രാഷ്ട്രീയവും രാഷ്ട്രീയക്കാരും: ഒരു പുനർവിചാരം

AUGUST 30, 2026, 10:25 PM

രാഷ്ട്രീയവും രാഷ്ട്രീയപ്രവർത്തകരും മൂല്യച്യുതി നേരിടുന്നുവെന്ന തോന്നൽ ഇന്ന് വ്യാപകമാണ്. മാതൃകാപരമായ നേതൃത്വങ്ങളുടെ അഭാവവും അധികാത്തോടുള്ള അമിതമായ ആസക്തിയും അവസരവാദപരമായ നിലപാടുകളും കാണുമ്പോൾ 'ഇരിക്കുന്ന കൊമ്പ് അറുക്കുന്ന മനുഷ്യർ' എന്ന പഴഞ്ചൊല്ല് ഓർമ്മയിൽ വരുന്നു. രാഷ്ട്രീയം അധികാരത്തിനുവേണ്ടിയല്ല;

പൊതുനന്മയ്ക്കുവേണ്ടിയാണ്. ജനങ്ങളെ ഭരിക്കാനും സംരക്ഷിക്കാനും തിരഞ്ഞെടുക്കപ്പെടുന്ന സംവിധാനങ്ങൾ തന്നെ ചിലപ്പോൾ അവരുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ക്ഷേമത്തിനും ഹാനികരമാകുന്നു. എന്നാൽ രാഷ്ട്രീയം മോശമായതുകൊണ്ട് അതിനെ ഉപേക്ഷിക്കണമോ, അതോ അതിന്റെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് തിരിച്ചുകൊണ്ടുവരണമോ എന്നതാണ് അടിസ്ഥാനചോദ്യം. ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്വം രണ്ടാമത്തേതാണ്.
മനുഷ്യൻ ഒരു സാമൂഹികജീവിയാണ്. അവകാശങ്ങളും ഉത്തരവാദിത്വങ്ങളും വിഭവങ്ങളും നീതിയും അധികാരവും പങ്കിടുന്ന കൂട്ടായ ജീവിതത്തെ എങ്ങനെ ക്രമീകരിക്കണം എന്നതിനെക്കുറിച്ചുള്ള ചിന്തയും പ്രവർത്തനവുമാണ് രാഷ്ട്രീയം.

അധികാരം എങ്ങനെ വിനിയോഗിക്കണം, വിഭവങ്ങൾ എങ്ങനെ നീതിപൂർവ്വം വിതരണം ചെയ്യണം, വ്യക്തിയുടെ അവകാശങ്ങൾ എങ്ങനെ സംരക്ഷിക്കണം, പൊതുനന്മ എങ്ങനെ ഉറപ്പാക്കണം- ഇവയാണ് രാഷ്ട്രീയത്തിന്റെ അടിസ്ഥാനചോദ്യങ്ങൾ. അരിസ്റ്റോട്ടിലിന്റെ രാഷ്ട്രീയചിന്തയിൽ രാഷ്ട്രീയം കേവലം അധികാരസംവിധാനമല്ല; മനുഷ്യരുടെ നല്ല ജീവിതവും പൊതുനന്മയും ലക്ഷ്യമാക്കുന്ന പ്രായോഗിക ശാസ്ത്രമാണ്. അദ്ദേഹത്തിന്റെ Politics രാഷ്ട്രീയജീവിതത്തെ മനുഷ്യന്റെ നന്മയുമായി ബന്ധിപ്പിക്കുന്നു. അതുകൊണ്ട് രാഷ്ട്രീയം 'ആരാണ് അധികാരത്തിൽ?' എന്ന ചോദ്യത്തിൽ അവസാനിക്കുന്നില്ല. അതിനേക്കാൾ പ്രധാനപ്പെട്ടത്: 'അധികാരം ആരുടെ നന്മയ്ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നത്?' എന്നുള്ളതാണ്.

vachakam
vachakam
vachakam

രാഷ്ട്രീയ അധികാരം ജനങ്ങളിൽ നിന്ന് ലഭിക്കുന്ന ഒരു വിശ്വാസമാണ്. തിരഞ്ഞെടുപ്പ് ജനങ്ങളുടെ മേൽ ഉടമസ്ഥാവകാശമല്ല, അവരെ സേവിക്കാനുള്ള ഉത്തരവാദിത്വമാണ് നൽകുന്നത്. രാഷ്ട്രീയം എന്നത് ഒരു പൊതുസംവിധാനവും, രാഷ്ട്രീയക്കാരൻ അതിന്റെ താൽക്കാലിക പ്രവർത്തകനുമാണ്. രാഷ്ട്രീയക്കാരൻ മാറിയാലും രാഷ്ട്രീയത്തിന്റെ അടിസ്ഥാനമൂല്യങ്ങൾ നിലനിൽക്കണം. അതിനാൽ വ്യക്തിപരമായ ജനപ്രീതിയേക്കാൾ പ്രാധാന്യം നീതിബോധത്തിനും സത്യസന്ധതയ്ക്കും ഭരണഘടനാപരമായ ഉത്തരവാദിത്വത്തിനും പൊതുനന്മയോടുള്ള പ്രതിബദ്ധതയ്ക്കുമാണ്.

രാജവാഴ്ച, പ്രഭുവാഴ്ച, ഏകാധിപത്യം, ഭരണഘടനാപരമായ രാജവാഴ്ച, ജനാധിപത്യം-ഇങ്ങനെ അധികാരത്തിന്റെ കേന്ദ്രം വ്യക്തിയിൽ നിന്ന് സ്ഥാപനങ്ങളിലേക്കും ഒടുവിൽ ജനങ്ങളിലേക്കും മാറിയതാണ് രാഷ്ട്രീയചരിത്രം. പ്ലേറ്റോയുടെ റിപ്ലബിക്ക് നീതി, ഭരണകൂടത്തിന്റെ സ്വഭാവം, ഭരണാധികാരിയുടെ യോഗ്യത, സമൂഹത്തിന്റെ നല്ല ജീവിതം തുടങ്ങിയ അടിസ്ഥാനചോദ്യങ്ങൾ ഉയർത്തുന്നു. അരിസ്റ്റോട്ടിലിന്റെ Politics ഈ ചർച്ചയെ കൂടുതൽ പ്രായോഗികമാക്കുന്നു: ആരാണ് ഭരിക്കേണ്ടത്, ഭരണസംവിധാനം എങ്ങനെ ക്രമീകരിക്കണം, നല്ല ഭരണകൂടത്തിന്റെ ലക്ഷ്യം എന്തായിരിക്കണം?

നല്ല ഭരണത്തെക്കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണം പഴയതാണെങ്കിലും അതിനുള്ള ഉത്തരങ്ങൾ ഓരോ കാലത്തും പുതുതായി കണ്ടെത്തേണ്ടതുണ്ട്. കാലഹരണപ്പെടുന്ന പ്രത്യയശാസ്ത്രങ്ങളും മാറുന്ന രാഷ്ട്രീയവും ഒരു ആശയത്തെ മാത്രം പരമസത്യമായി കാണുകയും സമൂഹത്തിന്റെ യാഥാർഥ്യങ്ങളെ അവഗണിക്കുകയും ചെയ്യുന്ന രാഷ്ട്രീയം ഒടുവിൽ മനുഷ്യനെക്കാൾ ആശയത്തെ സംരക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്താം. ഇന്നത്തെ രാഷ്ട്രീയം മനുഷ്യാവകാശങ്ങൾ, പരിസ്ഥിതി, ലിംഗസമത്വം, സാമ്പത്തിക നീതി, സാങ്കേതികവിദ്യ, സ്വകാര്യത, സാമൂഹിക അസമത്വം, ന്യൂനപക്ഷ അവകാശങ്ങൾ, കുടിയേറ്റം, സുതാര്യഭരണം തുടങ്ങിയ വിഷയങ്ങളെ അഭിമുഖീകരിക്കുന്നു.

