കോഴിക്കോട്: വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ പറ്റില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് കടുത്ത വഞ്ചനയാണെന്നും കേന്ദ്രസഹായം നിഷേധിച്ചതിനെതിരേ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും കർമഭൂമിയായതിനാലാണോ വയനാടിനോട് ഈ വിവേചനമെന്ന് സംശയിക്കുന്നു. പ്രധാനമന്ത്രിക്ക് രാഷ്ട്രീയതിമിരം ബാധിച്ചുവോയെന്ന് ജനങ്ങൾ ചോദിക്കുന്നു. മനുഷ്യരുടെ വേദനയും ദുരിതവുംവച്ച് രാഷ്ട്രീയം കളിക്കരുതെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് വയനാട് മുണ്ടക്കൈയിലും ചൂരൽമരയിലും 450 ലധികം പേരുടെ ജീവനെടുത്ത ഉരുൾപൊട്ടൽ. ദുരന്തബാധിതരുടെ അതിജീവനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുന്നതിന് പകരം രാഷ്ട്രീയം കളിക്കുകയാണ് കേന്ദ്ര സർക്കാർ. വയനാടിന് പ്രത്യേക പാക്കേജ് വേണമെന്നത് കേരളത്തിന്റെ പൊതു ആവശ്യമാണ്. വയനാട്ടിലെ ജനങ്ങളുടെ അവകാശമാണ്. മോദി സർക്കാരിന്റെ ഔദാര്യമല്ല ജനങ്ങൾ ആവശ്യപ്പെടുന്നത്. കേന്ദ്രസർക്കാരിന്റെ അനീതിക്കെതിരെ കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കണം.
കേന്ദ്രത്തിൽനിന്നും അർഹമായ ആനുകൂല്യം നേടിയെടുക്കുന്നതിൽ സംസ്ഥാന സർക്കാരും പരാജയപ്പെട്ടു. വയനാട് പാക്കേജ് നേടിയെടുക്കാൻ സംസ്ഥാന സർക്കാരിന് കോൺഗ്രസും യുഡിഎഫും എല്ലാ പിന്തുണയും വാദ്ഗാനം ചെയ്തതാണ്. ദുരന്തം നടന്ന് നൂറുദിനം കഴിഞ്ഞിട്ടും പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്യാൻ പോലും മുഖ്യമന്ത്രി പിണറായി വിജയന് ശബ്ദമില്ല. കോടികളുടെ നഷ്ടമാണ് വയനാട് ഉണ്ടായത്. പ്രത്യേക സാമ്പത്തിക പാക്കേജ് കിട്ടിയെങ്കിൽ മാത്രമെ വയനാട് പുനരധിവാസം ഫലപ്രദമായി നടത്താൻ സാധിക്കുയെന്നും കെ.സുധാകരൻ പറഞ്ഞു.
ദുരന്തമുഖം സന്ദർശിച്ച പ്രധാനമന്ത്രി വയനാടിന്റെ പുനരധിവാസത്തിന് പണം തടസ്സമല്ലെന്ന് ഉറപ്പ് നല്കിയിരുന്നു. എന്നിട്ട് ഇപ്പോൾ ഒരു രൂപപോലും അധികം നൽകില്ലെന്ന് പറയുന്നത് ചതിയാണ്. ബിജെപിക്ക് താൽപ്പര്യമുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ പ്രത്യേക സാമ്പത്തിക പാക്കേജുകൾ വാരിക്കോരി നൽകുന്നത്.
സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽ 394 കോടി ഇനിയും ചെലവാക്കാതെ കിടക്കുന്നു എന്നത് സംസ്ഥാന സർക്കാരിന്റെ ഗുരുതരമായ വീഴ്ചയാണ്. ഈ തുക അടിയന്തരമായി വിനിയോഗിക്കണം. സംസ്ഥാനം പ്രഖ്യാപിച്ച അടിയന്ത സാമ്പത്തിക സഹായം കിട്ടാത്ത നിരവധി ദുരന്തബാധിതരുണ്ട്. ബാങ്ക് വായ്പ എഴുതിതള്ളുന്നതിനും കോൺഗ്രസും മറ്റു സന്നദ്ധ സംഘടനകളും വ്യക്തികളും വാഗ്ദാനം ചെയ്ത വീടുകൾ നിർമ്മിച്ച് നൽകുന്നതിന് ആവശ്യമായ ഭൂമി വിട്ടുനൽകുന്നതിനുമുള്ള നടപടികൾ സംസ്ഥാന സർക്കാർ വേഗത്തിലാക്കണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്