ഹോർമൂസ് കടലിടുക്കിൽ കാത്തുകിടക്കുന്ന എണ്ണക്കപ്പലുകളെ പോലെയാണ് പുതിയ യു.ഡി.എഫ് സർക്കാരിന്റെ നയപരിപാടികൾ. എതിർപ്പുകളുടെ തീയുണ്ടകൾ താണ്ടി വേണം ഒരോന്നിനും മറുകര കാണാൻ. വിവാദങ്ങൾ കുത്തിനിറച്ച യാനങ്ങളാണ് വി.ഡി. സതീശന്റെ ഒന്നര മാസത്തെ ഭരണത്തിനിടയിൽ നിയമനിർമ്മാണ സഭയിൽ വന്നടുത്തത്.
പ്രതിപക്ഷ എതിർപ്പുകൾ പുറം കാലുകൊണ്ട് തട്ടിയകറ്റുന്ന സതീശൻ ശൈലി ഇതിനോടകം ചർച്ചയാകുമ്പോൾ, നമ്മൾ എന്നും ഓർക്കുന്ന ഒരു നേതാവിന്റെ മുഖം തെളിഞ്ഞുവരുന്നു; സാക്ഷാൽ ലീഡർ എന്ന കെ.കരുണാകരൻ !
കേരള രാഷ്ട്രീയത്തിൽ അടിയുറച്ച ഭരണനേതൃത്വവും കർശനമായ അച്ചടക്കവും നടപ്പാക്കിയ നേതാവെന്ന നിലയിൽ കെ. കരുണാകരനെ ചിലർ 'ഏകാധിപതി' എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ, ജനകീയനായ നേതാവും യു.ഡി.എഫ്. എന്ന മുന്നണിയുടെ ശില്പിയുമായി അദ്ദേഹത്തെ കാണുന്നവരുമുണ്ട്.
1975ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ കേരളത്തിലെ ആഭ്യന്തരമന്ത്രിയായിരുന്നു അദ്ദേഹം. ആ സമയത്ത് പ്രതിപക്ഷത്തെയടക്കം അടിച്ചമർത്താനും ശക്തമായ പോലീസ് നടപടികൾ നടപ്പാക്കാനും അദ്ദേഹം മുന്നിൽ നിന്നു.
അടിയന്തരാവസ്ഥക്കാലത്ത് കാണാതായ പി. രാജൻ എന്ന എഞ്ചിനീയറിങ് കേളേജ് വിദ്യാർത്ഥിയുടെ മരണത്തിൽ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്റെ പങ്ക് വലിയ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും കാരണമായിരുന്നു.
കോൺഗ്രസ് പാർട്ടിയിലും അദ്ദേഹം നേതൃത്വം നൽകിയ 'ഐ' ഗ്രൂപ്പിലും സ്വന്തം തീരുമാനം നടപ്പാക്കുന്നതിൽ അദ്ദേഹം കർക്കശക്കാരനായിരുന്നു. എന്നാൽ,നേട്ടങ്ങളും ജനപ്രീതിയും 'ലീഡർ' എന്ന വിളിപ്പേരിന് അദ്ദേഹത്തെ അർഹനാക്കി.
കേരള രാഷ്ട്രീയത്തിൽ പാർട്ടി ഭേദമന്യേ കെ.കരുണാകരൻ 'ലീഡർ' എന്ന് അറിയപ്പെട്ടു. നാല് തവണ കേരള മുഖ്യമന്ത്രിയായി അദ്ദേഹം.
ഭരണകാര്യങ്ങളിലും പാർട്ടിയിലെ ഗ്രൂപ്പ് കളികളിലും അദ്ദേഹം പുലർത്തിയ കർശനമായ നിലപാടുകളാണ് അദ്ദേഹത്തെ ഏകാധിപതിയെന്ന് വിമർശിക്കാൻ പലരെയും പ്രേരിപ്പിച്ചത്. അതേസമയം, ശക്തനായ ഭരണാധികാരിയെന്ന നിലയിലാണ് അദ്ദേഹത്തിന്റെ അനുയായികൾ അദ്ദേഹത്തെ ഓർക്കുന്നത്.
അത്തരം ഒരു തലത്തിലേക്ക് വി.ഡി. സതീശൻ ഉയരുമോ, അതിനുള്ള ബാല്യം അദ്ദേഹത്തിനുണ്ടോ എന്നത് ഒരു പ്രധാന ചോദ്യമാണ്.
സതീശ ശൈലി
കരുത്ത് കാട്ടുമ്പോഴും, അത് അണികളെയും പൊതുജനത്തെയും ബോധ്യപ്പെടുത്താൻ കഴിഞ്ഞിരുന്നു എന്നതാണ് ലീഡർ കരുണാകരന്റെ സവിശേഷത. അതിന് പാർട്ടിയിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ ഒരു സൈന്യം അദ്ദേഹത്തിന്റെ കരുത്തായിരുന്നു.
