ശതകോടീശ്വരന്മാര്‍ ബ്രിട്ടന്‍ വിടാന്‍ കാരണമെന്ത്?

MAY 27, 2025, 2:54 AM

ശതകോടീശ്വരന്മാരുടെ നഗരങ്ങളാണ് ന്യൂയോര്‍ക്കും പാരിസും ലണ്ടനുമൊക്കെ. ഈ ഗണത്തിലേക്ക് കൂറേ കാലമായി ദുബായും സ്ഥാനം പിടിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി കോടീശ്വരന്മാരുടെ ഇഷ്ട നഗരങ്ങളുടെ പട്ടികയില്‍ നിന്ന് ലണ്ടന്‍ പടിയിറങ്ങി വരികയാണ്. ലണ്ടന്‍ മാത്രമല്ല ബ്രിട്ടനെ മൊത്തമായി ഒഴിവാക്കാന്‍ താല്‍പ്പര്യപ്പെടുകയാണത്രെ മിക്ക ധനികരും.

ബ്രിട്ടന്‍ ഒഴിവാക്കി മറ്റേതെങ്കിലും രാജ്യത്തേക്ക് പോകാം എന്ന് കോടീശ്വരന്മാര്‍ തീരുമാനിക്കാന്‍ പ്രധാന കാരണം, സമീപകാലത്ത് ബ്രിട്ടീഷ് ഭരണകൂടം നടപ്പാക്കിയ നികുതി പരിഷ്‌കാരമാണ്. അതേസമയം യുഎഇയിലേക്ക് കൂടുതല്‍ കോടീശ്വരന്മാര്‍ വരുന്നതിന് കാരണം അവിടെയുള്ള നികുതി ഇളവുകളാണ്. ബ്രിട്ടന്‍ ഒഴിവാക്കി യുഎഇ തിരഞ്ഞെടുത്തിരിക്കുകയാണ് ശ്രാവിണ്‍ ഭാരതി മിത്തല്‍.

ഇന്ത്യയിലെ സമ്പന്നരായ മിത്തല്‍ കുടുംബത്തിലെ അംഗമാണ് 37 കാരനായ ശ്രാവിണ്‍ മിത്തല്‍. സുനില്‍ ഭാരതി മിത്തലിന്റെ മകനായ അദ്ദേഹം വര്‍ഷങ്ങളായി ബ്രിട്ടനിലാണ് താമസവും ബിസിനസും. ബ്രിട്ടനിലെ പ്രമുഖ ടെലികോം കമ്പനിയായ ബിടി ഗ്രൂപ്പിന്റെ പ്രധാന ഓഹരി ഉടമകളില്‍ ഒരാളാണ് ഈ യുവാവ്. ഇദ്ദേഹം യുഎഇയിലേക്ക് താമസം മാറ്റി എന്നതാണ് ഇതുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത.

വിദേശ വംശജരായ കോടീശ്വരന്മാര്‍ക്ക് ബ്രിട്ടനില്‍ നികുതി കാര്യത്തില്‍ ലഭിച്ചിരുന്ന സംരക്ഷണം അടുത്തിടെ എടുത്തു മാറ്റിയിരുന്നു. ലണ്ടന്‍ കേന്ദ്രമായി ശ്രാവിണ്‍ രൂപീകരിച്ച അണ്‍ബൗണ്ട് എന്ന നിക്ഷേപ കമ്പനിയുടെ ബ്രാഞ്ച് ഇപ്പോള്‍ അബുദാബിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ശ്രാവിണ്‍ ലണ്ടന്‍ വിട്ട് യുഎഇയിലേക്ക് താമസം മാറിയതിന്റെ സൂചനയായി മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങളില്‍ ഒന്നാണ് കമ്പനിയുടെ രജിസ്ട്രേഷന്‍.

