കൊച്ചി: അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി സുധാകരനെ യൂദാസിനോട് ഉപമിച്ച് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്.
യൂദാസേ നീ മനുഷ്യപുത്രനേ ഒരു ചുംബനത്താല്‍ വഞ്ചിക്കുമോ? എന്ന് ചോദിച്ചു കൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം വിശദീകരിച്ചും വ്യക്തിപരമായി താന്‍ ഈ പാര്‍ട്ടിയെ ഉപയോഗിച്ച് കൈവരിച്ച നേട്ടങ്ങളും വിശദീകരിച്ച ശേഷം പാര്‍ട്ടിയെ അധികാര കസേരയ്ക്ക് വേണ്ടി തള്ളിക്കളയുകയാണെന്നാണ് എസ്എഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് കുറിപ്പ്
“യൂദാസേ, നീ മനുഷ്യപുത്രനെ ഒരു ചുംബനത്താൽ വഞ്ചിക്കുമോ?”
യേശുവിനെ ഒറ്റു കൊടുക്കുന്നതിന് യൂദാസ് യേശുവിനെ ചുംബിച്ച പോലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്രം വിശദീകരിച്ചും വ്യക്തിപരമായി താൻ ഈ പാർട്ടിയെ ഉപയോഗിച്ച് കൈവരിച്ച നേട്ടങ്ങളും വിശദീകരിച്ച ശേഷം ശ്രീ ജി. സുധാകരൻ അദ്ദേഹത്തെ ഇന്ന് കാണുന്ന നിലയിൽ എത്തിച്ച പാർട്ടിയെ അധികാര കസേരയുടെ മതിഭ്രമത്തിൽ തള്ളിപറയുകയാണ്. 'പൂച്ചേ പൂച്ചേ' എന്ന് കവിത എഴുതിയ അദ്ദേഹം, 63 വർഷം പാർട്ടിയെ നയിച്ചിട്ട് സ്വന്തം വീട്ടിലെ പൂച്ച അല്ലാതെ ആലപ്പുഴയിലെ ഒരു പാർട്ടി ബ്രാഞ്ച് പോലും കൂടെ ഇല്ല എന്ന് ബോധ്യം ഉണ്ടായിട്ടും കോൺഗ്രസിൻ്റെ മോഹന വാഗ്ദാനത്തിൽ അദ്ദേഹം വീണു പോയിരിക്കുന്നു.
ഇനി അങ്ങോട്ട് കോൺഗ്രസുമായി ചേർന്നിരിക്കുമ്പോൾ സ്വന്തം അനുജൻ, അനശ്വര രക്തസാക്ഷി സ. ജി. ഭുവനേശ്വരൻ്റെ ഓർമ്മകൾ അങ്ങയെ പൊള്ളിക്കുമെന്നത് തീർച്ചയാണ്. 'കോൺഗ്രസാണ് ജി. ഭുവനേശ്വരനെ കൊന്നതെന്ന്' എല്ലാ ഡിസംബർ 07 നും ഞങ്ങളോട് മുടങ്ങാതെ ഇത്രയും നാൾ പ്രസംഗിച്ചിട്ടും ഇന്ന് ആ ചോദ്യത്തിന് കോൺഗ്രസിനെ തള്ളി പറയാതിരിക്കാൻ അങ്ങ് കാണിച്ച മനസ്സ് തെളിയുന്നത് രക്തസാക്ഷിയായ അനുജനെക്കാൾ വലുതാണ് നിങ്ങൾക്ക് അധികാരം എന്നാണ്.
നിങ്ങൾ തള്ളി പറയുന്നത് ചെങ്കൊടിയേയും സ്വന്തം സഹോദരൻ്റെ രക്തസാക്ഷിത്വത്തെയുമാണ്. ഇത്രയും നാൾ താങ്കളെ ചേർത്തുപിടിച്ച പാർട്ടിയെയാണ്. പാർട്ടി നേതാവായത് കൊണ്ട് സ്നേഹിച്ച പാർട്ടി സഖാക്കളെയാണ്. സർവ്വാധികാരിയായിരുന്ന സർ സി. പി. യെ ചോദ്യം ചെയ്യാൻ മടിക്കാത്ത ആലപ്പുഴയിലെ തൊഴിലാളി വർഗ്ഗം നിങ്ങളെ തെരുവിൽ ചോദ്യം ചെയ്യുമെന്നത് തീർച്ചയാണ്.
SFI സ. ജി. ഭുവനേശ്വൻ്റെ പാതയിൽ മുന്നോട്ടു പോവും. ഇനിയും ആലപ്പുഴയിലെ സമര വിദ്യാർത്ഥിത്വം സ. ഭുവനേശ്വരൻ പിടിച്ച പതാകയും പൂക്കളുമായി കരിമുളക്കലിലെ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ ഒത്തുചേരും. 'സ. ജി. ഭുവനേശ്വനെ കൊന്നത് കോൺഗ്രസാണ്' എന്ന് ഇനിയും മുദ്രാവാക്യം വിളിക്കും. അവിടെ നിങ്ങൾക്കു നിൽകാൻ വേണ്ടി വിദ്യാർത്ഥികൾ ഒഴിച്ചിടാറുള്ള സ്ഥലം ഇനി ഉണ്ടാവില്ല!
രക്തസാക്ഷിക്കു മരണമില്ല
അവർ തന്ന കൊടികൾക്ക് പതനമില്ല...
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
