വാഷിംഗ്ടണ്‍: വിമാനയാത്രയ്ക്കിടെ കൗമാരക്കാരായ സഹയാത്രികരെ കുത്തിപ്പരിക്കേല്‍പിക്കുകയും ഒരു യാത്രക്കാരിയെ മര്‍ദിക്കുകയും ചെയ്ത ഇന്ത്യക്കാരന്‍ യുഎസില്‍ അറസ്റ്റില്‍. പ്രണീത് കുമാര്‍ ഉസിരിപ്പള്ളി എന്ന ഇരുപത്തെട്ടുകാരനാണ് സഹയാത്രികരെ ആക്രമിച്ചതിനും വിമാനത്തിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും അറസ്റ്റിലായത്.
ഷിക്കാഗോയില്‍ നിന്ന് ജര്‍മനിയിലേക്ക് പോകുകയായിരുന്ന ലുഫ്താന്‍സ വിമാനത്തിലായിരുന്നു സംഭവം. ലോഹ നിര്‍മിത ഫോര്‍ക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. പതിനേഴ് വയസ്സുകാരായ രണ്ട് സഹയാത്രക്കാരെയാണ് പ്രണീത് കുത്തിപ്പരിക്കേല്‍പിച്ചത്. ഇതില്‍ ആദ്യത്തെയാളുടെ തോളത്തും രണ്ടാമത്തെയാളുടെ തലയ്ക്ക് പിന്നിലുമാണ് കുത്തേറ്റത്.
ഇതോടെ ക്രൂ അംഗങ്ങള്‍ പ്രണീത് കുമാറിനെ തടയാന്‍ ശ്രമിച്ചു. ഇതോടെ ഇയാള്‍ കൈകള്‍ ഉയര്‍ത്തി വിരലുകള്‍ക്കൊണ്ട് തോക്ക് വായില്‍തിരുകി കാഞ്ചിവലിക്കുന്നത് പോലെ കാണിച്ചു. പിന്നാലെ ഒരു യാത്രക്കാരിയെ അടിക്കുകയും ക്രൂ അംഗങ്ങളിലൊരാളെ അടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
അക്രമ സംഭവങ്ങളെ തുടര്‍ന്ന് വിമാനം ബോസ്റ്റണ്‍ ലോഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കുകയും അവിടെയെത്തിയതിന് പിന്നാലെ പ്രണീതിനെ പൊലീസിന് കൈമാറുകയുമായിരുന്നു. അമേരിക്കയിലേക്ക് സ്റ്റുഡന്റ് വിസയിലെത്തിയ ആളാണ് പ്രണീത് എന്നാണ് വിവരം. ശിക്ഷിക്കപ്പെടുന്ന പക്ഷം, പ്രണീതിന് പത്ത് കൊല്ലം വരെ തടവും പിഴയും ലഭിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
