സെമി കാണാതെ മടങ്ങുമോ സി.പി.എം?

JULY 8, 2026, 10:24 AM

സ്വന്തം ഘടക കക്ഷിയും മുന്നണിയിലെ കൊച്ചനുജനുമായ സി.പി.ഐയുമായുള്ള മത്സരം ഒരു വശത്ത്. സ്വന്തം പാർട്ടിക്കുള്ളിൽ വിമത ജഴ്‌സി അണിഞ്ഞ് സെൽഫ് ഗോൾ അടിക്കാൻ വെമ്പുന്നവർ മറുവശത്ത്. ഫുട്‌ബോൾ മാമാങ്ക കാലത്ത് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പതനം വർണ്ണിക്കാൻ, ബ്രസീൽ ലോകകപ്പ് മത്സരത്തിൽനിന്ന് വിടവാങ്ങിയ പോലെ സി.പി.എം കേരള രാഷ്ട്രീയത്തിൽനിന്ന് വിടവാങ്ങുമെന്ന് പ്രവചിക്കുന്ന പി.കെ. ശശിമാർ.

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള ഇടിമുഴക്കങ്ങൾ അവസാനിക്കുന്നില്ല. പാർട്ടിയെ വിമർശിക്കുന്ന പി.കെ. ശശി മുതൽ പാർട്ടിയെ വെട്ടിലാക്കുന്ന വെള്ളനാട് ശശിമാർ വരെ തലങ്ങും വിലങ്ങും പന്തടിക്കുമ്പോൾ നിലം തൊടാതെ ഓടുന്ന ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയാണ് കേരള രാഷ്ട്രീയത്തിന്റെ ബിഗ് സ്‌ക്രീനിൽ ഇപ്പോൾ കാണുന്നത്.

പാർട്ടി സ്വന്തം നിലയ്ക്ക് നടത്തിയ അവലോകനങ്ങൾ തെരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ പുറത്തുകൊണ്ടുവന്നെങ്കിലും അവ മുഖവിലയ്‌ക്കെടുക്കാൻ നേതൃത്വം തയ്യാറായിട്ടില്ല. അതിന് താത്വികമായ ഇതര വ്യാഖ്യാനങ്ങൾ നൽകി പഴയപടി മുന്നോട്ടു പോകാനാണ് സി.പി.എം നേതൃത്വത്തിന്റെ ശ്രമം.

vachakam
vachakam
vachakam

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും പി.കെ. ശശി ഉന്നമിട്ടു.
'ഒന്ന് തോറ്റാൽ തോൽവി അംഗീകരിക്കാൻ തയ്യാറാകേണ്ടേ. എന്നാലും ധിക്കാരം പോകുന്നില്ല' ശശിയുടെ വിമർശനം ഒറ്റപ്പെട്ടതല്ലെന്ന് സഖാക്കൾ പോലും കരുതുന്നു.

എം.വി. ഗോവിന്ദനെതിരായ ജി. സുധാകരന്റെ വിമർശനത്തിന് പിന്നാലെയാണ് പി.കെ. ശശിയുടെയും വിമർശനം. സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇരിക്കാൻ എം.വി. ഗോവിന്ദൻ യോഗ്യനല്ലെന്നും പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നയാളാണ് അദ്ദേഹമെന്നുമായിരുന്നു ജി. സുധാകരന്റെ വിമർശനം.

വർഗമോ വർഗവഞ്ചകനോ എന്താണെന്ന് ഗോവിന്ദന് അറിയില്ല. വലിയ സൈദ്ധാന്തികനാണെന്ന ലേബൽ പത്രക്കാരാണ് നൽകിയത്. ഒന്നുകിൽ സംസ്ഥാന സെക്രട്ടറി സ്ഥാനം ഗോവിന്ദൻ ഒഴിയണം, അല്ലെങ്കിൽ പാർട്ടി  പുറത്താക്കണം. സ്വന്തം ജില്ലയായ കണ്ണൂരിലെ അഞ്ച് സീറ്റിൽ യു.ഡി.എഫ് വിജയിച്ചിട്ടും ഗോവിന്ദന് ഉളുപ്പോ വിഷമമോ ഇല്ലെന്നും ജി. സുധാകരൻ പറഞ്ഞു.

vachakam
vachakam
vachakam

അരികിൽ ഒരു കസേര

നന്നായി തോറ്റ ശേഷം തിരികെ നിയമസഭയിൽ പ്രതിപക്ഷ ബെഞ്ചിലേക്ക് എത്തിയ ഇടതുപക്ഷത്തിന് പ്രതിപക്ഷ നേതാവിന്റെ പദവിയിലേക്കും പിണറായി വിജയൻ അല്ലാതെ മറ്റൊരാളെ ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. അപ്പോഴാണ് വല്യേട്ടനരികിൽ ഒരു ഉപനേതാവായി ഇരിക്കാൻ സി.പി.ഐ ആഗ്രഹം പ്രകടിപ്പിച്ചത്.

പ്രതിപക്ഷ നിര 35ലേക്ക് ചുരുങ്ങിയ അതേ അവസരത്തിൽ തന്നെയാണ് പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന ആവശ്യം സി.പി.ഐ ശക്തമാക്കിയത്. ഇക്കാര്യത്തിൽ പാർട്ടി മുന്നണി വേദികളിൽ പറയാതെ പരസ്യ പ്രതികരണം നടത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നിലപാടിനോട് സി.പി.എം നേതൃത്വത്തിന് പ്രകടമായ നീരസവും ഉണ്ടായിരുന്നു.
അമ്മാതിരി ആഗ്രഹങ്ങളൊന്നും വേണ്ടെന്ന് പിണറായി കയ്യോടെ പറഞ്ഞു.

vachakam
vachakam
vachakam

അത്തരം ഒരു ശൈലി മുൻപ് ഉണ്ടായിട്ടില്ല. ഇപ്പോൾ അങ്ങനെ ആഗ്രഹിക്കേണ്ടതില്ല. പ്രതിപക്ഷ ഉപനേതാവ് കാര്യത്തിൽ പിണറായി വിജയൻ പറഞ്ഞത് സി.പി.എമ്മിന്റെ അഭിപ്രായമണോ അതോ സ്വന്തം തീരുമാനമാണോ എന്നായിരുന്നു സി.പി.ഐയുടെ മറുചോദ്യം. പ്രതികരണത്തിനെതിരെ സി.പി.ഐ പരസ്യമായി രംഗത്ത് വന്നു. പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്ന നിലപാടിൽ പിന്നോട്ടില്ലെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി. സുനീർ വ്യക്തമാക്കി. ഏകപക്ഷീയമായി എടുക്കേണ്ട തീരുമാനമല്ല അത്.

സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി ഉണ്ടാവുമായിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം ഒരൊറ്റ തവണയാണ് ഇടതുമുന്നണി ചേർന്നത്. നിയമസഭാ കക്ഷിയോഗം പോലും ചേരാനാകാത്ത സ്ഥിതിയുമുണ്ട്. കൺവീനറുടെ അസൗകര്യമെന്നാണ് പിണറായി വിജയൻ വിശദീകരിച്ചത്.

ഇലക്ഷൻ റിസൾട്ട് വന്നു രണ്ടുമാസമായിട്ടും എൽ.ഡി.എഫ് നേതൃയോഗവും സി.പി.എമ്മിന്റെ  പ്ലീനവും  കൂടാത്തത് പിണറായിയെ മാറ്റണമെന്ന ചർച്ച അവിടെ ഉണ്ടാകും എന്നതുകൊണ്ടാണ് എന്ന് വിമർശിക്കുന്നവരും കുറവല്ല. ഗോവിന്ദൻ മാറില്ല;പിണറായി അത്ര കൂടി മാറില്ല എന്ന് ചിന്തിക്കുന്നവർ പാർട്ടിയിലും കൂടി വരികയാണ്.

ഇനിയൊരു പടയൊരുക്കം

പിണറായി ദുർബലനായിരിക്കുന്നു. പി.ബിയിൽ പോലും എതിർ സ്വരങ്ങൾ. എം.എ .ബേബിയുടെ പഴയ കൂട്ടുകെട്ട്, ബേബി ഐസക്ക് അച്ചുതണ്ട് എന്ന് പണ്ട് വിളിച്ചിരുന്ന ആ ഉൾപ്പാർട്ടി നീക്കം വീണ്ടും ഉയർത്തെഴുന്നേറ്റ് വരുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കൊല്ലത്ത് പാർട്ടി വിട്ടു യു.ഡി.എഫ് ക്യാമ്പിൽ എത്തിയ എൻ.കെ. പ്രേമചന്ദ്രന് എതിരെ മത്സരിക്കാൻ 2014 ൽ ഒരു പടക്കുതിരയെ പോലെ പാർട്ടി അയച്ചത് സാക്ഷാൽ എം.എ. ബേബിയെയാണ്. പിണറായി വിജയനായിരുന്നു ആ തീരുമാനത്തിന് പിന്നിൽ.

