 
            -20251028055705.jpg) 
            
ഇറാന്‍ എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസില്‍ ഒരു ചിത്രമുണ്ട്. അതേ ഇറാന്‍ ഒരു യാഥാസ്ഥിതിക രാജ്യമാണ്. പ്രതിഷേധക്കാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ പതിവായി നടത്തുന്ന അടിച്ചമര്‍ത്തലുകളുടെ പേരില്‍ ഷിയാ ഭൂരിപക്ഷമുള്ള ഇറാന്‍ സമീപ വര്‍ഷങ്ങളില്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.  
ഇപ്പോള്‍ ഇറാനിലെ പരമോന്നത നേതാവ് അയത്തുള്ള ഖമേനിയുടെ മുതിര്‍ന്ന ഉപദേഷ്ടാക്കളില്‍ ഒരാളായ അലി ഷംഖാനിയുടെ മകളുടെ വിവാഹ വീഡിയോയാണ് വിവാദത്തിനും കടുത്ത വിമര്‍ശനത്തിനും ഇടയാക്കിയിരിക്കുന്നത്. ഷംഖാനിയുടെ മകള്‍ തന്റെ വിവാഹത്തില്‍ സ്ട്രാപ്പ്ലെസ് ഗൗണ്‍ ധരിച്ചതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 
ഗൗണ്‍ വെറുതെ അങ്ങ് വിവാദമായതല്ല. 2022 ല്‍ ഇറാനില്‍ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തില്‍ അഞ്ഞൂറോളം സ്ത്രീകളെ കൊലപ്പെടുത്തുന്നതിന് നേതൃത്വം നല്‍കിയ നേതാവാണ് ഈ ഷംഖാനി. മകളുടെ വിവാഹ വീഡിയോ പുറത്തുവന്നതോടെ ഷംഖാനിയുടെ ഇരട്ടത്താപ്പാണ് 
പുറത്തായത്. അതുകൊണ്ടു തന്നെ കടുത്ത പ്രതിഷേധമാണ് ഇറാനിലെങ്ങും ഉയരുന്നത്. ഹിജാബിനെ എതിര്‍ത്തവര്‍ക്ക് ജീവന്‍ നഷ്ടമായ ഇറാനില്‍ ഒരു സ്ട്രാപ് ലെസ് വിവാഹ ഗൗണ്‍ രാഷ്ട്രീയ വിവാദത്തിന് കേന്ദ്രബിന്ദുവായിരിക്കുകയാണ്.
ഒരു സ്ട്രാപ്പ് ലെസ് വിവാഹ ഗൗണ്‍ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത് എങ്ങനെ?
അയത്തുള്ള അലി ഖമേനിയുടെ ഉന്നത ഉപദേഷ്ടാവും ദേശീയ പ്രതിരോധ കൗണ്‍സിലിലെ ഖമേനിയുടെ പ്രതിനിധിയുമായ റിയര്‍ അഡ്മിറല്‍ അലി ഷംഖാനി(70)യുടെ മകളുടെ 2024 മെയില്‍ നടന്ന വിവാഹചടങ്ങിന്റെ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഷംഖാനി മകള്‍ സെതയേഷിനെ വിവാഹ വേദിയിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നതാണ് വീഡിയോയില്‍ ഉള്ളത്.
സ്ട്രാപ് ലെസായ, കഴുത്ത് ഇറക്കി വെട്ടിയ ക്ലീവേജ് കാണുന്ന തരത്തിലുള്ള ഗൗണാണ് വധു ധരിച്ചിരുന്നത്. ടെഹ്റാനിലെ ആഢംബര എസ്പിനാസ് പാലസ് ഹോട്ടലില്‍വെച്ചാണ് ചടങ്ങുകള്‍ നടന്നത്. വിവാഹത്തിനെത്തിയവര്‍ ആര്‍പ്പുവിളികളോടെയാണ് വരനെയും വധുവിനെയും സ്വീകരിച്ചത്.
ഹിജാബോ ശിരോവസ്ത്രമോ ഇല്ലാതെയാണ് വിവാഹത്തില്‍ പല സ്ത്രീകളും പങ്കെടുത്തത്. അതില്‍ ഷംഖാനിയുടെ ഭാര്യയും ഉള്‍പ്പെടുന്നു. നീലനിറത്തിലുള്ള ലെയ്സില്‍ തുന്നിയ ഈവെനിംഗ് ഗൗണ്‍ ധരിച്ചാണ് അവര്‍ എത്തിയത്. ഇറാനിലെ രാഷ്ട്രീയമേഖലയില്‍ നിന്നുള്ള ഉന്നതരായ നിരവധി പേര്‍  പരിപാടിയില്‍ പങ്കെടുത്തതായി പറയപ്പെടുന്നു.
ഇതൊരു രാഷ്ട്രീയ അഴിമതിയായി മാറിയത് എങ്ങനെ?
ഹിജാബ് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനായി ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍ 80,000 സദാചാര ഉദ്യോഗസ്ഥരെ വിന്യസിക്കാന്‍ ഭരണകൂടം തയ്യാറെടുക്കുന്ന സമയത്താണ് ഈ വീഡിയോ ചോര്‍ന്നത്. 12 വയസ്സും അതിനു മുകളിലും പ്രായമുള്ള പൊതുസ്ഥലത്ത് ഹിജാബ് ധരിക്കാന്‍ വിസമ്മതിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജയില്‍ ശിക്ഷയും ചാട്ടവാറടിയും നിര്‍ബന്ധമാക്കുന്ന നിയമം ജൂണിലാണ് ടെഹ്റാന്‍ അവതരിപ്പിച്ചത്.
2022ല്‍ മഹ്സ അമിനിയുടെ മരണശേഷം പ്രതിഷേധിച്ചവരെ അടിച്ചമര്‍ത്താന്‍ മുന്‍ പ്രതിരോധ മന്ത്രിയും മുതിര്‍ന്ന സൈനിക കമാന്‍ഡറുമായ ഷംഖാനി പ്രധാന പങ്കുവഹിച്ചിരുന്നു. ഷംഖാനിയുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ക്കെതിരേ ക്രൂരമായ അടിച്ചമര്‍ത്തല്‍ നടന്നത്. തല മറയക്കാതെയിരുന്നതിന് ഇറാന്റെ സദാചാര പൊലീസ് ക്രൂരമായി മര്‍ദിച്ച അമിനി പിന്നീട് കോമയിലാകുകയും പൊലീസ് കസ്റ്റഡിയില്‍ മരിക്കുകയുമായിരുന്നു.
ഇറാന്‍ സര്‍ക്കാരിന്റെ അടിച്ചമര്‍ത്തലില്‍ അന്ന് 68 കുട്ടികള്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം പേര്‍ കൊല്ലപ്പെട്ടതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് 20,000ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ശനമായ ഹിജാബ്, സദാചാര നിയമങ്ങള്‍ നിലവിലുള്ള ഒരു രാജ്യത്ത് ഇറാന്റെ ഉന്നതനേതൃത്വം കാണിക്കുന്ന ഇരട്ടത്താപ്പിനെയാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
'ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഉന്നത നിര്‍വ്വഹണ ഉദ്യോഗസ്ഥരില്‍ ഒരാളായ അലി ഷംഖാനിയുടെ മകള്‍ സ്ട്രാപ്പ്ലെസ് വസ്ത്രത്തില്‍ ആഡംബരപൂര്‍ണ്ണമായ ഒരു വിവാഹം നടത്തി. അതേസമയം, ഇറാനിലെ സ്ത്രീകളെ മുടി കാണിച്ചതിന് തല്ലുന്നു, യുവാക്കള്‍ക്ക് വിവാഹം കഴിക്കാന്‍ കഴിയുന്നില്ല,'' നാടുകടത്തപ്പെട്ട ഇറാനിയന്‍ ആക്ടിവിസ്റ്റായ മാസിഹ് അലിനെജാദ് സാമൂഹികമാധ്യമമായ എക്സില്‍ എഴുതി. ഖമേനി ഭരണകൂടം 'തങ്ങളുടെ മേല്‍ ഒഴികെ സാധാരണക്കാരായ മറ്റെല്ലാവരുടെയും മേല്‍ വെടിയുണ്ടകള്‍, ബാറ്റണുകള്‍, ജയിലുകള്‍ എന്നിവ ഉപയോഗിച്ച് ഇസ്ലാമിക മൂല്യങ്ങള്‍' അടിച്ചേല്‍പ്പിക്കുന്നതിനാല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ രോഷാകുലരാണെന്ന് അവര്‍ പറഞ്ഞു.
'ഖമേനിയുടെ മുഖ്യ ഉപദേഷ്ടാവ് കൊട്ടാരം പോലുള്ള ഒരു വേദിയില്‍ തന്റെ മകളുടെ വിവാഹം ആഘോഷിക്കുകയായിരുന്നു. മുടിയുടെ ഒരു ഭാഗം കാണിച്ചതിന് മഹ്‌സ അമിനിയെ കൊന്ന, പാട്ടുപാടിയതിന് സ്ത്രീകളെ ജയിലിലടച്ച, പെണ്‍കുട്ടികളെ വാനുകളിലേക്ക് വലിച്ചിഴയ്ക്കാന്‍ 80,000 'സദാചാര പോലീസിനെ' നിയമിച്ച അതേ ഭരണകൂടം സ്വന്തമായി ഒരു ആഡംബര പാര്‍ട്ടി നടത്തുന്നു. ഇത് കാപട്യമല്ല, വ്യവസ്ഥയാണ്. സ്വന്തം പെണ്‍മക്കള്‍ ഡിസൈനര്‍ വസ്ത്രങ്ങള്‍ ധരിച്ച് പരേഡ് നടത്തുമ്പോള്‍ അവര്‍ 'എളിമ' പ്രസംഗിക്കുന്നു. നിയമങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്, അവര്‍ക്കുള്ളതല്ല,' അലിനെജാദ് കൂട്ടിച്ചേര്‍ത്തു.
ഇറാനിയന്‍ ജേണലിസ്റ്റായ ആമിര്‍ ഹൊസെയ്ന്‍ മൊസല്ലയും പ്രതിഷേധവുമായി രംഗത്തെത്തി. 'ഭരണകൂട ഉദ്യോഗസ്ഥര്‍ക്ക് തന്നെ തങ്ങള്‍ പിന്തുണയ്ക്കുന്ന സ്വന്തം നിയമങ്ങളില്‍ വിശ്വാസമില്ല. ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്,' അദ്ദേഹം പറഞ്ഞു.
ക്ലിപ്പ് ചോര്‍ത്തിയത് ഇസ്രയേല്‍ ആണെന്ന് ഷംഖാനി കുറ്റപ്പെടുത്തി. ആളുകളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞു കയറുന്നത് ഇസ്രായേലിന്റെ പുതിയ കൂട്ടക്കൊലയുടെ രീതിയാണെന്ന് ഷംഖാനി പറഞ്ഞു. ഇറാനിലെ മുന്‍ മന്ത്രി എസ്സാത്തോള സര്‍ഗാമി ഉള്‍പ്പെടെയുള്ളവര്‍ ഷംഖാനിയെ പിന്തുണച്ച് രംഗത്തെത്തി. 
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
 
ഇവിടെ ക്ലിക്ക് ചെയ്യുക
. 
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
 
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
 
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
