ബുദ്ധിജീവികൾക്ക് രാഷ്ട്രീയത്തിൽ എന്തുകാര്യം?

FEBRUARY 11, 2026, 10:41 AM

ഭരണമൊക്കെ രാഷ്ട്രീയക്കാരുടെ കുത്തകയാണ്. അവർ രാഷ്ട്രീയപാർട്ടികൾക്ക് രൂപം കൊടുക്കും. തെരഞ്ഞെടുപ്പിൽ നിൽക്കും. വോട്ടുവാങ്ങും. വിജയിക്കും. അധികാരം കയ്യാളും. വോട്ടെടുപ്പിൽ ജയിക്കും വരെ അവർ ജനങ്ങളുടെ മുന്നിൽ തൊഴുതു നിൽക്കും. ജയിച്ചുകഴിഞ്ഞാൽ നേരെ തെക്കോട്ടു അധികാര സോപാനങ്ങളിലേക്കു വെച്ചടിക്കും. പിന്നെ അഞ്ചുകൊല്ലം കഴിഞ്ഞവേണം അവരെ ഒന്നുകൂടി കാണാനായി സൗകര്യം കിട്ടുന്നതിന്. 

ഇതൊക്കെ പൊതുവിലുള്ള കാര്യങ്ങൾ. ജനങ്ങൾക്ക് അതിൽ പരാതിയുമില്ല. അവർ സർക്കാരിൽ നിന്നോ അധികാരികളിൽ നിന്നോ കിട്ടേണ്ട ആനുകൂല്യങ്ങൾക്കും പെൻഷനും എന്തിനു റേഷൻ കാർഡ് കിട്ടുവാൻ പോലും ബന്ധപ്പെട്ട അധികാരികളുടെയും ഉദ്യോഗസ്ഥരുടെയും മുന്നിൽ ക്യൂ നിൽക്കും. കൈക്കൂലി വേണ്ടവർക്ക് കൈക്കൂലി കൊടുക്കും. വീണ്ടും വീണ്ടും നടക്കേണ്ടി വന്നാലും ആരോടും ഒരു പരാതിയും ഉന്നയിക്കില്ല. അതൊക്കെ തങ്ങളുടെ തലവിധി എന്നോർത്ത് സമാധാനിക്കും. ഏറിവന്നാൽ വല്ല പുണ്യവാളന്റെ പള്ളിയിലോ അമ്പലത്തിലോ ഒരു മെഴുകുതിരിയോ നേർച്ചയോ നൽകി ഭാഗ്യപരീക്ഷണം നടത്തും. അധികാരി കനിഞ്ഞില്ലെങ്കിൽ ദൈവമെങ്കിലും കനിയുമെന്ന പ്രതീക്ഷ. 

പൊതുജനം കഴുതയാണ് എന്ന ബോധ്യം അധികാരികൾക്കും ഉദ്യോഗസ്ഥർക്കും എന്നും ഉള്ളതാണ്. അതിനാൽ നാട്ടുകാരുടെ പരിഭവവും പരാതിയും അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ചില വിദ്യകൾ പയറ്റും. അരിയോ ഗോതമ്പോ മറ്റു സംഗതികളോ വാരിക്കോരി നൽകും. പെൻഷൻ വീട്ടിൽ കൊണ്ടുപോയി കൊടുക്കും. മന്ത്രിമാർ വരിനിന്നു നാട്ടുകാർക്ക് കിറ്റും ലോണും എല്ലാം കൊടുക്കുന്നത് പത്രത്തിലും ടിവിയിലും വരും. ജനത്തിനു സന്തോഷമാകും. അവർ പോളിങ് ബൂത്തിൽ പോയി  കൈമെയ് മറന്നു വോട്ടുകുത്തും.

