റോയിട്ടേഴ്‌സിന്റെ സമൂഹമാധ്യമ അക്കൗണ്ട് വിലക്കിയത് ആരാണ്..

JULY 9, 2025, 5:52 AM

നവമാധ്യമമായ എക്‌സ് പറയുന്നത് വിശ്വസിക്കാമെങ്കിൽ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പും ഭീതിയും എത്രമാത്രം വളർന്നിരിക്കുന്നവെന്നു കാണാനാകും. വാർത്ത ഏജൻസികളുടെ ചരിത്രത്തിൽ ഏറെ വിശ്വസനീയമായ, വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന റോയിട്ടേഴ്‌സിനെ എക്‌സ് വിലക്കിയത് കേന്ദ്രം ആവശ്യപ്പെട്ടിട്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.

ഇന്ത്യയിലിന്ന് ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങുന്നത് നാലാം തൂണെന്നു വിശേഷിപ്പിക്കുന്ന മാധ്യമരംഗമാണ്. മാധ്യമങ്ങൾ അങ്ങിനെയൊരു ഔപചാരികമായ തൂണേയല്ല എന്നതാണ് സത്യം..! നിയമ നിർമ്മാണസഭ, നീതിപാലന സംവിധാനം, ഭരണനിർവഹണ സംവിധാനം എന്നിവയാണ് ജനാധിപത്യ സമൂഹത്തെ നിലനിർത്തുന്ന പ്രധാന തൂണുകൾ. അതിനു പുറമെ ജനസമൂഹം ഒരു ശക്തമായ സാന്നിദ്ധ്യമായി കാലാകാലങ്ങളിൽ നിലകൊണ്ടിരുന്നു. അവ പലപ്പോഴും സംഘടിതമായി നിലപാടെടുക്കുകയും ഭരണ സംവിധാനത്തെ തിരുത്താനും അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ വേണ്ട ഇടപെടലുകൾ നടത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. 

അങ്ങനെ പൊതുസമൂഹം ശക്തമായ ഒരു സാന്നിദ്ധ്യമായി. സമൂഹത്തെ പ്രധാനമായി പ്രതിനിധീകരിച്ചത് മാധ്യമങ്ങൾ തന്നെയാണ്. അതിനായി  സമൂഹത്തിന്റെ പ്രതിനിധി എന്ന നിലയിലാണ് ജനാധിപത്യ സമൂഹത്തിൽ മാധ്യമങ്ങളുടെ സ്ഥാനം. ഒരുകാലത്ത് ഇത് രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഭരണാധികാരികളം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ജവഹർലാൽ നെഹ്‌റു അതിന്റെ നല്ലൊരു മാതൃകയാണ്. അദ്ദേഹം എന്നും മാധ്യമങ്ങൾക്ക് പ്രാപ്തനായിരുന്നു. നെഹ്‌റു അടക്കമുള്ള ആദ്യകാല ഇന്ത്യൻ ദേശീയ നേതാക്കളുമായി വളരെ അടുപ്പം പുലർത്തിയ നിരവധി മാധ്യമ പ്രവർത്തകർ നമ്മുടെ ദേശീയതലസ്ഥാനത്തുണ്ടായിരുന്നു. പ്രതിപക്ഷത്തും ഉണ്ടായിരുന്നു.

vachakam
vachakam
vachakam

1956ൽ ഫിറോസ് ഗാന്ധി അവതരിപ്പിച്ച സ്വകാര്യ ബിൽ ആണ് പാർലമെന്ററി പ്രോസിഡിങ്ങ് എന്ന പേരിൽ ഇന്ത്യൻ പത്രസ്വാതന്ത്ര്യ ചരിത്രത്തിലെ നിർണായക നിയമമാക്കപ്പെട്ടത്. എന്നാൽ 1975ൽ അടിയന്തരാവസ്ഥ കാലത്ത് ഇന്ദിരാ ഗാന്ധി ഈ നിയമം റദ്ദാക്കുകയാണുണ്ടായത്. ഇന്നിപ്പോൾ സ്ഥിതിയാകെ മാറിയിരിക്കുന്നു. 

നവമാധ്യമമായ എക്‌സ് പറയുന്നത് വിശ്വസിക്കാമെങ്കിൽ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പും ഭീതിയും എത്രമാത്രം വളർന്നിരിക്കുന്നുവെന്നു കാണാനാകും. വാർത്ത ഏജൻസികളുടെ ചരിത്രത്തിൽ ഏറെ വിശ്വസനീയമായ, വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന റോയിട്ടേഴ്‌സിനെ എക്‌സ് വിലക്കിയത് കേന്ദ്രം ആവശ്യപ്പെട്ടിട്ടാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നു. ഇത് കേന്ദ്ര സർക്കാർ പറഞ്ഞതിന് വിരുദ്ധമാണ്. കഴിഞ്ഞ ജൂലൈ മൂന്നിന് റോയിട്ടേഴ്‌സിന്റെ സമൂഹമാധ്യമ അക്കൗണ്ട് വിലക്കാൻ കേന്ദ്രസർക്കാരാണു ആവശ്യപ്പെട്ടതെന്ന് എക്‌സ് ഇപ്പോൽ തുറന്ന് സമ്മതിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പറഞ്ഞതിനു വിരുദ്ധമാണ് വെളിപ്പെടുത്തൽ. അക്കൗണ്ട് വിലക്കാൻ എക്‌സിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണു കഴിഞ്ഞദിവസം കേന്ദ്ര ഐടി മന്ത്രാലയം വിശദീകരിച്ചത്.

ജൂലൈ മൂന്നിന് റോയിട്ടേഴ്‌സ് അക്കൗണ്ട് വിലക്കാൻ പുതിയ ഉത്തരവു നൽകിയിട്ടില്ലെന്ന് ഐടി മന്ത്രാലയം കഴിഞ്ഞ ദിവസമാണ് വിശദീകരണക്കുറിപ്പിറക്കിയത്. രാജ്യാന്തര വാർത്താ ഏജൻസികളെ വിലക്കാൻ സർക്കാരിന് ഉദ്ദേശ്യമില്ല. റോയിട്ടേഴ്‌സിനെ വിലക്കിയത് അറിഞ്ഞയുടൻ അതു നീക്കണമെന്നു സർക്കാരാണ് എക്‌സിനോട് ആവശ്യപ്പെട്ടത്. സാങ്കേതികത്വം പറഞ്ഞു വിലക്കു നീക്കുന്നത് വൈകിച്ചു എന്ന ആക്ഷേപവുമുണ്ട് സർക്കാരിനത്രെ..! ഒടുവിൽ നിരന്തരപ്രയത്‌നം തന്നെ നടത്തിയിട്ടാണ് 21 മണിക്കൂറോളം വൈകി അൺബ്ലോക്ക് ചെയ്തതെന്നുമാണ് സർക്കാരിന്റെ അവകാശവാദം.

vachakam
vachakam
vachakam

ഇന്ത്യയിൽ തുടരുന്ന മാധ്യമ സെൻസർഷിപ്പിൽ ആശങ്കയുണ്ടെന്ന് എക്സ്സ് ചൂണ്ടിക്കാട്ടുകയും ചെയ്തിരിക്കുന്നു. സർക്കാർ ഇടപെടലിനെതിരെ നിയമനടപടിക്കുള്ള സാധ്യത പരിശോധിക്കുകയാണെന്നും കൂടി അവർ പറയുന്നു.കഴിഞ്ഞ ജൂലൈ മൂന്നിനാണ് റോയിട്ടേഴ്‌സിന്റേതടക്കം 2355 അക്കൗണ്ടുകൾ വിലക്കാൻ കേന്ദ്രം ഉത്തരവിട്ടതെന്ന് എക്‌സ് പറയുന്നു. അതു പാലിച്ചില്ലെങ്കിൽ ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്നായിരുന്നു മുന്നറിയിപ്പ്. ഒരു മണിക്കൂറിനുള്ളിൽ വിലക്കണമെന്നായിരുന്നു നിർദേശം.

പ്രതിഷേധമുയർന്നതോടെ സർക്കാർതന്നെ ആവശ്യപ്പെട്ടതിനാൽ വിലക്ക് നീക്കിയെന്നാണു കമ്പനിയുടെ വിശദീകരണം, ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ്, ടർക്കിഷ് പബ്ലിക് ബ്രോഡ്കാസ്റ്റിങ് സ്ഥാപനമായ ടിആർടി വേൾഡ് എന്നിവയുടെ വിലക്കും ഇതിനൊപ്പം നീക്കിയിട്ടുണ്ട്.
സർക്കാരിന്റെ ഇത്തരം പ്രവൃത്തികളെ എങ്ങിനെയാണ് ന്യായീകരിക്കാൻ കഴിയുക..? റോയിട്ടർ പോലൊരു വിശ്വസിനീയമായ മാധ്യമ സഥാപനത്തെപ്പോലും ഉൾകൊള്ളാൻ സർക്കാരിന് കഴിയുന്നില്ല. വാർത്താ ഏജൻസികളുടെ ചരിത്രത്തിൽ പ്രമുഖസ്ഥാനമാണ് എന്നും റോയിട്ടേഴ്‌സിനുള്ളത്. 