അത്തരമൊരു സൈന്യമോ അനുയായികളോ തനിക്കുണ്ടോ എന്ന് തുടക്കക്കാരൻ എന്ന നിലയിൽ ചുരുങ്ങിയ പക്ഷം സതീശൻ ചിന്തിക്കേണ്ടതുണ്ട്. കാരണം, പാളയത്തിൽ പട നടത്താൻ കോപ്പുകൂട്ടുന്ന ഒരു സംഘം മൂത്ത നേതാക്കളുള്ള പ്രസ്ഥാനത്തിലാണ് സതീശന്റെ നിൽപ്പ് എന്നത് പ്രധാനമാണ്.
അധികാരത്തിലേറി ഒന്നരമാസം തികയും മുൻപ് പാർട്ടിയിലും മുന്നണിയിലും മുഖ്യമന്ത്രി വി.ഡി. സതീശൻ ഒറ്റപ്പെടുന്നുണ്ടോ?
മദ്യനയത്തിൽ കൈപൊള്ളിയ സതീശനെതിരെ, നേരത്തേ അദ്ദേഹത്തെ പിന്തുണച്ച് ഒപ്പം നിന്ന പാർട്ടിയിലെ മുതിർന്ന നേതാക്കളും രംഗത്തെത്തി. പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യാതെ ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നു എന്ന വിമർശനം തുടക്കത്തിലേ അദ്ദേഹം കേൾപ്പിക്കരുതായിരുന്നു.
നയപരമായ കാര്യങ്ങളിൽ ഉൾപ്പെടെ പാർട്ടിയിൽ യാതൊരു കൂടിയലോചനകളും ഇല്ലാതെയാണ് മുഖ്യമന്ത്രി തീരുമാനങ്ങളെടുക്കുന്നത് എന്നതാണ് പ്രധാന വിമർശനം. മദ്യനയം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഏകാധിപത്യപരമായ നിലപാട് സ്വീകരിച്ച് സതീശൻ മുന്നോട്ടുപോകുന്നതാണ് വി.എം. സുധീരനെ പോലെ ആദർശത്തിന്റെ അസ്‌കിതയുള്ള നേതാക്കളെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിത്തർക്കത്തിൽ ഉൾപ്പെടെ സതീശനൊപ്പം നിന്ന നേതാക്കൾ പലരും സതീശനെതിരെ രംഗത്തെത്തിയത് വളരെ പെട്ടെന്നാണ്.
മദ്യനയം യു.ഡി.എഫുമായി മുന്നേ ചർച്ച ചെയ്ത് തീരുമാനിക്കണമായിരുന്നെന്നും സുധീരൻ നിലപാടെടുത്തു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവിൽ യു.ഡി.എഫ് തീരുമാനമെടുക്കുമെന്ന് എക്‌സൈസ് മന്ത്രി എം.ലിജുവിന് വ്യക്തമക്കേണ്ടിവന്നു. വിഷയത്തിൽ തന്റെ വ്യക്തിപരമായ അഭിപ്രായത്തിന് പ്രസക്തിയില്ലെന്നും ഏത് മദ്യ വില്പനയും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണമെന്നും ലിജു പറഞ്ഞതിന് അർത്ഥം ലിജുവിനെ സതീശൻ സൈഡ് ആക്കി എന്ന് തന്നെ!
മുന്നണിയിൽ ചർച്ച ചെയ്യാതെ മദ്യനികുതി കുറയ്ക്കില്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും വ്യക്തമാക്കിയതോടെ പ്രതിഷേധത്തിന്റെ വീര്യം സതീശൻ തിരിച്ചറിയേണ്ടതായിരുന്നു. തീരുമാനങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകൾക്കും അതൃപ്തിയുണ്ടെന്ന വിവരങ്ങൾ അറിയാത്ത ആളല്ല മുഖ്യമന്ത്രി.
'ടീം യു.ഡി.എഫ്' എന്ന് പേരുപറഞ്ഞ് അധികാരത്തിൽ വന്നതിനു ശേഷം, ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നും അത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിക്കപ്പെടുമ്പോൾ അതിനെ കണ്ടില്ലെന്ന് വയ്ക്കുന്നത് പ്രതികരണശേഷിയുള്ള ജനത വസിക്കുന്ന ഒരു പ്രദേശത്ത് എത്രനാൾ വിലപ്പോകുമെന്ന്
ചിന്തിക്കേണ്ടത് ജനവും പാർട്ടിയും ചേർന്ന് കസേരയിൽ ഇരുത്തിയ നേതാവ് തന്നെയാണ്.
പാർട്ടിയോട് ആലോചിച്ചു വേണം കാര്യങ്ങൾ ചെയ്യാൻ എന്ന് ഹൈക്കമാൻഡ് വടിയെടുക്കുന്നത് വരെ കാര്യങ്ങൾ സതീശൻ കൊണ്ടെത്തിക്കരുതായിരുന്നു എന്ന് മാത്രമേ വോട്ടർമാർക്ക് പറയാനുള്ളൂ.
പ്രിജിത്ത് രാജ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