vachakam
vachakam
vachakam

ഇതൊക്കെ നമ്മുടെ നാട്ടിൽ സ്ഥിരം കലാപരിപാടികളാണ്. കേരളത്തിൽ കിറ്റ് കൊടുത്തപ്പോൾ തമിഴ് നാട്ടിൽ മിക്‌സിയും സൈക്കിളും ഫാനും കൊടുത്തു. ബിഹാറിൽ കഴിഞ്ഞ തവണ നിതീഷ് കുമാർ ഒരുപടി കൂടി കടന്നു നാട്ടിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകൾ തെരഞ്ഞു പിടിച്ചു ഓരോരുത്തർക്കും പതിനായിരം രൂപ വീതം ഇനാമായി നൽകി. കാൽനൂറ്റാണ്ടായി ബീഹാർ ഭരിക്കുന്ന നിതീഷ് ഇത്തവണ തോറ്റു തൊപ്പിയിടും എന്നാണ് നിരീക്ഷകർ നേരത്തെ പ്രവചിച്ചത്. എന്നാലോ, വോട്ട് എണ്ണിയപ്പോൾ ടിയാൻ വീണ്ടും ജയിച്ചു. പതിനായിരം ഉറുപ്പിക കയ്യിൽ കിട്ടിയാൽ ആരാണ് വോട്ടു ചെയ്യാത്തത്?

എന്നാൽ ബുദ്ധിജീവികളെ അങ്ങനെ എളുപ്പത്തിൽ വിലക്കെടുക്കാൻ കഴിയില്ല. അധികാരികളും ജനപ്രതിനിധികളും വാങ്ങുന്ന ശമ്പളമെത്ര, അവരുടെ ഉത്തരാദിത്വങ്ങൾ എന്ത്, അവർക്കു കിട്ടുന്ന ആനുകൂല്യങ്ങൾ എന്ത്, അവർ ഏർപ്പെടുന്ന അഴിമതി ഇടപാടുകൾ എന്തൊക്കെ, അതിന്റെ പേരിൽ നാടിനു വരുന്ന നഷ്ടം എന്ത് ... ഇങ്ങനെ ഭരണവും അധികാരവും സംബന്ധിച്ച കാര്യങ്ങളിൽ എല്ലാം അവർക്കു നല്ല അവഗാഹമുണ്ട്. അതിനാൽ ബുദ്ധിജീവികളെ കൂടെനിർത്താൻ സർക്കാരും രാഷ്ട്രീയക്കാരും വലിയ ശ്രമം നടത്താറുമുണ്ട്. 

എന്നിരുന്നാലും, അവർക്കു ബാങ്കിൽ പണം ഇട്ടുകൊടുത്താൽ ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്ന പോലെ ആയേക്കും. അതിനാൽ ബിഹാറിൽ നിതീഷ് ചെയ്ത മാതിരിയുള്ള പ്രയോഗങ്ങൾ ബുദ്ധിജീവികളുടെ കാര്യത്തിൽ ഫലിക്കില്ല. അവർക്കു ഗുണഭോജ്യങ്ങൾ കൊടുക്കുമ്പോൾ അതെല്ലാം ഗോപ്യമായി ഇരിക്കണം. ഇരുചെവി അറിയാൻ പാടില്ല. അല്ലെങ്കിൽ അവർക്കു കുറച്ചിലാവും.

vachakam
vachakam
vachakam

അതിനാൽ  ബുദ്ധിജീവികളെ കൂടെ നിർത്താൻ സർക്കാർ ആരംഭിച്ച പരിപാടിയാണ് അക്കാദമികൾ എന്ന പേരിൽ അറിയപ്പെടുന്നത്. സാഹിത്യകാരന്മാർക്കും സംഗീതക്കാർക്കും കരകൗശലക്കാർക്കും നാടകക്കാർക്കും സിനിമക്കാർക്കും ചിത്രകാരന്മാർക്കും കാർട്ടൂണിസ്റ്റുകൾക്കും പത്രക്കാർക്കും പത്രാധിപന്മാർക്കും പറ്റിയ തരത്തിലുള്ള അക്കാദമികൾ നാട്ടിലുണ്ട്. ഓരോരുത്തരെയും കുടിയിരുത്താൻ ആവശ്യമായ പദവികളും ലാവണങ്ങളുമുണ്ട് അവയിൽ ഓരോന്നിലും. അധ്യക്ഷൻ, ഉപാധ്യക്ഷൻ, സെക്രട്ടറി, എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, വെറും അംഗങ്ങൾ, വിശിഷ്ടാംഗങ്ങൾ, ആജീവനാന്ത അംഗങ്ങൾ... എന്നിങ്ങനെ പദവികൾ പലതാണ്.

എല്ലാത്തിനും ശമ്പളം, കിമ്പളം, കാറ്, അലവൻസ്, ബംഗ്‌ളാവ് എന്നിങ്ങനെ ആനുകൂല്യങ്ങൾ പലതരം.  അതെല്ലാം തരാതരം പോലെ എണ്ണിവാങ്ങി, മൃഷ്ടാന്നവും കഴിച്ചു ബുദ്ധിജീവികളും കവികളും കലാകാരന്മാരും യാത്രയാവും. അടുത്ത പരിപാടിക്കുള്ള ക്ഷണക്കത്ത് അധികം വൈകാതെ വരുമെന്നും അവർക്കറിയാം.  ഇതൊക്കെയാണെങ്കിലും ചിലപ്പോൾ അവർക്കു മനഃസാക്ഷിക്കുത്ത് ഉണ്ടായെന്നും വന്നേക്കും. അപ്പോൾ അവർ സത്യം വിളിച്ചു പറയും. അത്തരക്കാർ കാര്യങ്ങൾ വെട്ടിത്തുറന്നു പറയാൻ തുടങ്ങിയാൽ അധികാരക്കസേരയ്ക്കു ഇളക്കം വന്നു തുടങ്ങി എന്ന് കരുതിയാൽ മതി. ഉദാഹരണത്തിന് ബംഗാളിലേക്ക് നോക്കുക.

അന്നാട്ടിൽ ബുദ്ധിജീവികൾ എന്നും ഇടതുപക്ഷത്തിന്റെ കൂടെ ആയിരുന്നു. അവിടത്തെ പേരുകേട്ട കവികളും കലാകാരന്മാരും സിനിമാക്കാരും നാടകക്കാരും ഒക്കെ ഇടതുപക്ഷവുമായും പതിറ്റാണ്ടുകളായി നാടുഭരിച്ച സി.പി.ഐ(എം) എന്ന പാർട്ടിയുമായും വലിയ അടുപ്പമുള്ള കൂട്ടരായിരുന്നു. ബുദ്ധദേവ് ഭട്ടാചാര്യ അന്നാട്ടിലെ മുഖ്യമന്ത്രി മാത്രമല്ല, വലിയ കലാഹൃദയമുള്ള വ്യക്തിയും ആയിരുന്നു. അദ്ദേഹം പലപ്പോഴും കൊൽക്കത്തയിലെ ബംഗസദനിൽ പോയിരുന്നു കലാകാരന്മാർക്കൊപ്പം സിനിമയും പാട്ടും നാടകങ്ങളും ആസ്വദിച്ചിരുന്നു. 

vachakam
vachakam
vachakam

എന്നിട്ടും എന്തുപറ്റി? സിംഗുരിലും നന്ദിഗ്രാമിലും ഭൂമി പിടിച്ചെടുത്തു വ്യവസായികൾക്ക് കൈമാറാൻ ബുദ്ധദേവ് സർക്കാർ ശ്രമിച്ചപ്പോൾ ജനം ഇളകി. അവരെ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. നമ്മുടെ മുഖ്യമന്ത്രി ഒരിക്കൽ സൂചിപ്പിച്ച ജീവൻരക്ഷാ സേനയെ അങ്ങോട്ട് വിട്ടാൽ മതി. അവർ അത് കൈകാര്യം ചെയ്യും. ബംഗാളിലും ഹർമദ് സേന എന്നൊരു സംഘത്തെ രംഗത്ത് ഇറക്കിയിരുന്നു. അവർ നന്നായി ജനങ്ങളെ പെടക്കുകയും ചെയ്തു. എന്നാൽ ബുദ്ധിജീവികളെ അങ്ങനെ കൈകാര്യം ചെയ്യാൻ പറ്റില്ല. അതാണ് ബംഗാളിലെ അനുഭവം. മഹാശ്വേതാദേവി അടക്കമുള്ള എഴുത്തുകാർ അവിടെ സർക്കാരിന് എതിരെ തിരിഞ്ഞപ്പോൾ ബുദ്ധദേവ് വശംകെട്ടു പോയി. പിന്നെ സർക്കാർ അധികകാലം നിലനിന്നില്ല. സർക്കാർ മാത്രമല്ല, ബംഗാളിൽ പാർട്ടിയും അപ്രത്യക്ഷമായി.

അതൊന്നും കേരളത്തെ ബാധിക്കില്ല. ബംഗാളല്ല, ഇത് കേരളമാണ് എന്നാണ് സഖാക്കൾ അഭിമാനപൂർവം പറഞ്ഞുവന്നത്. എന്നാൽ കാര്യങ്ങൾ കുഴപ്പത്തിലാണ് എന്നതിന്റെ തെളിവ് ബുദ്ധിജീവി പ്രതികരണങ്ങളിൽ കാണാനുണ്ട്. അധികാരികളെ പാടിപ്പുകഴ്ത്തുകയാണ് എഴുത്തുകാരുടെ കടമ എന്ന് പ്രസംഗിച്ച എം. മുകുന്ദനെ ജനം നാറ്റിച്ചു വിട്ടു. അതോടെ സർക്കാറിനെ പുകഴ്ത്തുന്ന പരിപാടി പുകസയിലെ ചിലരുടെ മാത്രം കുത്തകയായി. പാർട്ടി തന്നെ നേരിട്ടു പദവി കൊടുത്തു സാഹിത്യ അക്കാദമിയിൽ ഇരുത്തിയ കവി സച്ചിദാനന്ദൻ അടക്കമുള്ളവരും ഇപ്പോൾ കാര്യങ്ങൾ വെട്ടിത്തുറന്നു പറയാൻ തുടങ്ങിയിരിക്കുന്നു.

സാറാ  ജോസഫ് അടക്കമുള്ള മറ്റു എഴുത്തുകാരും രംഗത്തുവരുന്നു. ടിവി ചർച്ചകളിൽ പാർട്ടിയുടെ കൊത്തുകോഴികൾ പലരും പുതിയ താവളങ്ങൾ തേടുന്നു. ഒരാൾ പോയത് ബി.ജെ.പിയിലേക്കെങ്കിൽ അടുത്തയാൾ ആർ.എസ്.പി എന്ന പാർട്ടിയിൽ ചേക്കേറി. ഇനിയും ഒരുപാടു പേർ കഴിയും വേഗം തടി എടുക്കാനുള്ള ശ്രമത്തിലാണ്. എന്താണ് അതിന്റെയൊക്കെ സൂചന? ഭൂമിയുടെ അന്തഃരംഗങ്ങളിൽ ഭൂകമ്പം, അല്ലെങ്കിൽ വിദൂരങ്ങളിൽ കൊടുംകാറ്റ് പോലെയുള്ള ദുരന്ത ലക്ഷണങ്ങൾ ഉയർന്നുതുടങ്ങുമ്പോൾ തന്നെ അതു പക്ഷിമൃഗാദികൾ അറിയാറുണ്ട്.

അതേപോലെ സമൂഹത്തിന്റെ അന്തഃരംഗങ്ങളിൽ നിന്നും പൊട്ടിയൊഴുകാൻ പോകുന്ന ദുരന്തങ്ങൾ  മുൻകൂട്ടി കണ്ടറിയാനുള്ള ശേഷി എഴുത്തുകാർക്കും കലാകാരന്മാർക്കുമുണ്ട് എന്നാണ് അനുഭവം. കേരളത്തിലും അവർ എന്തോ അശുഭ വർത്തമാനങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ് സമീപ കാലത്തെ സാംസ്‌കാരിക പ്രകമ്പനങ്ങളിൽ നിന്നും മനസ്സിലാക്കേണ്ടത്.

എൻ.പി.ചെക്കുട്ടി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam