സൗദി അറേബ്യയ്ക്ക് വരുമാനം കൊണ്ടുവരുന്ന പ്രധാന സ്രോതസാണ് എണ്ണ കമ്പനിയായ അരാംകോ. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്ന കമ്പനിയും ഇത് തന്നെയാണ്. മിക്ക രാജ്യങ്ങളുമായും കമ്പനിക്ക് എണ്ണ ഇടപാടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും കോടികള്‍ വരുമാനം കൊയ്തിരുന്ന കമ്പനിയുടെ സമീപകാലത്തെ ഗ്രാഫ് മികച്ചതല്ല.
സൗദി അരാംകോയുടെ കാര്യത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ലാഭത്തില്‍ ഇടിവ് വന്നിട്ടുണ്ട്. ഈ വിവരം പുറത്തുവന്നതിന് പിന്നാലെ അരാംകോയുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എണ്ണ വില കുറഞ്ഞതാണ് അരാംകോയ്ക്ക് തിരിച്ചടിയായത്. അതുകൊണ്ടുതന്നെ ലാഭവിഹിതവും ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. ഫണ്ട് കണ്ടെത്താന്‍ വ്യത്യസ്തമായ നീക്കം നടത്താന്‍ പോകുകയാണ് അരാംകോ.
അതിനായി ആസ്തികള്‍ വിറ്റ് ഫണ്ട് കണ്ടെത്താനാണ് അരാംകോയുടെ നീക്കം. റോയിട്ടേഴ്സ് ആണ് വിവരം പുറത്തുവിട്ടത്. കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്ന ചിലരെ ഉദ്ധരിച്ചാണ് വാര്‍ത്ത പുറത്തുവന്നത്. എന്നാല്‍ വിവരങ്ങള്‍ കൈമാറിയ ആരുടെയും പേര് പുറത്തുവിട്ടിട്ടില്ല. എങ്ങനെ ഫണ്ട് കണ്ടെത്താം എന്ന കാര്യത്തില്‍ ആശയങ്ങള്‍ നിക്ഷേപകരില്‍ നിന്ന് അരാംകോ ക്ഷണിച്ചിരുന്നു.
നിക്ഷേപകരുടെ നിര്‍ദേശ പ്രകാരമാണ് ആസ്തികള്‍ വില്‍ക്കാന്‍ ആലോചിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഏതൊക്കെ ആസ്തികളാണ് വില്‍പ്പന നടത്തുക എന്ന് വ്യക്തമായിട്ടില്ല. അരാംകോ ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതകരിച്ചിട്ടുമില്ല. ചെലവ് കുറയ്ക്കാനും വരുമാനം കൂട്ടാനുമുള്ള ആലോചനയാണ് അരാംകോയില്‍. ഇതിന്റെ ഭാഗമായി ജോലികള്‍ വെട്ടിക്കുറയ്ക്കുമോ എന്ന് വ്യക്തമല്ല.
വ്യോമയാനം, നിര്‍മാണം, കായികം എന്നീ രംഗങ്ങളിലെല്ലാം ഇടപെടുന്ന കമ്പനിയാണ് അരാംകോ. അതുകൊണ്ട് തന്നെ ഏത് മേഖലയിലാണ് ആസ്തികല്‍ വില്‍ക്കുക എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. മുമ്പും സമാനമായ രീതിയില്‍ ആസ്തി വില്‍പ്പന നടത്തി ഫണ്ട് കണ്ടെത്തിയ ചരിത്രം അരാംകോയ്ക്ക് ഉണ്ട്. എന്നാല്‍ അപ്പോഴൊന്നും എണ്ണയുമായി ബന്ധപ്പെട്ട ആസ്തികളില്‍ കാര്യമായി കൈവച്ചിട്ടില്ല.
അരാംകോ പെട്ടത് ഇങ്ങനെ
ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് അരാംകോയ്ക്ക വെല്ലുവിളി സൃഷ്ടിച്ചത്. ബാരലിന് 90 ഡോളര്‍ ചുരുങ്ങിയത് വേണം എന്നാണ് സൗദിയുടെ ആഗ്രഹം. അത്രയും വില ഉണ്ടെങ്കിലേ ബജറ്റ് പദ്ധതികള്‍ സൗദിക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കൂ. എന്നാല്‍ നിലവില്‍ 60-65 ഡോളറാണ് ബാരല്‍ വില. ഇങ്ങനെ പോയാല്‍ സൗദിയുടെ സാമ്പത്തിക ഞെരുക്കം വര്‍ധിക്കാനാണ് സാധ്യത. പല പദ്ധതികളും വെട്ടിച്ചുരുക്കേണ്ടി വന്നേക്കാം.
ഇതിനിടെയാണ് സൗദി എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചത്. വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തിയാല്‍ ഇനിയും വില കുറയുകയാണ് ചെയ്യുക. എന്നാല്‍ ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ എണ്ണയും വിപണിയില്‍ എത്തിക്കാനല്ല സൗദി ആലോചിക്കുന്നത്. പകരം, വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യത്തിന് വേണ്ടി ഉപയോഗിക്കാനാണ് പദ്ധതി. വരുന്ന മൂന്ന് മാസം സൗദിയില്‍ വൈദ്യുതി ആവശ്യം കുത്തനെ വര്‍ധിക്കും.
അതേസമയം, മറ്റു വരുമാന മാര്‍ഗങ്ങള്‍ കൂടി സൗദി അരാംകോ ആലോചിക്കുന്നുണ്ട്. വിദേശങ്ങളിലെ പ്രധാന കമ്പനികളുമായി സഹകരിച്ച് നിക്ഷേപം നടത്തുക, വിദേശ കമ്പനികളുടെ ഓഹരികള്‍ വാങ്ങുക തുടങ്ങിയ പദ്ധതികളും നടപ്പാക്കി വരികയാണ്. ചൈനയുടെ പ്രധാന എണ്ണ ശുദ്ധീകരണ ശാലകളില്‍ നിക്ഷേപിക്കാന്‍ സൗദി തീരുമാനിച്ചു. ചിലിയന്‍ ഇന്ധന വില്‍പ്പന കമ്പനിയായ എസ്മാക്സ്, അമേരിക്ക കേന്ദ്രമായുള്ള വാതക കമ്പനിയായ മിഡ് ഓഷ്യന്‍ എന്നിവിയിലും സൗദി അരാംകോ നിക്ഷേപിച്ചിട്ടുണ്ട്. ട്രംപ് അടുത്തിടെ സൗദിയിലെത്തിയപ്പോള്‍ 9000 കോടി ഡോളറിന്റെ 34 സുപ്രധാന കരാറുകളില്‍ അരാംകോ ഒപ്പുവച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്