ഒട്ടാവ: അമേരിക്കന്‍ സര്‍ക്കാരിനെ വിദേശ ഇടപെടല്‍ ഭീഷണിയായി ചിത്രീകരിക്കുന്ന പാനല്‍ ചര്‍ച്ചകളില്‍ പ്രതിഷേധിച്ച് യൂറോപ്യന്‍ വ്യാജപ്രചാരണ വിരുദ്ധ സമ്മേളനത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് കാനഡ പിന്മാറി. ബ്രസ്സല്‍സ് ആസ്ഥാനമായ 'EU DisinfoLab' ലിത്വാനിയയിലെ വില്‍നിയസില്‍ സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനത്തില്‍ നിന്നാണ് കാനഡയുടെ നയതന്ത്ര വിഭാഗമായ ഗ്ലോബല്‍ അഫയേഴ്സ് കാനഡ (GAC) വിട്ടുനിന്നത്. കാനഡയ്ക്ക് പുറമേ ലിത്വാനിയയും യൂറോപ്യന്‍ യൂണിയന്റെ നയതന്ത്ര വിഭാഗവും പിന്തുണ പിന്‍വലിച്ചതോടെ പരിപാടി നടന്ന വേദിയിലെ ബോര്‍ഡുകളില്‍ നിന്ന് ഇവരുടെ പേരുകള്‍ മറച്ചുപിടിച്ചു.
സമ്മേളനത്തിലെ ചില പാനല്‍ ചര്‍ച്ചകളുടെ അവതരണ രീതിയിലുണ്ടായ മാറ്റങ്ങളാണ് പങ്കാളിത്തം പുനപരിശോധിക്കാന്‍ കാരണമായതെന്ന് GAC വക്താവ് സാമന്ത ലാഫ്‌ലൂര്‍ വ്യക്തമാക്കി. അമേരിക്കയെ വിദേശ വിവര കൃത്രിമത്വത്തിന്റെ സ്രോതസ്സായി വിശേഷിപ്പിച്ചതിലെ എതിര്‍പ്പാണ് പിന്മാറ്റത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ കാനഡ തയ്യാറായിട്ടില്ല. എന്നാല്‍, കാനഡയുടെ പിന്മാറ്റത്തിന് ഇടയാക്കിയ ചര്‍ച്ചാ വിഷയങ്ങള്‍ മാസങ്ങളായി മാറ്റമില്ലാതെ തുടരുന്നവയാണെന്ന് ആര്‍ക്കൈവ് രേഖകള്‍ വ്യക്തമാക്കുന്നു.
അതിനിടെ, ആര്‍ട്ടിക് മേഖലയിലെ അമേരിക്കന്‍ ഇടപെടലുകളെക്കുറിച്ചുള്ള വ്യാഴാഴ്ചത്തെ പ്രത്യേക സെഷന്റെ അധ്യക്ഷ സ്ഥാനത്തുനിന്നും കനേഡിയന്‍ ഉദ്യോഗസ്ഥന്‍ പിന്മാറി. സര്‍ക്കാരുകളുടെ ഈ പെട്ടെന്നുള്ള പിന്മാറ്റം ഗവേഷക ലോകത്ത് വലിയ ആഘാതമുണ്ടാക്കിയെന്ന് അമേരിക്കന്‍ സണ്‍ലൈറ്റ് പ്രോജക്റ്റ് പ്രതിനിധി ബെന്‍ ഷുള്‍ട്‌സ് പറഞ്ഞു. നയതന്ത്ര സമ്മര്‍ദ്ദങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നിശ്ചയിച്ച പ്രസംഗകരെല്ലാം പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംഘടകര്‍ അറിയിച്ചു. നിലവില്‍ ഫ്രഞ്ച് സര്‍ക്കാര്‍ മാത്രമാണ് സമ്മേളനത്തിന്റെ ഔദ്യോഗിക സ്‌പോണ്‍സറായി തുടരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
