ഫോമാ ഫാമിലി കൺവൻഷൻ കിക്ക് ഓഫ് ഓഗസ്റ്റ് 24 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂയോർക്കിൽ

AUGUST 21, 2025, 8:36 AM

ഹൂസ്റ്റൺ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ 9 -ാമത് ഇന്റർനാഷണൽ ഫാമിലി കൺവൻഷൻ 2026ന്റെ കിക്ക് ഓഫ് ഓഗസ്റ്റ് 24 -ാം തിയതി ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ന്യൂയോർക്കിലെ എൽമോണ്ടിലുള്ള സെന്റ് വിൻസെന്റ് ഡി പോൾ ഓഡിറ്റോറിയിത്തിൽ (1500  DEPAUL STREET ELMONT. NY. 11003) ബഹുജന സാന്നിധ്യത്തിൽ നടക്കുമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു. എം.എൽ.എമാരായ മോൻസ് ജോസഫ്, മാണി സി. കാപ്പൻ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.

ഫോമാ നാഷണൽ എക്‌സിക്യൂട്ടീവ് അംഗങ്ങൾ, റീജിയണൽ വൈസ് പ്രസിഡന്റുമാർ, നാഷണൽ കമ്മിറ്റി അംഗങ്ങൾ, വിമൻസ് ഫോറം പ്രതിനിധികൾ, യൂത്ത് ഫോറം ഭാരവാഹികൾ, എക്‌സ് ഒഫീഷ്യോ തുടങ്ങിയവർ കിക്ക് ഓഫ് ചടങ്ങിൽ പങ്കെടുക്കും. ജുഡീഷ്യൽ കൗൺസിൽ, അഡൈ്വസറി ബോർഡ്, കംപ്ലെയ്ൻസ് കൗൺസിൽ ഭാരവാഹികൾ, വിവിധ സബ് കമ്മിറ്റി അംഗങ്ങൾ, അംഗസംഘടനകളുടെ പ്രതിനിധികൾ, റീജിയണൽ കമ്മിറ്റി മെമ്പേഴ്‌സ്, വിവിധ സാമൂഹികസാംസ്‌കാരികസാമുദായിക വ്യക്തിത്വങ്ങൾ തുടങ്ങിയവർക്ക് പുറമെ എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂൺമെന്റിൽ പങ്കെടുക്കുന്ന 200ലധികം താരങ്ങളുടെ സാന്നിധ്യവും കിക്ക് ഓഫ് ചടങ്ങിന് സ്‌പോർട്‌സ്മാൻ സ്പിരിറ്റ് നൽകും.

ആദ്യ രജിസ്‌ട്രേഷന്റെ ചെക്ക് പ്രസിഡന്റ് സ്വീകരിച്ചു കൊണ്ടാണ് കിക്ക് ഓഫ് ഉദ്ഘാടനം ചെയ്യപ്പെടുക. നിരവധി സ്‌പോൺസർമാരുടെ രജിസ്‌ട്രേഷനും തദവസരത്തിൽ നടക്കും. രണ്ട് മാസത്തിനുള്ളിൽ തന്നെ ഫോമായുടെ 12 റീജിയനുകളിലും ഫാമിലി കൺവൻഷന്റെ കിക്കോഫ് നടക്കുന്നതായിരിക്കും. റീജിയനുകളുടെ സൗകര്യമനുസരിച്ച് ഇതിനുള്ള തിയതി നിശ്ചയിക്കുമെന്നും ഫോമാ ഫാമിലി കൺവൻഷന്റെ വിജയത്തിനായി വിവിധ റീജിയനുകളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിപുലമായ കമ്മറ്റികൾ ഉടൻ തന്നെ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുമെന്നും ബേബി മണക്കുന്നേൽ അറിയിച്ചു.

vachakam
vachakam
vachakam


ഫോമായുടെ ഒമ്പതാമത് ഇന്റർനാഷണൽ ഫാമിലി കൺവൻഷൻ ഒരു ചരിത്ര വിജയമാക്കാൻ ഏവരും ഒരേ മനസോടെ പ്രവർത്തിക്കണമെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അഭ്യർത്ഥിച്ചു.

