പട്ന: കാണാതായ പത്തൊന്‍പതുകാരിയായ ഭാര്യയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് നടത്തിയ നിയമപോരാട്ടത്തിനൊടുവില്‍ പുറത്തുവന്നത് ക്രൂരമായ ദുരഭിമാനക്കൊലയുടെ കഥ. ബിഹാറിലെ മുസാഫര്‍പുരിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പ്രണയ വിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ സ്വന്തം കുടുംബാംഗങ്ങള്‍ ചേര്‍ന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി.
ചെറുപ്പകാലം മുതലേ പരസ്പരം അറിയാമായിരുന്ന ഗൗരീശങ്കറും സുജാത കുമാരിയും കുടുംബാംഗങ്ങളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് കഴിഞ്ഞ ജനുവരിയില്‍ വിവാഹിതരായത്. വിവാഹശേഷം ഇരുവരും ഹരിയാനയിലേക്ക് താമസം മാറുകയും ചെയ്തു. എന്നാല്‍, ഗൗരീശങ്കര്‍ തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് സുജാതയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. ഫെബ്രുവരിയില്‍ പൊലീസ് ഇരുവരെയും കണ്ടെത്തി കോടതിയില്‍ ഹാജരാക്കിയെങ്കിലും, തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്പര്യമെന്ന് സുജാത കോടതിയില്‍ വ്യക്തമാക്കി.
നിയമനടപടികളുടെ ഭാഗമായി പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങിയ സുജാതയുമായി മാര്‍ച്ച് 31-നാണ് ഗൗരീശങ്കര്‍ അവസാനമായി സംസാരിക്കുന്നത്. അതിനുശേഷം സുജാതയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതായതോടെ ആശങ്കയിലായ യുവാവ് പൊലീസിനെ സമീപിച്ചു.
തുടക്കത്തില്‍ പൊലീസ് അന്വേഷണത്തില്‍ അനാസ്ഥ കാട്ടിയതോടെ, തന്റെ ഭാര്യയെ കണ്ടെത്തി നല്‍കിയില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ഗൗരീശങ്കര്‍ മുന്നറിയിപ്പ് നല്കി. യുവാവിന്റെ ഭീഷണിക്ക് പിന്നാലെ സംഭവം ഗൗരവമായെടുത്ത പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.
സുജാതയുടെ വീട്ടുകാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയുടെ സഹോദരന് അഭിഷേക് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു. തുടര്‍ന്നാണ് കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. മെയ് എട്ടിന് സുജാതയെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ക്രൂരമായി കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീട്ടുകാരുടെ അനുവാദമില്ലാതെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം പൂര്‍ണ്ണമായി കത്തിച്ചുകളയുകയും ചെയ്തു.
പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ്, കൊലപാതകത്തില്‍ പങ്കാളികളായ മറ്റ് കുടുംബാംഗങ്ങള്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