വാർത്താ വിതരണരംഗത്ത് റോയിട്ടേഴ്‌സിന്റെ സ്ഥാപകനായ പോൾ ജൂലിയസ് റോയിട്ടറിനെപ്പോലെ പ്രവൃത്തിച്ചിട്ടുള്ള വ്യക്തികൾ ആരും ഇല്ലെന്ന് തീർത്തു പറയാൻ കഴിയും. 1816ൽ ജർമ്മനിയിലെ കാസ്സൽ നഗരത്തിൽ ഒരു ജൂതകുടുംബത്തിൽ റോയിട്ടർ ജനിച്ചു. പതിമൂന്നാം വയസ്സിൽ പിതാവിനെ നഷ്ടപ്പെട്ടു. കുടുംബഭാരം അങ്ങിനെ റോയിട്ടറുടെ തലയിലായി. അക്കാലത്ത് പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ഗ്ലോസിനെ പരിചയപ്പെടുകയും കമ്പി മുഖേന സന്ദേശങ്ങൾ അയയ്ക്കുന്ന കാര്യത്തിൽ അദ്ദേഹം നടത്തിവന്ന പരീക്ഷണങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു.

vachakam
vachakam
vachakam

1845ൽ ഒരു പുസ്തകക്കടയുടെ പങ്കാളിയായി. പുസ്തക വിൽപ്പന അദ്ദേഹത്തിന് ഏറെക്കഴിയും മുമ്പേ മടുപ്പുതോന്നിത്തുടങ്ങി.വ്യാപാരികളും ബാങ്കർമാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയും മറ്റു രാജ്യങ്ങളിലേയും കമ്പോള നിലവാരമറിയുവാൻ വെമ്പൽ പൂണ്ടവരായിരുന്നു. അവർക്ക് വേണ്ട വിവരങ്ങളത്രയും ശേഖരിച്ച് വിറ്റാലെന്തെന്ന് റോയിട്ടർ ചിന്തിച്ചു. സത്യത്തിൽ ആ ചിന്തയിൽ നിന്നാണ് ലോകത്ത ആദ്യത്തെ വാർത്താ ഏജൻസി എന്ന ആശയം രൂപം കൊണ്ടത്. പിന്നെ ഒട്ടും മടിച്ചില്ല പുസ്തകശാലയിലെ ഓഹരികൾ മുഴുവൻ വിറ്റിട്ട് 1849ൽ അദ്ദേഹം ഐക്‌സ് നഗരത്തിൽ ഒരു ഓഫീസ് തുറന്നു. ഇരുപതു ജോഡി പ്രാവുകളായിരുന്നു മൂലധനം.

1865 ആയപ്പോഴേക്കും റോയിട്ടേഴ്‌സ് ഒരാളിനെക്കൊണ്ട് മാത്രം നിയന്ത്രിക്കാൻ കഴിയാത്ത സ്ഥാപനമായി വളർന്നുകഴിഞ്ഞിരുന്നു. പ്രവർത്തനം വിപുലീകരിക്കുന്നതിനു കൂടുതൽ പണവും മറ്റും അവശ്യമായി വന്നു. അങ്ങിനെ കൂടുതൽ പാർട്ട്ണർമാരെ ചേർത്ത്  റോയിട്ടർ കമ്പനി വിപുലീകരിക്കുകയാണുണ്ടായത്.

എന്തായാലും റോയിട്ടേഴ്‌സിന വരുതിയിലാക്കാൻ സർക്കാരിന് കഴിയില്ലെന്നുറപ്പായ സാഹചര്യത്തിലാണ് ഈ മലക്കം മറിച്ചിൽ. അന്താരാഷ്ട്രതലത്തിൽ ലോക പത്രസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ 180 ൽ 151-ാം സ്ഥാനത്തേക്ക് ഉയരുന്ന കാഴ്ചയും കാണാനായി. ജനാധിപത്യ ഭരണത്തിനായുള്ള അന്താരാഷ്ട്ര ലാഭേച്ഛയില്ലാത്ത സംഘടനയായ റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് (ആർഡബ്ല്യുബി) തയ്യാറാക്കിയതാണ് ഈ റിപ്പോർട്ട്.

മനുഷ്യാവകാശത്തെ സംരക്ഷിക്കാനുള്ള കടമയുടെ ഭാഗമാണ് പത്ര സ്വാതന്ത്ര്യം. പത്രത്തിന്റെ കണ്ണിൽ നിന്ന് ഒന്നും മറച്ചു വയ്ക്കാനാവില്ലെന്ന വലിയ വിശ്വാസം. മനുഷ്യത്വം വെല്ലുവിളിക്കപ്പെടുന്ന എല്ലാ ഇടങ്ങളിലും നിലവിളികൾക്ക് കാതോർക്കാൻ മാധ്യമ പ്രവർത്തകർക്ക് അവകാശമുണ്ട്. വാർത്തകൾക്കു പിന്നാലെ സഞ്ചരിച്ച് ഓരോ വർഷവും ലോകത്ത് കൊല്ലപ്പെടുന്ന പത്രപ്രവർത്തകരുടെ എണ്ണം ഭീതിതമാണ്. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം ഏറ്റവും ദുഷ്‌കരമായ അവസ്ഥയിലൂടെയാണുകടന്നുപോവുന്നതെന്നറിയുക.

എമ എൽസ എൽവിൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam