അധികാരമേറ്റെടുത്തതിന് പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഇന്ത്യക്കെതിരായ പകരച്ചുങ്ക നയം നടപ്പിലാക്കുന്നത് മരവിപ്പിച്ച നടപടി നീട്ടിയിരുകകയാണ് യുഎസ്. ഏറ്റവും ഒടുവില്‍ ഓഗസ്റ്റ് 1 വരെയാണ് ഇത് നീട്ടിയിരിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് പകരച്ചുങ്കം ചുമത്താന്‍ യുഎസ് ഭരണകൂടം തീരുമാനിച്ചത്. ഇപ്പോഴത്തെ തീരുമാനം ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്കാര്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്തയാണ്.
വിഷയവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വ്യാപാര കരാര്‍ അന്തിമമാക്കുന്നതിനും ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകള്‍ക്ക് ഈ നീക്കം അധിക സമയം നല്‍കുമെന്നതാണ് പ്രധാന ഗുണം. മാത്രവുമല്ല ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ചര്‍ച്ചയില്‍ ശരിയായ ദിശയിലാണ് മുന്നോട്ട് നീങ്ങുന്നത്. അതുകൂടി കണക്കിലെടുത്താണ് ഇന്ത്യയ്ക്ക് നല്‍കിയ ഇളവ് ഇനിയും തുടരാന്‍ യുഎസ് തീരുമാനിച്ചിരിക്കുന്നത്.
ജൂലൈ 9ന് തുടക്കത്തില്‍ അവസാനിക്കേണ്ടിയിരുന്നതായിരുന്നു ഈ താല്‍ക്കാലിക മരവിപ്പിക്കല്‍. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നുള്ള ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വ്യാപാര പങ്കാളികളുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ തീയതി നീട്ടുകയാണെന്ന് വൈറ്റ് ഹൗസ് അറിയിക്കുകയായിരുന്നു. ശ്രദ്ധേയമായ കാര്യം, യുഎസുമായി ഒരു ഉഭയകക്ഷി വ്യാപാര കരാറിനായി സജീവമായി ചര്‍ച്ചകള്‍ നടത്തിവരുന്ന ഇന്ത്യ, ട്രംപ് ഭരണകൂടം ഔദ്യോഗിക താരിഫ് അറിയിപ്പുകള്‍ നല്‍കിയ രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് പുറത്തായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഏറെക്കുറെ പൂര്‍ത്തിയായി എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ബംഗ്ലാദേശ്, ഇന്തോനേഷ്യ, ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ, തായ്ലന്‍ഡ്, ദക്ഷിണാഫ്രിക്ക തുടങ്ങി നിരവധി രാജ്യങ്ങള്‍ക്കാണ് തീരുവ കത്തുകള്‍ നല്‍കിയിരിക്കുന്നത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട ഈ കത്തുകളില്‍ ഓഗസ്റ്റ് 1 മുതല്‍ യുഎസിലേക്ക് പ്രവേശിക്കുന്ന സാധനങ്ങള്‍ക്ക് പ്രാബല്യത്തില്‍ വരുന്ന തീരുവകളെ കുറിച്ചാണ് വിശദീകരിച്ചത്.
ഏപ്രില്‍ 2 നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. ഇന്ത്യയ്ക്ക് 26 ശതമാനം തീരുവയാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കുന്നതിനായി അവ 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ പുതിയ കാലാവധി നീട്ടല്‍ ക്രിയാത്മക ഇടപെടല്‍ തുടരാനുള്ള യുഎസിന്റെ സന്നദ്ധതയെ കൂടിയാണ് സൂചിപ്പിക്കുന്നത്.
ഇന്ത്യയും യുഎസും വിശാലമായ ഒരു വ്യാപാര കരാറാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആദ്യ ഘട്ടം ഈ വര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവിനുള്ളില്‍ അന്തിമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് മുന്നോടിയായി ഒരു ഇടക്കാല കരാര്‍ നടപ്പിലാക്കാനാണ് ഇരുപക്ഷവും ശ്രമം നടത്തുന്നത്.
അതേസമയം, 2021-22 മുതല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യുഎസ്. 2024-25 ല്‍ ഉഭയകക്ഷി ചരക്ക് വ്യാപാരം 131.84 ബില്യണ്‍ ഡോളറായിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് അവര്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്തു നല്‍കാനുള്ള സാധ്യതയും പല കേന്ദ്രങ്ങളും മുന്നോട്ട് വയ്ക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്