ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ഏറ്റവും ശ്രദ്ധേയമായ കൂട്ടുകെട്ടുകളിൽ ഒന്നായ മൈക്രോസോഫ്റ്റ് –ഓപ്പൺഎഐ പങ്കാളിത്തത്തിൽ വലിയ മാറ്റം. പുതിയ കരാർ പ്രകാരം, ഓപ്പൺഎഐ വികസിപ്പിക്കുന്ന എഐ മോഡലുകളിൽ മൈക്രോസോഫ്റ്റിന്റെ പ്രത്യേക അവകാശം ഇനി നിലനിൽക്കില്ല.
പരിഷ്കരിച്ച കരാറിന്റെ അടിസ്ഥാനത്തിൽ, ഓപ്പൺഎഐയ്ക്ക് തങ്ങളുടെ സാങ്കേതികവിദ്യ മറ്റ് ക്ലൗഡ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാക്കാം. പ്രഖ്യാപനത്തിന് പിന്നാലെ മൈക്രോസോഫ്റ്റ് ഓഹരികൾ പ്രീമാർക്കറ്റ് ട്രേഡിംഗിൽ ഏകദേശം 1% വരെ ഇടിഞ്ഞു.
ഓപ്പൺഎഐയിൽ തുടക്കത്തിൽ നടത്തിയ വലിയ നിക്ഷേപത്തിലൂടെ മൈക്രോസോഫ്റ്റ് എഐ രംഗത്ത് ശക്തമായ സാന്നിധ്യം നേടിയിരുന്നു. വിവിധ ഉൽപ്പന്നങ്ങളിലേക്കും സേവനങ്ങളിലേക്കും എഐ സാങ്കേതികവിദ്യ സംയോജിപ്പിച്ചുകൊണ്ട് കമ്പനി മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ, ഓപ്പൺഎഐ മറ്റ് ക്ലൗഡ് സേവനദാതാക്കളുമായി സഹകരണം വികസിപ്പിച്ചതോടെ രണ്ട് കമ്പനികളുടെയും ബന്ധത്തിൽ ചില സമ്മർദ്ദങ്ങൾ ഉയർന്നിരുന്നു.
മുമ്പ്, ഓപ്പൺഎഐയും ആമസോണും തമ്മിലുള്ള വലിയ ക്ലൗഡ് കരാറിനെതിരെ നിയമനടപടി പരിഗണിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇത് ആദ്യകാല എക്സ്ക്ലൂസിവിറ്റി വ്യവസ്ഥകൾ ലംഘിക്കുന്നതായിരിക്കാമെന്ന ആശങ്കയുമുണ്ടായിരുന്നു.
അതേസമയം, പുതിയ കരാറിനുപ്രകാരം മൈക്രോസോഫ്റ്റ് ഓപ്പൺഎഐയുടെ പ്രധാന ക്ലൗഡ് പങ്കാളിയായി തുടരും. 2032 വരെ കമ്പനിയുടെ ബൗദ്ധിക സ്വത്തവകാശങ്ങൾക്ക് ലൈസൻസ് നിലനിൽക്കും. കൂടാതെ, പുതുക്കിയ വ്യവസ്ഥകൾ പ്രകാരം മൈക്രോസോഫ്റ്റ് ഇനി ഓപ്പൺഎഐയുമായി വരുമാനം പങ്കിടേണ്ടതില്ല.
ഇതിനുപുറമേ, ഓപ്പൺഎഐയുടെ പുതിയ ഉൽപ്പന്നങ്ങൾ ആദ്യം മൈക്രോസോഫ്റ്റിന്റെ Azure ക്ലൗഡ് പ്ലാറ്റ്ഫോമിൽ തന്നെ അവതരിപ്പിക്കുന്ന പതിവും തുടരും. എന്നാൽ ചില സാങ്കേതികവിദ്യകൾ വിന്യസിക്കാൻ മൈക്രോസോഫ്റ്റ് തയ്യാറാകാത്ത പക്ഷം അല്ലെങ്കിൽ സാധിക്കാത്ത പക്ഷം, മറ്റ് പ്ലാറ്റ്ഫോമുകളിലേക്കും അവ എത്താം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