vachakam
vachakam
vachakam

അതുകൊണ്ട് പഴയ മുദ്രാവാക്യങ്ങൾ മാത്രം മതിയാകില്ല. പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞ് മാനുഷികവും നീതിപൂർവ്വവുമായ പരിഹാരങ്ങൾ കണ്ടെത്തുന്ന രാഷ്ട്രീയചിന്തയാണ് ആവശ്യമായത്. ഇന്നത്തെ രാഷ്ട്രീയത്തിന്റെ പ്രധാന പ്രശ്‌നം ആശയങ്ങളുടെ അഭാവമല്ല; പലപ്പോഴും മൂല്യങ്ങളുടെ അഭാവമാണ്. പൊതുസേവനം അധികാരലാഭമായി മാറുമ്പോൾ രാഷ്ട്രീയം അതിന്റെ ആത്മാവ് നഷ്ടപ്പെടുത്തുന്നു. വോട്ടർ പൗരനിൽ നിന്ന് 'വോട്ട് ബാങ്കായി' ചുരുങ്ങുകയും എതിരാളി ശത്രുവായി മാറുകയും ചെയ്യുമ്പോൾ സംവാദം ദുർബലമാകുന്നു. പാർട്ടി താൽപര്യം പൊതുതാൽപര്യത്തിന് മുകളിൽ വരുമ്പോൾ ജനാധിപത്യത്തിന്റെ ആത്മാവ് ക്ഷയിക്കുന്നു. അതിനാൽ നമുക്ക് കൂടുതൽ രാഷ്ട്രീയക്കാരല്ല, കൂടുതൽ രാഷ്ട്രീയ ധാർമ്മികതയുള്ള രാഷ്ട്രീയക്കാരാണ് വേണ്ടത്. ജനാധിപത്യം തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടുന്നതിൽ മാത്രം അവസാനിക്കുന്നില്ല.

അലക്‌സിസ് ഡി ടോക്‌വിൽ Democracy in Americaയിൽ ഭൂരിപക്ഷത്തിന്റെ അധികാരം നിയന്ത്രണമില്ലാതെ പോകുമ്പോൾ ഉണ്ടാകാവുന്ന 'yranny of the majortiy' — ഭൂരിപക്ഷത്തിന്റെ സ്വേച്ഛാധിപത്യം എന്ന അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഭൂരിപക്ഷത്തിന് അധികാരമുണ്ടെങ്കിലും അത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും വ്യക്തിസ്വാതന്ത്ര്യവും തകർക്കാനുള്ള അനുമതിയല്ല. ഭൂരിപക്ഷത്തിന്റെ ഭരണവും ന്യൂനപക്ഷത്തിന്റെ അവകാശസംരക്ഷണവും ഒരുമിച്ച് ഉറപ്പാക്കുന്ന സംവിധാനമാണ് യഥാർത്ഥ ജനാധിപത്യം.

'രാഷ്ട്രീയം മോശമാണ്; അതുകൊണ്ട് ഞാൻ ഇടപെടുന്നില്ല' എന്ന സമീപനം അപകടകരമാണ്. പൗരന്മാർ പിന്മാറുമ്പോൾ രാഷ്ട്രീയം അപ്രത്യക്ഷമാകുന്നില്ല; മറിച്ച് മറ്റുള്ളവർ അവരുടെ പേരിൽ തീരുമാനങ്ങൾ എടുക്കുന്നു. ഇതിന്റെ ഫലമായി ഗുണനിലവാരമില്ലാത്ത നേതൃത്വം അധികാരത്തിലെത്തുകയും അഴിമതിയും അധികാരദുരുപയോഗവും ചോദ്യം ചെയ്യപ്പെടാതെ പോകുകയും പൗരാവകാശങ്ങൾ ദുർബലപ്പെടുകയും ചെയ്യാം. ജനാധിപത്യം അഞ്ചുവർഷത്തിലൊരിക്കൽ വോട്ട് ചെയ്യുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ചോദിക്കുക, നിരീക്ഷിക്കുക, വിമർശിക്കുക, സംവദിക്കുക, പങ്കാളികളാകുക-ഇവയും അതിന്റെ അവിഭാജ്യഘടകങ്ങളാണ്. 'രാഷ്ട്രീയം എന്നെ ബാധിക്കുന്നില്ല' എന്ന് കരുതുന്നത് തെറ്റാണ്.

vachakam
vachakam
vachakam

വിദ്യാഭ്യാസം, തൊഴിൽ, നികുതി, ആരോഗ്യസംരക്ഷണം, റോഡുകൾ, പൊതുസുരക്ഷ, പരിസ്ഥിതി, സാമ്പത്തിക അവസരങ്ങൾ, സാമൂഹിക നീതി എന്നിവയെല്ലാം രാഷ്ട്രീയ തീരുമാനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗാന്ധിജി രാഷ്ട്രീയത്തെ ജീവിതത്തിൽ നിന്ന് വേർതിരിക്കാനാവില്ലെന്ന് കരുതിയിരുന്നു. രാഷ്ട്രീയത്തിൽ നിന്ന് ഒഴിഞ്ഞുമാറാതെ അതിനെ നേരിടേണ്ടതുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനാൽ രാഷ്ട്രീയത്തിൽ നിന്ന് അകന്നു നിൽക്കുക എന്നത് അതിന്റെ ഫലങ്ങളിൽ നിന്ന് രക്ഷപ്പെടലല്ല; അവയെ ചോദ്യം ചെയ്യാനുള്ള അവകാശം മറ്റുള്ളവർക്ക് വിട്ടുകൊടുക്കലാണ്.

രാഷ്ട്രീയത്തെ വ്യക്തികൾ നിയന്ത്രിക്കണമോ, അതോ രാഷ്ട്രീയ തത്വങ്ങളും ഭരണഘടനാ മൂല്യങ്ങളും വ്യക്തികളെ നിയന്ത്രിക്കണമോ? നേതാക്കൾ വരും പോകും; പാർട്ടികളും ഭരണകൂടങ്ങളും മാറും. എന്നാൽ നീതി, സ്വാതന്ത്ര്യം, സമത്വം, മനുഷ്യഗൗരവം, നിയമവാഴ്ച എന്നിവയാണ് ജനാധിപത്യ രാഷ്ട്രത്തിന്റെ സ്ഥിരമായ അടിത്തറ. ഡോ. ബി. ആർ. അംബേദ്കർ ഭരണഘടനാ ധാർമ്മികതയെക്കുറിച്ച് വ്യക്തമാക്കിയത് ശ്രദ്ധേയമാണ്: ഭരണഘടനയുടെ രൂപം മാത്രം മതിയാകില്ല; അതിന്റെ ആത്മാവിനനുസരിച്ചുള്ള ഭരണസംസ്‌കാരം വളർത്തണം. നല്ല ഭരണഘടനയ്‌ക്കൊപ്പം അതിനെ ആദരിക്കുന്ന പൗരന്മാരും നേതാക്കളും സ്ഥാപനങ്ങളും വേണം.

സംശുദ്ധ രാഷ്ട്രീയം അഭിപ്രായവ്യത്യാസങ്ങൾ ഇല്ലാതാകണമെന്നല്ല. ജനാധിപത്യത്തിൽ അഭിപ്രായവ്യത്യാസം അനിവാര്യമാണ്; പക്ഷേ അത് വൈരമായി മാറരുത്. രാഷ്ട്രീയ മത്സരം ശത്രുതയാകരുത്. വിമർശനം വ്യക്തിഹത്യയാകരുത്. വോട്ട് നേടാനുള്ള ശ്രമം സമൂഹവിഭജനത്തിന്റെ തന്ത്രമാകരുത്. രാഷ്ട്രീയ എതിരാളിയെ തോൽപ്പിക്കുന്നതിനെക്കാൾ രാജ്യത്തെ ഉയർത്താനുള്ള ആഗ്രഹം ശക്തമാകണം. നമുക്ക് അധികാരത്തെ അവകാശമായി കാണാത്തവരും, പദവിയെ പ്രതാപമായി കാണാത്തവരും, വിമർശനത്തെ ശത്രുതയായി കാണാത്തവരും, ജനങ്ങളെ വോട്ടർമാരായി മാത്രമല്ല പൗരന്മാരായി കാണുന്നവരും, പാർട്ടി താൽപര്യത്തേക്കാൾ രാജ്യത്തിന്റെ താൽപര്യത്തെ മുൻനിർത്തുന്നവരും, തെറ്റുകൾ സമ്മതിക്കാൻ കഴിയുന്നവരും, അടുത്ത തിരഞ്ഞെടുപ്പിനേക്കാൾ അടുത്ത തലമുറയെക്കുറിച്ച് ചിന്തിക്കുന്നവരുമായ രാഷ്ട്രീയക്കാരെയാണ് വേണ്ടത്. ഇത്തരം നേതൃത്വം ഉണ്ടാകണമെങ്കിൽ രാഷ്ട്രീയക്കാരെ മാത്രം മാറ്റിയാൽ പോരാ; രാഷ്ട്രീയ സംസ്‌കാരവും മാറ്റണം.

രാഷ്ട്രീയം മോശമാണെന്ന് പറഞ്ഞ് അതിനെ ഉപേക്ഷിക്കാൻ കഴിയില്ല. രാഷ്ട്രീയം ഉപേക്ഷിച്ചാലും അതിന്റെ തീരുമാനങ്ങൾ നമ്മെ ഉപേക്ഷിക്കുകയില്ല. അതുകൊണ്ട് രാഷ്ട്രീയവിമുഖതയല്ല, രാഷ്ട്രീയ പുനരുജ്ജീവനമാണ് ആവശ്യം. ജനങ്ങൾ വിവരങ്ങൾ പരിശോധിക്കുകയും വാഗ്ദാനങ്ങളെക്കാൾ പ്രവർത്തനത്തെ വിലയിരുത്തുകയും വ്യക്തിപൂജയ്ക്ക് പകരം നയങ്ങളെ മുൻനിർത്തുകയും വേണം. തിരഞ്ഞെടുപ്പ് കാലത്ത് മാത്രം അല്ല, എല്ലാകാലത്തും പൗബോധം നിലനിർത്തണം. രാഷ്ട്രീയം ശുദ്ധീകരിക്കേണ്ടത് നമ്മളും കൂടിയാണ്. രാഷ്ട്രീയത്തെ കുറ്റപ്പെടുത്തുന്നത് എളുപ്പമാണ്. എന്നാൽ ഒരു ജനാധിപത്യ സമൂഹത്തിന്റെ യഥാർത്ഥ ചോദ്യം ഇതാണ്: നമുക്ക് എങ്ങനെയുള്ള രാഷ്ട്രീയം വേണം എന്നതുപോലെ, നമുക്ക് എങ്ങനെയുള്ള പൗരന്മാരാകണം? മോശം രാഷ്ട്രീയക്കാരെ മാത്രം കുറ്റപ്പെടുത്തി നല്ല രാഷ്ട്രീയം സൃഷ്ടിക്കാനാവില്ല.

നല്ല നേതാക്കളെ തിരഞ്ഞെടുക്കുന്ന പൗരന്മാരും അഴിമതിയെ നിരസിക്കുന്ന മനസ്സാക്ഷിയും വ്യാജവാർത്തയെ ചോദ്യം ചെയ്യുന്ന വിവേകവും വ്യത്യസ്ത അഭിപ്രായങ്ങളെ സഹിക്കുന്ന ജനാധിപത്യസംസ്‌കാരവും വേണം. രാഷ്ട്രീയത്തിന്റെ ശുദ്ധീകരണം പാർലമെന്റിൽ നിന്നോ നിയമസഭയിൽ നിന്നോ മാത്രം ആരംഭിക്കേണ്ടതില്ല; അത് ഓരോ പൗരന്റെയും മനസ്സാക്ഷിയിൽ നിന്നാണ് ആരംഭിക്കേണ്ടത്.

രാഷ്ട്രീയം അധികാരത്തിന്റെ കളരിയാകുമ്പോൾ ചിലർ വിജയിച്ചേക്കാം; രാഷ്ട്രീയം പൊതുസേവനമാകുമ്പോഴാണ് ഒരു സമൂഹം വിജയിക്കുന്നത്. അതുകൊണ്ട് നമ്മുടെ ലക്ഷ്യം രാഷ്ട്രീയം ഉപേക്ഷിക്കുകയല്ല-രാഷ്ട്രീയത്തെ അതിന്റെ യഥാർത്ഥ അർത്ഥത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്. അധികാരത്തിൽ നിന്ന് സേവനത്തിലേക്ക്, വിഭജനത്തിൽ നിന്ന് ഐക്യത്തിലേക്ക്, അവസരവാദത്തിൽ നിന്ന് മൂല്യാധിഷ്ഠിതതയിലേക്ക്, വ്യക്തിപൂജയിൽ നിന്ന് സ്ഥാപനങ്ങളിലേക്ക്, വോട്ടുബാങ്കിൽ നിന്ന് പൗബോധത്തിലേക്ക്-ഈ യാത്രയാണ് ആരോഗ്യകരമായ ജനാധിപത്യത്തിന്റെ യഥാർത്ഥ പുനർവിചാരം.

റവ. ജെയിംസ് കെ. ജോൺ, ലബ്ബോക്ക്, ടെക്‌സസ്‌

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam