കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവൻ വായിച്ചെന്നും ഇതിൽ കേസ് എടുക്കാവുന്ന പരാതികളും ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ് ഐ ടി അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു.
ഷൂട്ടിംഗ് ലൊക്കേഷനുകളിൽ മദ്യം, ലഹരി ഉപയോഗം സംബന്ധിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ പരാമർശമുണ്ട്. എസ് ഐ ടി ആ കാര്യങ്ങളും പരിശോധിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ അതിജീവിതമാരുടെ പേരുകള്‍ ഒരു കാരണവശാലും പുറത്തുവരാന്‍ പാടില്ലെന്നും എഫ്.ഐ.ആര്‍ അടക്കമുള്ള രേഖകളില്‍ നിന്ന് അതിജീവിതമാരുടെ പേരുകള്‍ മറച്ചുവെക്കണമെന്നും കോടതി നിര്‍ദ്ദേശിക്കുന്നു. മൊഴി നല്‍കാന്‍ തയാറാല്ലാത്തവരെ നിര്‍ബന്ധിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
എഫ്‌ഐആര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ പൊലീസ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യരുത്. കേസ് രേഖകള്‍ പരാതിക്കാരിക്കല്ലാതെ മറ്റാര്‍ക്കും നല്‍കുന്നതിലും വിലക്കുണ്ട്. പ്രതികള്‍ക്ക് കേസ് രേഖകള്‍ നല്‍കുന്നത് കുറ്റപത്രം നല്‍കിയതിന് ശേഷം മാത്രമായിരിക്കണം. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭ്യമാണോയെന്ന് പരിശോധിക്കണം. തെളിവുകളുണ്ടെങ്കില്‍ ക്രിമിനല്‍ നടപടികളുമായി പ്രത്യേക അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാം. തെളിവില്ലെങ്കില്‍ അന്വേഷണ നടപടികള്‍ അവസാനിപ്പിക്കാമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
അതേസമയം സിനിമ സെറ്റുകളിലെ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ച് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ടെന്നും അതിനെക്കുറിച്ചുള്ള അന്വേഷണം നടത്തണമെന്നും കോടതി പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കി. ഹേമ കമ്മിറ്റി മുന്‍പാകെ മൊഴിനല്‍കിയവര്‍ കേസ് തുടരാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതായാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്.
ലൈംഗികാതിക്രമം അടക്കമുള്ള കുറ്റകൃത്യങ്ങളുണ്ടായെന്ന വിവരം ലഭിച്ചാല്‍ പോലീസ് സ്വമേധയാ അന്വേഷിക്കണമെന്ന് ബി.എന്‍.എന്‍.എസ്. വകുപ്പ് 176-ല്‍ പറയുമ്പോള്‍ മൊഴി നല്‍കിയവര്‍ പിന്മാറുന്നതിനാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം തടസപ്പെടും. വ്യക്തികളുടെ ശരീരത്തിനുനേരേയുള്ള കുറ്റകൃത്യങ്ങളുടെയും ലൈംഗികാതിക്രമം പോലുള്ളവയുടെയും കാര്യത്തില്‍ അതിജീവിത പിന്മാറിയാല്‍ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ നിയമം അനുവദിക്കുന്നില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് ഹൈക്കോടതി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നിര്‍ണായക ഇടപെടല്‍ നടത്തിയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്