യുഎസ്-ഇറാന്‍ യുദ്ധം വില്ലനാകുന്നു: പിടിച്ചുനില്‍ക്കാന്‍ പറ്റാതെ കോണ്ടം വിപണി

APRIL 22, 2026, 8:03 AM

യുഎസ്-ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ വിവിധ ഉല്‍പ്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. സംഘര്‍ഷം കാരണം കോണ്ടം വിലയിലും വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് ലോകത്തിലെ ഏറ്റവും വലിയ കോണ്ടം ഉത്പാദകരായ കാരെക്‌സ് അറിയിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഉല്‍പ്പന്നങ്ങളുടെ വിലയില്‍ 20 മുതല്‍ 30 ശതമാനം വരെ വര്‍ദ്ധനവ് വരുത്താന്‍ കമ്പനി നിര്‍ബന്ധിതരായിരിക്കുകയാണെന്ന് സിഇഒ ഗോ മിയ കിയാത് വ്യക്തമാക്കി.

യുദ്ധം ഇന്ത്യയിലെ വ്യവസായത്തെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 8000 കോടി രൂപയിലേറെ മൂല്യമുള്ള രാജ്യത്തെ കോണ്ടം നിര്‍മാണ വ്യവസായം. പ്രതിവര്‍ഷം 400 കോടിയിലധികം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കുന്ന ഈ മേഖല, അസംസ്‌കൃതവസ്തുക്കളുടെ ദൗര്‍ലഭ്യവും കുതിച്ചുയരുന്ന ഉത്പാദനച്ചെലവും കാരണം വന്‍ വെല്ലുവിളിയാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വില വര്‍ദ്ധനവിന് പിന്നില്‍

2026 ഫെബ്രുവരിയില്‍ ആരംഭിച്ച യുഎസ്-ഇറാന്‍ യുദ്ധം ആഗോള വിതരണ ശൃംഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കോണ്ടം നിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ ഉണ്ടായ വര്‍ദ്ധനവാണ് ഇതിന് പ്രധാന കാരണം.

കോണ്ടം നിര്‍മാണത്തിന് അത്യന്താപേക്ഷിതമായ രണ്ട് വസ്തുക്കളാണ് സിലിക്കണ്‍ ഓയിലും അമോണിയയും. നിലവില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് സിലിക്കണ്‍ ഓയിലിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. റബ്ബര്‍ പാല്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ആവശ്യമായ അമോണിയയുടെ വിലയില്‍ 40 മുതല്‍ 50 ശതമാനം വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

അസംസ്‌കൃത വസ്തുക്കള്‍: സിന്തറ്റിക് റബ്ബര്‍, നൈട്രൈല്‍, ലൂബ്രിക്കന്റുകള്‍ എന്നിവയുടെ വില കുത്തനെ ഉയര്‍ന്നു.

പാക്കേജിംഗ് ചെലവ്: പാക്കേജിംഗിനായി ഉപയോഗിക്കുന്ന അലുമിനിയം ഫോയിലുകളുടെയും സിലിക്കണ്‍ ഓയിലിന്റെയും വിലയും വര്‍ദ്ധിച്ചു.

ഷിപ്പിംഗ് തടസങ്ങള്‍: കപ്പല്‍ ഗതാഗതത്തില്‍ ഉണ്ടായ കാലതാമസം കാരണം ചരക്കുകള്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ഇപ്പോള്‍ ഇരട്ടി സമയമാണ് എടുക്കുന്നത്. നേരത്തെ ഒരു മാസം കൊണ്ട് എത്തിയിരുന്ന ഷിപ്പിംഗുകള്‍ക്ക് ഇപ്പോള്‍ രണ്ട് മാസത്തിലധികം സമയം ആവശ്യമായി വരുന്നു.

ആഗോള വിപണിയിലെ ആഘാതം

പ്രതിവര്‍ഷം 500 കോടിയിലധികം കോണ്ടങ്ങള്‍ നിര്‍മ്മിക്കുന്ന കാരെക്‌സ്, പ്രശസ്ത ബ്രാന്‍ഡുകളായ ഡ്യൂറക്‌സ്, ട്രോജന്‍ എന്നിവയുടെ പ്രധാന വിതരണക്കാരാണ്. കൂടാതെ ഐക്യരാഷ്ട്ര സഭയുടെയും വിവിധ രാജ്യങ്ങളിലെ ആരോഗ്യ വകുപ്പുകളുടെയും പ്രധാന പങ്കാളി കൂടിയാണ് ഇവര്‍. യുദ്ധം മൂലം ഊര്‍ജ്ജ-പെട്രോ കെമിക്കല്‍ മേഖലയില്‍ ഉണ്ടായ പ്രതിസന്ധി ഉത്പാദനച്ചെലവ് വലിയ രീതിയില്‍ വര്‍ദ്ധിപ്പിച്ചു. ഈ അധികച്ചെലവ് ഉപഭോക്താക്കളിലേക്ക് കൈമാറാതെ കമ്പനിക്ക് മുന്നോട്ട് പോകാന്‍ ആകില്ലെന്നാണ് മാനേജ്മെന്റ് വ്യക്തമാക്കുന്നത്.

നിലവില്‍ ആഗോളതലത്തില്‍ തന്നെ കോണ്ടം സ്റ്റോക്കുകളില്‍ കുറവുണ്ടായിട്ടുണ്ട്. കപ്പല്‍ ഗതാഗത നിരക്കുകള്‍ ഉയര്‍ന്നതും ചരക്കുനീക്കം വൈകുന്നതും വരും മാസങ്ങളില്‍ വിപണിയില്‍ വലിയ ക്ഷാമത്തിന് ഇടയാക്കിയേക്കാമെന്നാണ് വിലയിരുത്തല്‍. യുദ്ധം നീണ്ടുപോവുകയാണെങ്കില്‍ മെഡിക്കല്‍ ഗ്ലൗസുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് ആരോഗ്യ സുരക്ഷാ ഉല്‍പ്പന്നങ്ങളുടെ വിലയും വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ ഇത് ആഗോള ആരോഗ്യ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.

ഇന്ത്യയില്‍ വളരെ മിതമായ നിരക്കിലാണ് കോണ്ടം വില്പന നടത്തുന്നത്. എന്നാല്‍ ഉത്പാദനച്ചെലവ് വര്‍ധിക്കുന്നത് മൂലം വില കൂട്ടാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാവും. കോണ്ടം വിലക്കയറ്റം അതിന്റെ ഉപയോഗം കുറയ്ക്കാന്‍ ഇടയാക്കിയാല്‍ കുടുംബസൂത്രണം, ജനസംഖ്യാ നിയന്ത്രണം, ലൈംഗികരോഗ്യ വ്യാപനം തടയല്‍ തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam