കൊച്ചി: ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്ന് കെ സുധാകരൻ പറഞ്ഞു.
ഇന്ത്യയെ ലോകത്തെ പ്രധാനസാമ്പത്തിക ശക്തികളിലൊന്നായി വളർത്തിയതിൽ മൻമോഹൻ സിങിന്റെ ഇച്ഛാശക്തിയും ദീർഘവീക്ഷണവും ഏറെ സഹായകരമായിട്ടുണ്ട്.സമൂലമായ പരിഷ്‌കരണത്തിലൂടെ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് അടിത്തറ പാകിയ ക്രാന്തദർശിയായ ഭരണാധികാരിയായിരുന്നു അദ്ദേഹം. ഉദാരവത്കരണത്തിന്റെയും ആഗോളവത്കരണത്തിന്റെയും പാതയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് വലിയ പൊളിച്ചെഴുത്താണ് മൻമോഹൻ സിങ് നടത്തിയത്. ലോകം മുഴുവൻ സാമ്പത്തിക മാന്ദ്യത്തിൽ നട്ടം തിരഞ്ഞപ്പോൾ ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ആ പ്രതിസന്ധിയെ അതിജീവിക്കാൻ കരുത്ത് നൽകിയത് മൻമോഹൻ സിങ് തെളിച്ച സാമ്പത്തിക നയങ്ങളുടെ പാതയായിരുന്നു.
അഴിമതി രഹിത സംശുദ്ധ രാഷ്ട്രീയം കൈമുതലാക്കിയ ഭരണാധികാരിയായിരുന്നു അദ്ദേഹം. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിരവധി നിയമങ്ങൾ പിന്നീട് രാജ്യത്തിന്റെ നട്ടെല്ലായി മാറി. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സ്ത്രീ സുരക്ഷയ്ക്കായുള്ള നിയമനിർമ്മാണം, വിദ്യാഭ്യാസ അവകാശ ബിൽ, ദേശീയ ഗ്രാമീണ ആരോഗ്യ മിഷൻ,വിവരാവകാശ നിയമം തുടങ്ങിയ ജനകീയ നിയമങ്ങൾ അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ നടപ്പാക്കിയവയായിരുന്നു. കോൺഗ്രസിന്റെ ആദർശങ്ങളോടും നിലപാടുകളോടും അചഞ്ചലമായ കൂറും പുലർത്തിയ നേതാവാണ് അദ്ദേഹം. കാലം അടയാളപ്പെടുത്തിയ രാജ്യം കണ്ട മികച്ച കോൺഗ്രസ് പ്രധാനമന്ത്രിമാരിൽ ഒരാളാണ് മൻമോഹൻസിങ്. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിനും രാജ്യത്തിനും അപരിഹാര്യമായ നഷ്ടമാണെന്നും കെ.സുധാകരൻ പറഞ്ഞു.
മൻമോഹൻ സിങിന്റെ നിര്യാണത്തിൽ കെ.സി.വേണുഗോപാൽ എംപി അനുശോചിച്ചു
സാമ്പത്തികമായി തകർന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉറപ്പിക്കുകയും ഭരണ കാലയളവിൽ ഇന്ത്യൻ ഭരണഘടന ചോദ്യം ചെയ്യപ്പെടാതെ ഉറപ്പിച്ചുനിർത്തുകയും ചെയ്ത ഭരണാധികാരിയായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി.
ഇന്നത്തെ ഇന്ത്യ. ഒന്നും രണ്ടും യു.പി.എ സർക്കാരുകളുടെ കാലത്തും 33 വർഷത്തെ പൊതുപ്രവർത്തന ജീവിതത്തിലും മൻമോഹൻ സിംഗ് ഇന്ത്യയ്ക്കായി എന്ത് ചെയ്തെന്നതിന്റെ ഉത്തരം കൂടിയാണ് ഇന്നത്തെ ഇന്ത്യ.
ധനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം തുടങ്ങിവെച്ച സാമ്പത്തിക നയങ്ങൾക്ക് പ്രധാനമന്ത്രിയായപ്പോൾ വെള്ളവും വളവും നൽകി ഇന്ത്യൻ വിപണിയുടെ ശക്തി വർധിപ്പിച്ചു. തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും കുറയ്ക്കാൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജനാധിപത്യം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന വിവരാവകാശ നിയമം, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 27% പിന്നാക്ക സംവരണം, കർഷകരുടെ തിരിച്ചടയ്ക്കാൻ പറ്റാത്ത കടങ്ങൾ എഴുതിത്തള്ളാനുള്ള നടപടികൾ, ആരോഗ്യരംഗത്തെ മികച്ച സേവനങ്ങൾ സാധാരണക്കാരിലേയ്ക്ക് എത്തിക്കാൻ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ തുടങ്ങി രാജ്യത്തിന്റെ ആവശ്യം അറിഞ്ഞുള്ള തീരുമാനങ്ങളായിരുന്നു മൻമോഹൻ സർക്കാരുകളുടേത്.
മത്സരങ്ങളുടെ രാഷ്ട്രീയക്കളത്തിലിറങ്ങി പൊരുതിയിട്ടില്ലെങ്കിലും അടിയുറച്ച രാഷ്ട്രീയ ബോധ്യമുള്ള വ്യക്തിയായിരുന്നു മൻമോഹൻ സിംഗെന്നത്, അവസാന കാലത്ത് പോലും രാജ്യം കണ്ടതാണ്. ഡൽഹിയുടെ അധികാരപരിധി കുറക്കുന്ന ബിൽ ചർച്ച ചെയ്യുന്ന വേളയിൽ പ്രായത്തിന്റെ അവശതകൾ മറന്ന് പാർലമെന്റിലെത്തിയതിലൂടെ അദ്ദേഹത്തിന്റെ നിലപാട് വരും തലമുറയ്ക്കും മനസിലാക്കാൻ സാധിക്കും.
മൻമോഹൻ സിംഗിൽ ഇന്ത്യ കണ്ട ഏറ്റവും മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനയും, ദീർഘവീക്ഷണമുള്ള പ്രധാനമന്ത്രിയും ആയിരുന്നു. അദ്ദേഹത്തെ അടുത്തറിയാനുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ട്. രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് ആദ്യം ഊർജ സഹമന്ത്രിയായും പിന്നീട് വ്യോമയാന സഹമന്ത്രിയായും പ്രവർത്തിച്ചപ്പോൾ, മന്ത്രിസഭയിലെ പുതുമുഖമെന്ന നിലയിൽ എനിക്ക് ലഭിച്ച പിന്തുണ മുന്നോട്ടുള്ള യാത്രയിൽ ഏറെ പ്രചോദനവും കരുത്തുമായിരുന്നു. അന്ന് ലഭിച്ച പരിഗണന മറക്കാൻ കഴിയാത്തതാണ്. മാത്രമല്ല, സുനാമി കാലത്ത് കേരളത്തിലെത്തുകയും പുനരധിവാസ പ്രവർത്തനങ്ങളിൽ അടിയന്തര സ്വഭാവത്തോടെ ഇടപെടുകജും ചെയ്ത അദ്ദേഹം നൽകിയ പിന്തുണ സമാനതകളില്ലാത്തതാണ്.
താൻ വ്യോമയാന സഹമന്ത്രിയായിരുന്ന കാലത്ത്, കേരളത്തിൽ നിന്നുള്ള പ്രവാസികളുടെ പ്രശ്‌നങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ സക്രിയമായ ഇടപെടലുകൾ നടത്തുന്നതിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഞാൻ ഊർജ സഹമന്ത്രിയായിരുന്ന കാലത്ത്, പ്രധാനമന്ത്രി തന്നെ നേരിട്ട് ശ്രദ്ധ ചെലുത്തി നൽകിയ കേന്ദ്ര വിഹിതത്തോളം കേരളത്തിന് പിൽക്കാലത്ത് മറ്റൊന്നും ലഭിച്ചിട്ടുമില്ല. കേരളത്തിന്റെ വികസനത്തിലുടനീളം അദ്ദേഹം നടത്തിയ ഇടപെടുകളും ചെലുത്തിയ ശ്രദ്ധയും ഇന്നും ഓർക്കുന്നുവെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
ഭരണഘടനാ പദവിയുടെ അന്തസ്സിന് ഹാനി വരുത്താതെ, ഭരണഘടനയോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയെക്കുറിച്ച് തികഞ്ഞ ബോധ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം.ഇന്ത്യൻ ജനാധിപത്യത്തിനും രാഷ്ട്രത്തിനും സമാനതകളില്ലാത്ത നഷ്ടമാണ് മൻമോഹൻ സിങിന്റെ വേർപാടെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
മൻമോഹൻ സിങിന്റെ നിര്യാണത്തിൽ യുഡിഎഫ് കൺവീനർ എംഎം ഹസൻ അനുശോചിച്ചു
മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിന്റെ നിര്യാണത്തിൽ യുഡിഎഫ് കൺവീനർ എംഎം ഹസൻ അനുശോചിച്ചു. ധിഷണാ ശാലിയായ ഭരണാധികാരിയായിരുന്നു മൻമോഹൻ സിങ്.ഇന്ത്യയെ ലോകത്തെ സുപ്രധാന സാമ്പത്തിക ശക്തിയായി വളർത്തുന്നതിൽ അദ്ദേഹത്തിന്റെ നയങ്ങൾക്ക് വലിയ പങ്കാണുള്ളത്. സൗദി അറേബ്യപോലുള്ള രാജ്യങ്ങൾ ഉൾപ്പെടെ അന്താരാഷ്ട്രതലത്തിൽ വിവിധ രാജ്യങ്ങൾ സാമ്പത്തിക പ്രതിസന്ധിയെ അതിജീവിക്കാൻ അദ്ദേഹത്തിൽ നിന്ന് ഉപദേശം തേടിയിരുന്നു. ഇന്ത്യൻ സാമ്പത്തിക മേഖലയുടെ ഗതിതന്നെ മാറ്റിയെടുക്കാൻ മൻമോഹൻ സിങിന് കഴിഞ്ഞു. സത്യസന്ധതയും ഭരണ നൈപുണ്യവും പ്രതിബദ്ധതയോടുള്ള രാഷ്ട്ര സേവനവും അദ്ദേഹത്തിന്റെ കർമ്മപഥത്തെ കൂടുതൽ തിളക്കമാർന്നതാക്കി.മൻമോഹൻ സിങിന്റെ നിര്യാണം രാജ്യത്തിന് കനത്ത നഷ്ടമാണെന്നും എംഎം ഹസൻ പറഞ്ഞു.
മൻമോഹൻ സിങിന്റെ നിര്യാണത്തിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുശോചിച്ചു
ലോക സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യയെ പരിവർത്തനം ചെയ്ത ധിഷണാ ശാലിയായ ഭരണകർത്താവായിരുന്നു ഡോ.മൻമോഹൻ സിംഗ് എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല അനുസ്മരിച്ചു.
ഇന്ത്യയുടെ കരുതൽ സ്വർണ്ണശേഖരം പോലും വിദേശത്ത് കൊണ്ടു പോയി പണയം വയ്‌ക്കേണ്ട ദയനീയമായ അവസ്ഥയിൽ നിന്ന് കരുത്തുറ്റ സാമ്പത്തിക ഭദ്രത രാഷ്ട്രത്തിന് സമ്മാനിച്ച സാമ്പത്തിക മാന്ത്രികനായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഇന്നത്തെ സാമ്പത്തിക സുസ്ഥിരതയ്ക്ക് മൻമോഹൻസിംഗിനോട് രാഷ്ട്രം കടപ്പെട്ടിരിക്കുന്നു. 2004 മുതൽ 2014 വരെയുള്ള ഇന്ത്യയുടെ നിർണ്ണായക കാലഘട്ടത്തിൽ പ്രതിസന്ധികളിൽ തളരാതെ പക്വതയോടെയും കരുത്തോടെയും ഇന്ത്യയെ മുന്നോട്ട് നയിച്ചു അദ്ദേഹം. ഒരു സാമ്പത്തിക ശാസ്ത്രജ്ഞന്റെ സൂക്ഷമതയോടെ ഉദാരവത്ക്കരണത്തിന്റെ വാതായനങ്ങൾ തുറന്നിട്ടപ്പോഴും രാഷ്ട്രത്തിന്റെ അടിസ്ഥാന ജനതയെ അദ്ദേഹം മറന്നില്ല. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള ശക്തമായ സാമൂഹ്യ സുരക്ഷാ പദ്ധതികൾ പ്രാവർത്തികമാക്കിയിപ്പോൾ അദ്ദേഹത്തിന്റെ ഭരണ നൈപുണ്യവും ദീർഘവീക്ഷണവും പ്രതിബദ്ധതയുമാണ് വ്യക്തമായത്. തികഞ്ഞ മതേതര വാദിയും മാന്യനും മിതഭാഷിയുമായിരുന്ന അദ്ദേഹം അടിയുറച്ച ഗാന്ധിയനുമായിരുന്നു. എനിക്ക് ദീർഘകാലത്തെ അടുത്ത ബന്ധമാണ് ഡോ.മൻമോഹൻസിംഗുമായി ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വേർപാട് കനത്ത വേദന വേദനയാണ് എന്നിൽ സൃഷ്ടിക്കുന്നത്. രാഷ്ട്രത്തിനും കോൺഗ്രസിനിനും കനത്ത നഷ്ടമാണ് ഡോ.മൻമോഹൻസിംഗിന്റെ മരണം മൂലം ഉണ്ടായിട്ടുള്ളത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്