യു.എസില്‍ അദാനിക്ക് പൂര്‍ണ്ണ ക്ലീന്‍ ചിറ്റ്; നിയമനടപടികള്‍ അവസാനിച്ചു

MAY 18, 2026, 6:43 PM

ന്യൂയോര്‍ക്ക്/ന്യൂഡല്‍ഹി: പ്രമുഖ ഇന്ത്യന്‍ വ്യവസായിയും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനി, അനന്തരവന്‍ സാഗര്‍ അദാനി എന്നിവര്‍ക്കെതിരെയുള്ള എല്ലാ ക്രിമിനല്‍ കുറ്റപത്രങ്ങളും യു.എസ്. നീതിന്യായ വകുപ്പ് പൂര്‍ണ്ണമായി ഒഴിവാക്കി. ന്യൂയോര്‍ക്ക് കോടതിയിലുണ്ടായിരുന്ന സെക്യൂരിറ്റീസ്-വയര്‍ തട്ടിപ്പ് കേസുകളാണ് യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ എന്നെന്നേക്കുമായി റദ്ദാക്കിയത്.

കുറ്റാരോപണങ്ങള്‍ നിലനിര്‍ത്താന്‍ ആവശ്യമായ കൃത്യമായ തെളിവുകളോ യു.എസുമായി നേരിട്ടുള്ള ബന്ധമോ ഇല്ലെന്ന് വ്യക്തമാക്കിയാണ് യു.എസ് അധികൃതരുടെ ഈ നിര്‍ണ്ണായക നീക്കം. കേസ് വീണ്ടും തുറക്കാന്‍ കഴിയാത്ത വിധം 'വിത്ത് പ്രിജുഡീസ്' ആണ് കോടതി കുറ്റപത്രം തള്ളിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദാനി ഗ്രൂപ്പിനെതിരെ യു.എസിലുണ്ടായിരുന്ന മുഴുവന്‍ നിയമനടപടികളും പൂര്‍ണ്ണമായി അവസാനിച്ചു.

ക്രിമിനല്‍ കേസുകള്‍ക്ക് പുറമെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് യു.എസ് റെഗുലേറ്ററി ഏജന്‍സികള്‍ അന്വേഷിച്ചിരുന്ന മറ്റ് രണ്ട് കേസുകളും വന്‍ തുക പിഴയോടെ ഒത്തുതീര്‍പ്പാക്കി. ഇന്ത്യയിലെ സൗരോര്‍ജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് നിക്ഷേപകരെ വഞ്ചിച്ചുവെന്ന യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ സിവില്‍ കേസ് കഴിഞ്ഞ ആഴ്ച ഒത്തുതീര്‍പ്പായിരുന്നു. കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ ഗൗതം അദാനി 6 മില്യണ്‍ ഡോളറും, സാഗര്‍ അദാനി 12 മില്യണ്‍ ഡോളറും (ആകെ 18 മില്യണ്‍ ഡോളര്‍) പിഴയൊടുക്കാന്‍ സമ്മതിച്ചതോടെയാണ് ഈ കേസ് അവസാനിച്ചത്.

യു.എസ്. ട്രഷറി വകുപ്പിന്റെ ഉപരോധം ലംഘിച്ച് ഇറാനില്‍ നിന്ന് എല്‍.പി.ജി. ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസും തിങ്കളാഴ്ച ഒത്തുതീര്‍പ്പായി. ഈ ചട്ടലംഘനത്തിന് 27.5 കോടി ഡോളര്‍ (ഏകദേശം 2648 കോടി രൂപ) പിഴയൊടുക്കാമെന്ന് അദാനി ഗ്രൂപ്പ് സമ്മതിക്കുകയായിരുന്നു.

2024-ന്റെ അവസാനത്തിലാണ് അദാനി ഗ്രൂപ്പ് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി സൗരോര്‍ജ്ജ കരാറുകള്‍ സ്വന്തമാക്കിയതെന്നും, ഇത് യു.എസ് നിക്ഷേപകരില്‍ നിന്ന് മറച്ചുവെച്ചുവെന്നും ആരോപിച്ച് യു.എസ് പ്രോസിക്യൂഷന്‍ രംഗത്തെത്തിയത്. എന്നാല്‍ അദാനി ഗ്രൂപ്പ് ഈ ആരോപണങ്ങള്‍ തുടക്കം മുതലേ നിഷേധിച്ചിരുന്നു.

അമേരിക്കയില്‍ 10 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 83,000 കോടി രൂപ) നിക്ഷേപം നടത്തുമെന്നും 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഗൗതം അദാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ യു.എസിലെ നിയമനടപടികള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ നിക്ഷേപം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അദാനിയുടെ നിയമസംഘം ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് മുന്നോട്ട് കൊണ്ടുപോകാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി പ്രോസിക്യൂഷന്‍ കോടതിയെ സമീപിച്ചതും അനുകൂല വിധി ഉണ്ടായതും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam