ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമാ അതിന്റെ പിറവിയുടെ 20-ാം വാർഷികം ആഘോഷിക്കുന്ന 2028ൽ കേരളത്തിലെ ഏറ്റവും നിർധനരായ 20 കുടുംബങ്ങളെ കണ്ടെത്തി അവർക്ക് വീട് നിർമിച്ച് നൽകുമെന്ന് ടീം വോയ്സ് ഓഫ് ഫോമാ' പ്രഖ്യാപിച്ചു. ഇതിൽ ഒരു വീട് തങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ചേർന്ന് സ്വന്തം നിലയിൽ നിർമിക്കുമെന്ന് ഫോമായുടെ 2026 -2028 കാലയളവിലേക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ടീം വോയ്സ് ഓഫ് ഫോമാ'യുടെ പ്രസിഡന്റ് സ്ഥാനാർത്ഥി പിജു തോണിക്കടവിൽ അറിയിച്ചു. അതുപോലെ ഫോമയെ ശക്തമാക്കാൻ 'ടീം വോയ്സ് ഓഫ് ഫോമാ', സീനിയർ സിറ്റിസൺസിനും യുവതലമുറയ്ക്കും കൂടുതൽ പ്രാതിനിധ്യം നൽകി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കുടക്കീഴിലുള്ള സംഘടനയായ 'ടീം വോയ്സ് ഓഫ് ഫോമാ' സംഘടനയുടെ ഭാവി വളർച്ച ലക്ഷ്യമാക്കി നൂതന പദ്ധതികൾ പ്രഖ്യാപിച്ചു. ഫോമയുടെ വളർച്ചയ്ക്കും അടിത്തറ പാകുന്നതിനും നിർണായക പങ്കുവഹിച്ച മുതിർന്ന തലമുറയെയും പുതിയ തലമുറയെയും ഒരുപോലെ സംഘടനയുമായി കൂടുതൽ അടുപ്പിക്കുകയാണ് ഈ പദ്ധതികളുടെ സുപ്രധാന ലക്ഷ്യം.
ഫോമയുടെ സ്ഥാപക പ്രവർത്തകരും ആദ്യകാല നേതാക്കളും സംഘടനയുടെ വളർച്ചയ്ക്കായി വർഷങ്ങളോളം പ്രവർത്തിച്ച സീനിയർ സിറ്റിസൺസുമാണ് ഇന്നത്തെ ഫോമയുടെ ശക്തമായ അടിത്തറ. എന്നാൽ പുതിയ തലമുറയിലെ പലർക്കും ഇവരെക്കുറിച്ചുള്ള അറിവ് പരിമിതമാണെന്ന തിരിച്ചറിവിൽ നിന്നാണ് മുതിർന്നവർക്കായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചതെന്ന് ടീം വോയ്സ് ഓഫ് ഫോമായ്ക്ക് നേതൃത്വം നൽകുന്ന പ്രസിഡന്റ് സ്ഥാനാർത്ഥി ബിജു തോണിക്കടവിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി അറുപത് വയസ്സിന് മുകളിലുള്ള സീനിയർ സിറ്റിസൺസിനെ ഒരുമിപ്പിച്ച് എല്ലാ മാസവും ഓൺലൈൻ സൂം മീറ്റിംഗുകൾ സംഘടിപ്പിക്കും. അമേരിക്കയിലെയും കാനഡയിലെയും വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളി മുതിർന്ന പൗരന്മാർക്ക് പരസ്പരം ആശയവിനിമയം നടത്താനും സൗഹൃദങ്ങൾ പുതുക്കാനും ഈ വേദി അവസരമൊരുക്കും.
സീനിയർ സിറ്റിസൺസിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന പരിപാടികളാണ് ടീം വോയ്സ് ഓഫ് ഫോമാ ആസൂത്രണം ചെയ്യുന്നത്. യോഗ പരിശീലന ക്ലാസുകൾ, ആരോഗ്യ ബോധവൽക്കരണ സെഷനുകൾ, സംഗീതകലാപരിപാടികൾ, ഹാസ്യവിരുന്നുകൾ, സാഹിത്യസാംസ്കാരിക ചർച്ചകൾ തുടങ്ങിയവ എല്ലാ മാസവും നടക്കുന്ന സൂം മീറ്റിംഗുകളുടെ ഭാഗമായി സംഘടിപ്പിക്കും. പ്രമുഖ സാമൂഹിക പ്രവർത്തകയും സംഘാടകയും ആരോഗ്യ വിദഗ്ധയുമായ ഡോ. മഞ്ജു പിള്ളയുടെ നേതൃത്വത്തിൽ വിവിധ മെഡിക്കൽ മേഖലകളിലെ വിദഗ്ധ ഡോക്ടർമാർ പങ്കെടുക്കുന്ന ആരോഗ്യ സംവാദങ്ങളും സംഘടിപ്പിക്കും. പ്രായാധിക്യവുമായി ബന്ധപ്പെട്ട രോഗങ്ങൾ, ജീവിതശൈലി ക്രമീകരണങ്ങൾ, മാനസികാരോഗ്യം, പോഷകാഹാരം, വ്യായാമം, മരുന്നുകളുടെ ശരിയായ ഉപയോഗം തുടങ്ങിയ വിഷയങ്ങളിൽ ഡോക്ടർമാർ മാർഗനിർദേശങ്ങൾ നൽകും. സീനിയർ സിറ്റിസൺസിന് ആവശ്യമായ ആരോഗ്യ ഉപദേശങ്ങളും സംശയനിവാരണവും ഈ വേദിയിലൂടെ ലഭ്യമാക്കാനാണ് പദ്ധതി.
അതേസമയം, യുവതലമുറയെ ഫോമയുടെ പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും അവരുടെ കഴിവുകൾ അംഗീകരിക്കുന്നതിനുമായി പ്രത്യേക പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. ഫോമാ അംഗസംഘടനകളിലെ വിദ്യാർത്ഥികളിൽ അക്കാദമിക് രംഗത്ത് മികച്ച വിജയം കൈവരിക്കുന്നവരെ ഫോമയുടെ ജനറൽ ബോഡി യോഗങ്ങളിൽ പ്രത്യേകം ആദരിക്കും. വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമായി നാഷണൽ കൺവൻഷനിൽ പ്രത്യേക ആദരവും സ്കോളർഷിപ്പുകളും നൽകാനുള്ള പദ്ധതിയും ടീം വോയ്സ് ഓഫ് ഫോമാ തയ്യാറാക്കുന്നുണ്ട്. പഠനമികവ്, നേതൃത്വപാടവം, സാമൂഹിക സേവനം, കലാകായിക രംഗങ്ങളിലെ നേട്ടങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാനാണ് ആലോചന.
''ഫോമയുടെ ഭൂതകാലത്തെ പ്രതിനിധീകരിക്കുന്ന മുതിർന്ന തലമുറയെയും ഭാവിയെ നയിക്കുന്ന യുവതലമുറയെയും ഒരേ വേദിയിൽ കൊണ്ടുവരികയാണ് ഞങ്ങളുടെ ലക്ഷ്യം. സീനിയർ സിറ്റിസൺസിന്റെ അനുഭവ സമ്പത്തും യുവജനങ്ങളുടെ ഊർജവും ഒരുമിച്ചാൽ ഫോമയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ദിശയും ശക്തിയും ലഭിക്കും...' എന്ന് പുതിയ ഭരണസമിതിയുടെ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ബിജു തോണിക്കടവിൽ (പ്രസിഡന്റ്), പോൾ പി ജോസ് (ജനറൽ സെക്രട്ടറി), പ്രദീപ് നായർ (ട്രഷറർ), സാമുവൽ മത്തായി (വൈസ് പ്രസിഡന്റ്), മഞ്ജു പിള്ള (ജോയിന്റ് സെക്രട്ടറി) ജോൺസൺ കണ്ണൂക്കാടൻ (ജോയിന്റ് ട്രഷറർ) എന്നിവർ വ്യക്തമാക്കി.
മലയാളി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പ്രവർത്തനങ്ങളിലൂടെ ഫോമയെ കൂടുതൽ ജനകീയവും കുടുംബകേന്ദ്രിതവുമായ സംഘടനയായി വളർത്തിയെടുക്കാനുള്ള പ്രതിബദ്ധതയാണ് ഈ പദ്ധതികളിലൂടെ പ്രകടമാകുന്നതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ഭവന പദ്ധതി, സീനിയർ സിറ്റിസൺ ക്ഷേമം, ആരോഗ്യ സംരക്ഷണം, വിദ്യാർത്ഥി പ്രോത്സാഹനം, യുവജന പങ്കാളിത്തം എന്നിവയ്ക്ക് മുൻഗണന നൽകുന്ന ഈ പദ്ധതികൾ ഫോമയുടെ ഭാവി പ്രവർത്തനങ്ങൾക്ക് പുതിയ മാതൃകയാകുമെന്ന പ്രതീക്ഷയുണ്ട്.
എ.എസ്. ശ്രീകുമാർ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