'വിൻഡം ഹൂസ്റ്റൺ' ഹോട്ടലിൽ 2026 ജൂലൈ 30, 31 ആഗസ്റ്റ് 1, 2 (വ്യാഴം, വെള്ളി, ശനി, ഞായർ) തിയതികളിലാണ് കൺവൻഷൻ അരങ്ങേറുന്നത്. കൺവൻഷൻ അവിസ്മരണീയമാക്കുന്നതിനുള്ള എല്ലാവിധ ആത്യാധുനിക സൗകര്യങ്ങളുമുള്ളതാണ് വിഖ്യാതമായ എൻ.ആർ.ജി സ്റ്റേഡത്തിന് തൊട്ട് എതിർവശത്തുള്ള ഈ ആഡംബര ഹോട്ടൽ സമുച്ചയം. 2500 പേർക്ക് ഇരിക്കാവുന്ന തീയേറ്റർ സൗകര്യമുള്ള ഹാൾ, യുവജനങ്ങൾക്കായി 700 പേരുടെ സീറ്റിങ് കപ്പാസിറ്റിയുള്ള ഹാൾ എന്നിവയ്ക്ക് പുറമെ വിവിധ മീറ്റിങ്ങുകൾക്കായി 12ഓളം ഹാളുകളും 1000 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന ഡൈനിങ് ഏരിയയും, 1250 വാഹനങ്ങൾക്കുള്ള പാർക്കിങ് ലോട്ടും നേരത്തെതന്നെ ബുക്ക് ചെയ്തിട്ടുണ്ട്.

vachakam
vachakam
vachakam

ഫോമയുടെ നൂറിലധികം അംഗസംഘടനകളിൽ നിന്നുമായി 2500ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന വിപുലമായ കൺവൻഷനാണ് പ്രതീക്ഷിക്കുന്നതെന്ന് ബേബി മണക്കുന്നേൽ പറഞ്ഞു. കൂടാതെ, നാട്ടിൽനിന്നും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം നാലു ദിവസം നീണ്ടുനിൽക്കുന്ന ഈ കൺവൻഷനിൽ ഉണ്ടായിരിക്കും. വിപുലമായ കലാസാംസ്‌കാരിക പരിപാടികൾ കൺവൻഷൻ സായാഹ്നങ്ങൾക്ക് കൊഴുപ്പേകും.

വിവിധ റീജിയനുകൾ തമ്മിലുള്ള കലാമത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്നവർക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിക്കും. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ബിസിനസ് രംഗത്ത് മാതൃകാപരമായ മുന്നേറ്റങ്ങൾ നടത്തിയവരെയും പുരസ്‌കാരം നൽകി ആദരിക്കുന്നതാണ്. ആവേശകരമായ ചീട്ടുകളി, ചെസ്സ്, ചെണ്ടമേളം തുടങ്ങിയ മത്സരങ്ങളും മെഗാതിരുവാതിരയും കേരളത്തനിമയോടെയുളള ഘോഷയാത്രയും കൺവൻഷന്റെ പ്രത്യേകതകളാണ്. വിശദമായ പ്രോഗ്രാം പിന്നാലെ അറിയിക്കുന്നതാണ്. മാത്യൂസ് മുണ്ടയ്ക്കലാണ് കൺവൻഷൻ ചെയർമാൻ. ജനറൽ കൺവീനറായി സുബിൻ കുമാരനും, കൺവൻഷൻ ഉൾപ്പെടെയുള്ള ഫോമായുടെ വിവിധ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനായി സൈമൺ വളാച്ചേരിൽ മീഡിയ ചെയറായും പി.ആർ.ഒ ആയി ഷോളി കുമ്പിളുവേലിയും പ്രവർത്തിക്കും.

ഫാമിലി കൺവൻഷന് മുന്നോടിയായി ഫോമായുടെ കേരള കൺവൻഷന്റെ ഒരുക്കങ്ങൾ നടന്നുവരികയാണ്. 2026 ജനുവരി 9 -ാം തിയതി ഫോമാ കേരള കൺവൻഷന് തിരിതെളിയുക. രണ്ടാം ദിവസമായ ജനുവരി 10 -ാം തിയതി ശനിയാഴ്ച വേമ്പനാട്ട് കായലിലൂടെയുള്ള ആവേശകരമായ ബോട്ട് ക്രൂയിസാണ്. 11 -ാം തിയതി എറണാകുളം ഗോകുലം പാർക്കിൽ വച്ച് ബിസിനസ് മീറ്റും നടത്തും. കൺവൻഷൻ ചെയർമാൻ പീറ്റർ കുളങ്ങരയും വൈസ് പ്രസിഡന്റ് ഷാലു മാത്യു പുന്നൂസും മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി.എൻ. വാസവൻ ഉൾപ്പെടെയുള്ളവരെ സന്ദർശിക്കുകയും കേരള കൺവൻഷനിലേക്കും ഹുസ്റ്റണിലെ ഫാമിലി കൺവൻഷനിലേക്കും അവരെ ക്ഷണിക്കുകയും ചെയ്തു. കേരള കൺവൻഷൻ നടക്കുന്ന വിൻഡ്‌സർ കാസിൽ ഹോട്ടൽ അധികൃതരുമായി ഇരുവരും നടത്തിയ ചർച്ചയിൽ പുരോഗതികൾ വിലയിരുത്തി.

vachakam
vachakam
vachakam

എ.എസ്. ശ്രീകുമാർ ഫോമാ ന്യൂസ് ടീം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam