രാജ്യത്ത് രാജാവിന്റെ ഭരണം ഇന്നില്ലെന്നത് നേരാണ്. പക്ഷേ, ജനകീയഭരണം അതിനേക്കാൾ കെങ്കേമമല്ലേ..? അതിനുവേണ്ടിയാണോ ഇപ്പോൾ പ്രോട്ടോകോൾ ഉള്ളത്. കോണകം വാങ്ങാൻ ഖജനാവിൽ കോൾ ഇല്ല എങ്കിലും നാടിന്റെ തമ്പുരാക്കന്മാർ രാജാക്കന്മാർ തന്നെയല്ലേ ആകേണ്ടത്! ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാമോ..?
രാജാക്കന്മാരുടെ കാലത്ത് രാജാവിന്റെ വരവും പോക്കും ആയിരുന്നു ഏറ്റവും വലിയ സംഭവങ്ങൾ. രാജാവിന്റെ മുന്നിൽ കുടയും കൊടിയും പിടിച്ച് കുറേപ്പേര് ഉണ്ട്. അതിനു തൊട്ടു പിന്നിൽ ആർപ്പുവിളിക്കാർ. പിന്നെ വാളും പരിചയം ധരിച്ച ഭടന്മാർ. മഞ്ചലിൽ ആണ് രാജാവിന്റെ യാത്ര. അതും വിശേഷപ്പെട്ട മഞ്ചൽ. കരിയീട്ടിത്തടി കൊണ്ടാണ് തണ്ട്. സ്വർണ അലുക്ക് വെച്ച മേലാപ്പിന് പട്ട് കൊണ്ടാണ് മൂടി. നാലു മല്ലന്മാരാണ് ചുമക്കുക. ഉരുണ്ട് കയറിയിറങ്ങുന്ന മാംസപേശികൾ ഉള്ള യോദ്ധാക്കൾ. കുറച്ച് ചെന്നാൽ കൈമാറാനുള്ള മറ്റൊരു സംഘം കൂടെ തന്നെ ഉണ്ടാവും. എല്ലാവരും താളത്തിൽ മൂളും. പിന്നിലുമുണ്ട് ഒരു സംഘം യോദ്ധാക്കൾ.
ഞാൻ നന്നേ കുട്ടിയായിരുന്നപ്പോൾ സാമൂതിരിയുടെ ഒരു യാത്ര കണ്ടിട്ടുണ്ട്. മൊഞ്ചൽ വരുന്ന വഴിയിൽ കരിമരുന്ന് പണിക്കാർ വെടിയും വാണവും പ്രയോഗിക്കും. അതൊരു അറിയിപ്പാണ്. അതു കഴിഞ്ഞാൽ പിന്നെ മഞ്ചൽ കടന്നുപോകും വരെ ആ വഴിയിലൂടെ ആരും പോകരുത്.
വഴിയുടെ ഇരുവശങ്ങളിലും മാന്യമായ അകലം പാലിച്ച് പ്രജകൾക്ക് നിൽക്കാം. നിൽക്കണം. ഒച്ചയും ബഹളവും ഉണ്ടാക്കരുത്. ആബാലവൃദ്ധവും കൈകൂപ്പി നിൽക്കണം. തൊപ്പിയോ കുപ്പായമോ ആരും ധരിക്കരുത്. പൊന്നുതമ്പുരാന് മംഗളം ഉറക്കെ ആശംസിച്ചു കൊണ്ടിരിക്കണം.
നാലോ അഞ്ചോ കിലോമീറ്ററേ ഓരോ ദിവസവും യാത്ര പോകൂ. ഞങ്ങളുടെ നാട്ടിലൂടെയുള്ള യാത്ര പൊന്നാനി തൃക്കാവ് മുതൽ കൊടക്കൽ കാരത്തിയൂർ വരെ.
ഈ നീളം അത്രയും വഴി പൂവും കുരുത്തോലയും കൊണ്ട് അലങ്കരിച്ച് അടിച്ചുവാരി വൃത്തിയാക്കി വെച്ചിരിക്കണം. കണ്ണിനോ മനസിനോ പറ്റാത്ത ഒരു കാര്യവും പൊന്നു തിരുമേനി കാണേണ്ടി വരരുത്. ഏറാൾപാടു മാർ യാത്രയിൽ ഉണ്ടാവും. എന്നുവച്ചാൽ യുവരാജാക്കന്മാർ. വഴിയിൽ സുന്ദരികളായ പെൺകുട്ടികളെ കണ്ടാൽ അവർ അവരവരുടെ കാര്യസ്ഥന്മാരും ആയി ചട്ടം കെട്ടും. ആ വീട്ടുകാർക്ക് പിന്നെ ഒന്നിനും ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല.
