വാഷിങ്ടണ്‍: 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയ്ക്കെതിരായ രേഖകള്‍ പുറത്തുവിട്ട് യു.എസ് ഇന്റലിജന്‍സ് മേധാവി തുള്‍സി ഗബ്ബാര്‍ഡ്. 2016ലെ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ ജയിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും റഷ്യന്‍ ഭരണകൂടവും ഇടപെട്ടുവെന്ന പ്രചരണം ഒബാമ നടത്തിയെന്നാരോപിച്ചാണ് തുള്‍സി ഗബ്ബാര്‍ഡ് വിവരങ്ങള്‍ പുറത്തുവിട്ടത്.
അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും നിന്ദ്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ ദുരുപയോഗത്തെയും രാഷ്ട്രീയവല്‍ക്കരണത്തെയും കുറിച്ച് പുതിയ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നുവെന്ന് അവര്‍ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. 2017 ജനുവരിയിലെ ഇന്റലിജന്‍സ് കമ്മ്യൂണിറ്റി അസസ്മെന്റ് (ഐ.സി.എ) ഒബാമ ഭരണകൂടം എങ്ങനെ കെട്ടിച്ചമച്ചുവെന്ന് തുറന്നുകാട്ടുന്ന ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ വിവരങ്ങളാണ് തുള്‍സി ഗബ്ബാര്‍ഡ് പുറത്തുവിട്ടത്.
പുടിനും റഷ്യന്‍ സര്‍ക്കാരും 2016-ലെ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രംപിനെ ജയിപ്പിക്കാന്‍ സഹായിച്ചു എന്ന കള്ളം അവര്‍ പ്രചരിപ്പിച്ചു. അങ്ങനെ ചെയ്തതിലൂടെ, അമേരിക്കന്‍ ജനതയുടെ വിശ്വാസത്തെ അട്ടിമറിക്കാന്‍ അവര്‍ ഗൂഢാലോചന നടത്തുകയും, പ്രസിഡന്റ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന്റെ നിയമസാധുതയെ ഇല്ലാതാക്കുന്നതിനായി മാധ്യമങ്ങളിലെ തങ്ങളുടെ പങ്കാളികളുമായി ചേര്‍ന്ന് ആ നുണ പ്രചരിപ്പിക്കുകയും, അടിസ്ഥാനപരമായി അദ്ദേഹത്തിനെതിരെ വര്‍ഷങ്ങളോളം നീണ്ട അട്ടിമറി നടത്തുകയുമായിരുന്നു- അവര്‍ പറയുന്നു.
അതേസമയം തുള്‍സി പുറത്തുവിട്ട റിപ്പോര്‍ട്ട് 2017ല്‍ റിപ്പബ്ലിക്കന്‍സിന് ഭൂരിപക്ഷമുണ്ടായിരുന്ന ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റി തയ്യാറാക്കിയതായിരുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. . 2016 ഡിസംബറില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ട്രംപിന് അനുകൂലമായിരുന്നു എന്ന നിഗമനത്തെ ഈ റിപ്പോര്‍ട്ട് ചോദ്യം ചെയ്തിരുന്നു.
നിലവില്‍ ട്രംപിന്റെ എഫ്.ബി.ഐ ഡയറക്ടറായ കാഷ് പട്ടേല്‍, ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, 2017-ലെ റിപ്പോര്‍ട്ടിന്റെ കരട് തയ്യാറാക്കുന്നതിലും 2020-ലെ ഭേദഗതികളിലും കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍സ് മാത്രമാണ് പങ്കെടുത്തത് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്