മത്സരം മുറുകിയ വേളയിൽ എതിർ സ്ഥാനാർത്ഥിക്ക് എതിരെ പിണറായി വിജയൻ പരനാറി പ്രയോഗം നടത്തി. ഒന്നല്ല പലവട്ടം. ആ തെരഞ്ഞെടുപ്പിൽ പ്രേമചന്ദ്രൻ ബേബിയെ തൂത്തെറിഞ്ഞു. തോൽവിക്ക് ഒരൊറ്റ കാരണമേ ഉണ്ടായിരുന്നുള്ളൂ. അത് പിണറായി ബോധപൂർവ്വം നടത്തിയ ആ പരനാറി പ്രയോഗം തന്നെ. അക്കാര്യം മറ്റാരെക്കാളും വ്യക്തമായി അറിയാവുന്ന ആളാണ് ഇപ്പോൾ പാർട്ടിയുടെ പരമോന്നത പദവിയിൽ എത്തിയിരിക്കുന്ന ബേബി സഖാവ്. പാർട്ടിക്കുള്ളിൽ ആ പ്രയോഗം ഇനി ആവർത്തിക്കരുത് എന്ന് പലരും അടക്കം പറഞ്ഞെങ്കിലും പിണറായി അത് ചെവിക്കൊണ്ടില്ല.

ഇനി ബേബിക്ക് ഒന്നും നഷ്ടപ്പെടാനില്ല. 2028 ലെ പാർട്ടി കോൺഗ്രസ് ആവുമ്പോഴേക്കും 72 കാരനായ ബേബി പ്രായപരിധിയായ 75ൽ എത്തിയിരിക്കും. ഇളവ് നൽകി ബേബിയെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആനയിക്കാൻ അന്ന് ആരുണ്ടാവും? ഇത് തന്റെ ലാസ്റ്റ് ബസ് ആണെന്ന് മറ്റാരെക്കാളും തിരിച്ചറിവുള്ള നേതാവാണ് നന്നേ ചെറുപ്പത്തിലെ പാർട്ടിയിലെത്തിയ ഈ കൊല്ലം പ്രാക്കുളംകാരൻ.

അതിനുള്ള അണിയറ നീക്കങ്ങൾ ബേബിയും സ്വരാജും ബാലഗോപാലനും കണ്ണൂരിലെ ജയരാജന്മാരും തുടങ്ങി കഴിഞ്ഞുവോ?

ഇതെല്ലാം കൂടി പാർട്ടിയെ എവിടെ കൊണ്ടെത്തിക്കും?

പ്രതിപക്ഷനേതാവ് എന്ന നിലയിൽ പിണറായിയുടെ പ്രകടനം പോരാ എന്ന് നിയമസഭാ നടപടിക്രമങ്ങൾ ലൈവ് ആയി കാണുന്ന ആർക്കും ബോധ്യപ്പെടും. അത്തരം ഒരു തിരിച്ചറിവിൽ നിന്നുണ്ടായ പ്രകോപനം ആണ് തൊട്ടടുത്ത സീറ്റിൽ ഇരുന്ന് കെ.എൻ. ബാലഗോപാലിൽ നിന്ന് ഉണ്ടായത്. എഴുതിക്കൊടുക്കാതെ നേരാംവണ്ണം ഒന്നും പറയാൻ ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയിൽ പിണറായിക്ക് കഴിയില്ല.

മകളും മരുമകനും താനും ഉൾപ്പെടുന്ന നിരവധിയായ അഴിമതി കേസുകളുടെ വരുംവരായ്കകൾ മനസ്സിൽ ഓടുന്ന ഒരു മനുഷ്യന്റെ വാർദ്ധക്യ സഹജമായ നിസ്സഹായതയാണ് നമ്മൾ തിരിച്ചറിയേണ്ടത്. ആഞ്ഞടിക്കാൻ ഒരു പ്രതിപക്ഷ ഉപ നേതാവ് കൂടി ആയിക്കോട്ടെ എന്ന് കരുതാൻ ആ വൃദ്ധ മനസ്സ് ഇപ്പോഴും സമ്മതിക്കാത്തതും അതുകൊണ്ടുതന്നെ.

കമ്മ്യൂണിസ്റ്റ് ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിൻ പടുത്തുയർത്തിയ ഉരുക്കുകോട്ടയിൽ വിള്ളലിട്ട് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് തന്നെ കാരണക്കാരനായ ഒരു ഗോർബച്ചേവ് ചരിത്രത്തിൽ ഉള്ളപ്പോൾ, ഇവിടെ സി.പി.എം എന്ന പ്രസ്ഥാനത്തിന്റെ ഉരുക്കു കോട്ടയിൽ വിള്ളൽ വീണു തുടങ്ങിയെങ്കിൽ അതിന് ഉത്തരവാദി ആര് എന്ന് കാലം വിധിയെഴുതട്ടെ.

പ്രിജിത്ത് രാജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam