പറവൂർ: കേരള രാഷ്ട്രീയത്തിലെ അതിശക്തമായ പോരാട്ടവേദിയായി പറവൂർ മാറുന്നു. കാൽനൂറ്റാണ്ടായി മണ്ഡലം കൈപ്പിടിയിലൊതുക്കിയിരിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വീഴ്ത്താൻ ഇക്കുറി ബിജെപിയും സിപിഐയും വമ്പൻ നീക്കങ്ങളാണ് നടത്തുന്നത്. പൊതുസമ്മതനായ ഒരു സ്ഥാനാർത്ഥിയെ കളത്തിലിറക്കി സതീശനെ പൂട്ടാനാണ് എൻഡിഎയുടെ ലക്ഷ്യം.
നിലവിൽ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റാണെങ്കിലും, വി.ഡി. സതീശനെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാൻ സീറ്റ് ബിജെപി നേരിട്ട് ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. 2016-ൽ 28,000-ത്തോളം വോട്ടുകൾ നേടിയ എൻഡിഎയ്ക്ക് 2021-ൽ അത് 13,000-ൽ താഴെയായി കുറഞ്ഞിരുന്നു.
ഈ വോട്ട് ചോർച്ച പരിഹരിക്കാൻ ഒരു പ്രമുഖ നേതാവിനെയോ സമുദായ പിന്തുണയുള്ള വ്യക്തിയെയോ രംഗത്തിറക്കാനാണ് ബിജെപി ആലോചിക്കുന്നത്. എൻഎസ്എസ്, എസ്എൻഡിപി നേതൃത്വങ്ങൾ വി.ഡി. സതീശനെതിരെ പരസ്യമായി രംഗത്തെത്തിയത് അനുകൂല ഘടകമാകുമെന്നും എൻഡിഎ കണക്കുകൂട്ടുന്നു.
അതേസമയം, എൽഡിഎഫും ഇക്കുറി പറവൂരിൽ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന് ഒരുങ്ങുകയാണ്. സിപിഐയുടെ സീറ്റായ പറവൂരിൽ മുൻ മന്ത്രി വി.എസ്. സുനിൽകുമാറിനെ സ്ഥാനാർത്ഥിയാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. സതീശനെപ്പോലെ കരുത്തനായ ഒരു എതിരാളിയെ നേരിടാൻ സുനിൽകുമാറിനെപ്പോലെയുള്ള ജനകീയ നേതാവ് വേണമെന്നാണ് എൽഡിഎഫിലെ പൊതുവികാരം.
സീറ്റ് സിപിഎം ഏറ്റെടുക്കണമെന്ന പ്രാദേശിക ആവശ്യം ഉയർന്നിട്ടുണ്ടെങ്കിലും, സുനിൽകുമാർ സമ്മതിക്കുകയാണെങ്കിൽ സിപിഐ തന്നെ മണ്ഡലം നിലനിർത്താനാണ് സാധ്യത.
2001 മുതൽ സതീശന്റെ മേൽവിലാസമായ പറവൂർ ഇക്കുറി ആർക്കൊപ്പം നിൽക്കുമെന്ന് കേരളം ഉറ്റുനോക്കുകയാണ്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം ആത്മവിശ്വാസം നൽകുന്നതായി സതീശൻ അവകാശപ്പെടുമ്പോൾ, പുതിയ തന്ത്രങ്ങളുമായി മണ്ഡലം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് എതിരാളികൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
