വാഷിംഗ്ടൺ: ഇറാനെതിരെ യുദ്ധം ചെയ്യണമെന്ന ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ആവശ്യം മുൻ അമേരിക്കൻ പ്രസിഡന്റുമാരായ ജോർജ്ജ് ബുഷും ബരാക് ഒബാമയും ജോ ബൈഡനും തള്ളിക്കളഞ്ഞിരുന്നതായി മുൻ വിദേശകാര്യ സെക്രട്ടറി ജോൺ കെറി.
സ്റ്റീഫൻ കോൾബെർട്ടിന്റെ 'ദി ലേറ്റ് ഷോ'യിൽ അതിഥിയായി സംസാരിക്കവേയാണ് കെറി ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. നയതന്ത്രപരമായ എല്ലാ വഴികളും പരാജയപ്പെടാതെ ഒരു യുദ്ധത്തിലേക്ക് നീങ്ങാൻ ഇവർ ആരും തയ്യാറായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
വിയറ്റ്‌നാം, ഇറാഖ് യുദ്ധങ്ങളിൽ നിന്ന് അമേരിക്ക പഠിച്ച പാഠം ജനങ്ങളോട് നുണ പറയരുത് എന്നതാണെന്നും കെറി ഓർമ്മിപ്പിച്ചു. എന്നാൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതോടെ നെതന്യാഹുവിന്റെ ഈ ആവശ്യം അംഗീകരിക്കപ്പെടുകയായിരുന്നു.
ഇറാനിൽ ഭരണമാറ്റം എളുപ്പത്തിൽ സാധ്യമാകുമെന്നും ജനങ്ങൾ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങുമെന്നും നെതന്യാഹു ട്രംപിനെ വിശ്വസിപ്പിച്ചു. ഫെബ്രുവരി 11-ന് നടന്ന ചർച്ചയിൽ "ഇത് കേൾക്കാൻ സുഖമുണ്ട്" എന്ന് പ്രതികരിച്ച ട്രംപ് സംയുക്ത സൈനിക നീക്കത്തിന് പച്ചക്കൊടി കാട്ടുകയായിരുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, യുദ്ധത്തെക്കുറിച്ചുള്ള നെതന്യാഹുവിന്റെ അമിത ആത്മവിശ്വാസത്തെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഇറാനിലെ ഭരണമാറ്റം അത്ര എളുപ്പമാണെന്ന നെതന്യാഹുവിന്റെ വാദങ്ങൾ അതിശയോക്തി കലർന്നതാണെന്ന് വാൻസ് ഫോൺ സംഭാഷണത്തിനിടെ ചൂണ്ടിക്കാട്ടി. നെതന്യാഹുവിന്റെ പ്രവചനങ്ങൾ ഒന്നും തന്നെ ഇറാനിൽ യാഥാർത്ഥ്യമായില്ലെന്നും ജനങ്ങൾ ഭരണകൂടത്തെ അട്ടിമറിച്ചില്ലെന്നും ജോൺ കെറി പരിഹസിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
