച് പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മഹനീയ സാന്നിദ്ധ്യത്തിൽ വെച്ച് നടത്തപ്പെട്ട മെത്രാഭിഷേക വാർഷിക ചടങ്ങിൽ വെച്ച് കുടുംബമേളയുടെ കിക്ക് ഓഫ് പരിപാടിയും നടത്തപ്പെട്ടു.ഈ വർഷത്തെ ഫാമിലി കോൺഫറൻസിനായി തെരഞ്ഞെടുത്തിരിക്കുന്ന വേദി, എയർപോർട്ടിൽ നിന്നും 5 മിനിറ്റ്മാത്രം ദൂരമുള്ളൂവെന്നതും എയർപോർട്ടിൽ നിന്നും ഫ്രീയായി ട്രാൻസ്‌പോർട്ടേഷൻ സൗകര്യം ക്രമീകരിക്കുന്നുവെന്നതും പ്രത്യേകതയാണ്. മുതിർന്നവർക്കും യുവജനങ്ങൾക്കും സ്ത്രീകൾക്കുമായി പ്രത്യേകം സെമിനാറുകളും ചർച്ചാ ക്ലാസുകളും നടത്തുന്നതിനാവശ്യമായ വിശാലമായ കോൺഫറൻസ് ഹാളും മുറികളും മറ്റൊരു ആർഷണീയതയാണ്.
കുടുംബമേളയുടെ അനുഗ്രഹകരമായ നടത്തിപ്പിന് എല്ലാവരുടേയും പ്രാർത്ഥനാപൂർവ്വമായ സഹായ സഹകരണങ്ങൾ ആവശ്യമാണെന്ന് ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് ഓർമ്മിപ്പിച്ചു.
അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്