ബ്രിട്ടനിലെ നികുതി പരിഷ്‌കാരം

ബിടി ഗ്രൂപ്പിന്റെ 24.5 ശതമാനം ഓഹരി മിത്തല്‍ കുടുംബത്തിന്റെ നിയന്ത്രണത്തിലാണ്. ഭാരതി ഗ്ലോബല്‍ ഹോള്‍ഡിങ്സ് വഴിയാണ് കുടുംബം ഈ ഓഹരികള്‍ നിയന്ത്രിക്കുന്നത്. ഏകദേശം 2720 കോടി ഡോളറിന്റെ മൂല്യമുള്ളതാണ് ഈ നിക്ഷേപം. അതുകൊണ്ടുതന്നെ ശ്രാവിണ്‍ ലണ്ടന്‍ വിട്ട് യുഎഇയിലേക്ക് താമസം മാറുന്നത് ബ്രിട്ടന് തിരിച്ചടിയാണ്. യുഎഇക്ക് നേട്ടവും. നികുതി പരിഷ്‌കരണം കാരണം നേരത്തെയും ചില കോടീശ്വരന്മാര്‍ ബ്രിട്ടന്‍ വിട്ട് പോയിരുന്നു.

അതിസമ്പന്നരായ പൗരന്മാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ബ്രിട്ടന്‍ അടുത്ത കാലം വരെ നികുതി ഇളവ് നല്‍കിയിരുന്നു. 15 വര്‍ഷം വരെ ഇക്കാര്യത്തില്‍ ഇളവ് ലഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ മാറ്റം വന്നിരിക്കുകയാണ്. ഏപ്രില്‍ മുതല്‍ ഇത്തരക്കാര്‍ക്ക് നികുതി ചുമത്തുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും ആദായ മാര്‍ഗമുള്ള മിത്തല്‍ കുടുംബത്തെ പോലുള്ളവര്‍ക്ക് വലിയ തിരിച്ചടിയാണ് ബ്രിട്ടന്റെ പുതിയ തീരുമാനം.

എതുകൊണ്ട് യുഎഇ?

അമേരിക്കയിലുള്ള വരുമാനത്തിനും ഫ്രാന്‍സിലുള്ള വരുമാനത്തിനും ഇന്ത്യയിലുള്ള വരുമാനത്തിനുമെല്ലാം ബ്രിട്ടനില്‍ നിശ്ചിത നികുതി കൊടുക്കേണ്ട സാഹചര്യം വ്യവസായികള്‍ക്ക് വലിയ തിരിച്ചടിയാകും. ഒന്നിലധികം രാജ്യങ്ങളില്‍ നികുതി കൊടുക്കേണ്ട അവസ്ഥയാണ് അവരെ മാറ്റി ചിന്തിപ്പിക്കുന്നത്. എന്നാല്‍ യുഎഇയിലേക്ക് എന്തുകൊണ്ട് ആകര്‍ഷിക്കപ്പെടുന്നു എന്ന ചോദ്യവുമുണ്ട്. അവിടെയാണ് യുഎഇ നല്‍കുന്ന നികുതി ഇളവ് ചര്‍ച്ചയാകുക.

യുഎഇയില്‍ വ്യക്തിഗത ആദായ നികുതിയില്ല. മൂലധന നികുതിയുമില്ല. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ യുഎഇ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുമുണ്ട്. അതിലൊന്നാണ് 10 വര്‍ഷം താമസ അനുമതി നല്‍കുന്ന ഗോള്‍ഡന്‍ വിസ തന്നെയാണ്. അതിസമ്പന്നരായ വ്യക്തികള്‍ യുഎഇയിലേക്ക് താമസം മാറുമ്പോള്‍ നടപടികള്‍ ലളിതവുമാണ്. യുഎഇയിലേക്ക് കോടീശ്വരന്മാര്‍ താമസം മാറ്റുന്നു എന്നത് പ്രധാന കാര്യമാണ്. എന്നാല്‍ ബ്രിട്ടന്‍ വിട്ട് കോടീശ്വരന്മാര്‍ പോകുന്നു എന്നതും വലിയ ചര്‍ച്ചയാണിന്ന്. ഇതുവഴി ബ്രിട്ടന്റെ വരുമാനത്തില്‍ വലിയ ഇടിവ് സംഭവിക്കുമെന്ന ആശങ്കയും സാമ്പത്തിക നിരീക്ഷകര്‍ പങ്കുവയ്ക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam