കൊച്ചി: രാജ്യത്തെ ആദ്യത്തെ വെഡ്ഡിങ് ആൻഡ് മൈസ് ഉച്ചകോടി കൊച്ചിയിൽ സമാപിച്ചു. വെഡ്ഡിങ്, മൈസ് (മീറ്റിങ്സ്, ഇൻസെന്റീവ്സ്, കോൺഫറൻസസ്, എക്സിബിഷൻസ്) ടൂറിസം രംഗത്ത് കേരളത്തെ മുൻനിരയിൽ എത്തിക്കാൻ ഒരു സമഗ്ര നയരേഖ രൂപീകരിക്കണമെന്ന് സമാപന സമ്മേളനത്തിൽ ആവശ്യമുയർന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരള ട്രാവൽ മാർട്ട് (കെടിഎം) സൊസൈറ്റിയാണ് മൂന്നു ദിവസത്തെ ഉച്ചകോടി സംഘടിപ്പിച്ചത്.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കേരള ടൂറിസം ഡയറക്ടർ ശിഖാ സുരേന്ദ്രൻ, സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ മൈസ് പ്രൊമോഷൻ ബ്യൂറോകൾ സ്ഥാപിക്കാനുള്ള നിർദേശം പരിഗണിക്കുമെന്ന് അറിയിച്ചു. വെഡ്ഡിങ്, മൈസ് ടൂറിസത്തിനായി കേരളത്തെ ആഗോളതലത്തിൽ അവതരിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പ്രചാരണ പരിപാടികൾ ആവിഷ്കരിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി.
മൂന്നു ദിവസത്തെ ചർച്ചകളുടെ വിശദമായ റിപ്പോർട്ടും ഭാവിയിലേക്കുള്ള കർമ്മപരിപാടികളും കെടിഎം സൊസൈറ്റി സർക്കാരിന് സമർപ്പിക്കണമെന്ന് ശിഖാ സുരേന്ദ്രൻ അഭ്യർത്ഥിച്ചു. ഉച്ചകോടിയിൽനിന്നുള്ള നിർദേശങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും അവർ ഉറപ്പുനൽകി.
പ്രകൃതി സൗന്ദര്യവും സാംസ്കാരിക പൈതൃകവും മാത്രമല്ല, സർക്കാർ നൽകുന്ന പിന്തുണയും ടൂറിസം, ഹോട്ടൽ വ്യവസായ മേഖലയുടെ സഹകരണവുമാണ് കേരളത്തെ ഈ രംഗത്ത് മുന്നോട്ട് നയിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
വെഡ്ഡിങ്, മൈസ് ടൂറിസത്തിന് ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കാൻ ഉച്ചകോടിക്ക് കഴിഞ്ഞെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കെടിഎം സൊസൈറ്റി പ്രസിഡന്റ് ജോസ് പ്രദീപ് പറഞ്ഞു. ഉച്ചകോടിയിൽ ആകെ 6,623 ബിസിനസ് മീറ്റുകൾ നടന്നതായും അദ്ദേഹം അറിയിച്ചു.
ഇന്ത്യ ടൂറിസം അസിസ്റ്റന്റ് ഡയറക്ടർ എം. നരേന്ദ്രൻ, കെടിഎം സൊസൈറ്റി സെക്രട്ടറി എസ്. സ്വാമിനാഥൻ, മുൻ പ്രസിഡന്റുമാരായ ഇ.എം. നജീബ്, എബ്രഹാം ജോർജ്, ബേബി മാത്യു സോമതീരം, സിഇഒ രാജ്കുമാർ കെ, ജോയിന്റ് സെക്രട്ടറി ജോബിൻ അക്കരക്കളം എന്നിവരും ചടങ്ങിൽ സംസാരിച്ചു. കെടിഎം സൊസൈറ്റി വൈസ് പ്രസിഡന്റ് ഹരികുമാർ സി സ്വാഗതവും ട്രഷറർ ജിബ്രാൻ ആസിഫ് നന്ദിയും പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്