ഇതേ തരം ഘോഷയാത്രയാണ് തുക്കിടിമാർ വരുമ്പോഴും നാട്ടിൽ ഞാൻ കണ്ടത്. തുക്കിടി എന്നാൽ ഡെപ്യൂട്ടി എന്നതിന്റെ വികലരൂപമാണ്. അതായത് ഡെപ്യൂട്ടി കളക്ടർ. സായിപ്പിനും ഈ വക എല്ലാ കാര്യങ്ങളും ഉണ്ടായിരുന്നു. മഞ്ചൽ അല്ല പഴയ തരം കാറാണ്. വൈക്കോലും തുണിയും ചുറ്റികെട്ടിയ ടയറുകൾ. ഏറ്റവും കൂടിയ സ്പീഡ് അഞ്ച് കിലോമീറ്റർ. അകമ്പടിക്കാർ എല്ലാവരും തലപ്പാവും മാറിൽ പട്ടയും ധരിച്ചവർ. എല്ലാവരും ഒപ്പം ഓടണം. ആണ്ടിലൊരിക്കലാണ് തുക്കിടി വരിക. ജമാവന്തി എന്ന നികുതി പിരിവ് വാർഷികത്തിന്. ആ ദിവസം എല്ലാ സൗകര്യങ്ങളും ഒരുക്കേണ്ടത് അംശം അധികാരി എന്ന വില്ലേജ് മുൻസിഫിന്റെ പണിയാണ്. കച്ചേരിയാണ് വേദി.
വിശ്രമം അധികാരിയുടെ വീട്ടിൽ. പുഴ മീനും ചാരായവും കിടപ്പുവട്ടവും ഒക്കെ അവിടെ പത്തായപുരയിൽ. ആണ്ടിൽ ഒന്നു വീതം വെള്ളക്കുട്ടികൾ നാട്ടിൽ ജനിക്കാറുണ്ട്. എണ്ണം കൂടുതലുള്ള കൊല്ലങ്ങളും ഉണ്ടാകാറുണ്ട്. ജനാത്ത ഭരണം വന്നപ്പോൾ ഇതൊക്കെ അവസാനിച്ചു എന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ വലിയ ഭേദം ഒന്നും വന്നില്ല. തമ്പുരാക്കന്മാരുടെയും സായിപ്പന്മാരുടെയും ആസ്ഥാന മന്ദിരങ്ങളിൽ നാം കയറിപ്പറ്റി. വലിയ സംഘം പോലീസും പട്ടാളവും പാറാവു നിന്നു.
നാട്ടിലെ നിയമം ജനായാത്ത സായിപ്പിനും ബാധകമല്ലായിരുന്നു. ഒട്ടും ബാധകമല്ലല്ലോ ഇപ്പോഴും. ആദ്യകാലങ്ങളിൽ ഇവരിൽ ചിലർക്കൊക്കെ ഒരു നാണം പോലെ ഉണ്ടായിരുന്നു. വന്നുവന്ന് ഒരു ശങ്കയും ഇല്ല. കക്ഷി ഏതായാലും അകംപടിയും പുറംപടിയും ഒട്ടും കുറവല്ല. ഒരു കണക്കിന് നോക്കിയാൽ നല്ല കാര്യം. ആനയും കരിമരുന്നും വാദ്യവും കൊമ്പും കുഴലും ഒന്നും ഇല്ലാതെ എന്ത് പൂരം! കാണം വിറ്റും ഓണം ഉണ്ണണ്ടേ?
ഓർക്കാപ്പുറത്ത് ഒരു നേട്ടമുണ്ടായാൽ കോളടിച്ചു എന്നാണ് നാട്ടിൽ പറയുക. ഏതെങ്കിലും ഒരു ഭരണഘടനാ പദവി കിട്ടിയാൽ നാട്ടുകാർ ഇപ്പോൾ പറയുന്നത് അത് കിട്ടിയവർക്ക് കോളടിച്ചു എന്നാണ്. ആ കോളിന്റെ മുഴുവൻ രൂപമാണ് പ്രോട്ടോകോൾ! കോണകം വാങ്ങാൻ ഖജനാവിൽ കോൾ ഇല്ല എങ്കിലും നാടിന്റെ തമ്പുരാക്കന്മാർ രാജാക്കന്മാർ തന്നെയല്ലേ ആകേണ്ടത്! ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാമോ.. ?
സി. രാധാകൃഷ്ണൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പ്രതീക്ഷയേകി അമലിന്റെ ആരോഗ്യനില; ജീവൻരക്ഷാ സംവിധാനങ്ങൾ നീക്കം ചെയ്തു
രണ്ട് വയസുകാരനെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ മാതാപിതാക്കൾക്ക് കഠിനതടവ്
അയൽവാസിയെ തീകൊളുത്തി കൊന്ന പ്രതിയുടെ വധശിക്ഷ ഫ്ളോറിഡയിൽ നടപ്പാക്കി
സാഹിത്യവും പൊതുസേവനവും കോർത്തിണക്കി ലഫ്. ഗവർണർ ഗസാല ഹാഷ്മിയുടെ 'ലിറ്ററേച്ചർ & ഗവൺമെന്റ്'