നീക്കം അമേരിക്ക വഴി; വലിയ മോഹങ്ങളുമായി പാക്കിസ്ഥാന്‍

AUGUST 27, 2025, 11:35 AM

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ശേഖരമുണ്ട് എന്ന് കരുതുന്ന ബലൂചിസ്ഥാനിലെ റെക്കോ ദിഖ് ഖനി പ്രവര്‍ത്തന സജ്ജമാക്കാന്‍ നടപടികളുമായി  പാകിസ്ഥാന്‍. ഇതിനായി അമേരിക്കയിലെ എക്സിം ബാങ്കില്‍ 10 കോടി ഡോളറിന്റെ വായ്പ ആവശ്യപ്പെട്ട് പാകിസ്ഥാന്‍ അപേക്ഷ സമര്‍പ്പിച്ചു. ഖനനം തുടങ്ങുന്നതിന് മാത്രമല്ല, മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഈ തുക ഉപയോഗിക്കും.

പാക് ക്രൂഡ് ഓയില്‍ ഖനനത്തിന് എല്ലാ സഹായവും നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്‍ വായ്പ ആവശ്യപ്പെട്ടത്. സ്വര്‍ണത്തിന് പുറമെ ചെമ്പ് ഖനനത്തിനും ഈ തുക ഉപയോഗിക്കും. ഖനനം, സംസ്‌കരണം, സംഭരണം, വൈദ്യുതി ഉല്‍പ്പാദനം, ഗതാഗത സൗകര്യമൊരുക്കല്‍ എന്നിവയ്ക്കെല്ലാമാണ് പാകിസ്ഥാന്‍ ഈ തുക വിനിയോഗിക്കുക. സാങ്കേതിക സഹായം അനുവദിക്കാനും പാകിസ്ഥാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

പാകിസ്ഥാനില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന മേഖലയാണ് ബലൂചിസ്ഥാന്‍ പ്രവിശ്യ. സ്വര്‍ണ ഖനനം തുടങ്ങിയാല്‍ ഇവിടെ വികസനം എത്തുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, ആയിരക്കണക്കിന് ആളുകള്‍ക്ക് ജോലി അവസരവുമുണ്ടാകും. എന്നാല്‍ ചൈനയെ പോലെ അമേരിക്കയും പാകിസ്ഥാനില്‍ പണം നഷ്ടപ്പെടുത്താന്‍ പോകുന്നു എന്നാണ് മുന്‍ ട്രഷറി സെക്രട്ടറി ഇവാന്‍ ഫീഗന്‍ബോം പ്രതികരിച്ചത്. പാകിസ്ഥാനില്‍ എണ്ണ ഖനനം ആരംഭിക്കാന്‍ സഹായിക്കുമെന്ന് ട്രംപ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്ക് പാകിസ്ഥാനില്‍ നിന്ന് എണ്ണ വാങ്ങേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. നിലപാടുകള്‍ ഇടയ്ക്കിടെ മാറ്റുന്ന ട്രംപിന്റെ രീതി ലോക രാജ്യങ്ങള്‍ ആശങ്കയോടെയാണ് കാണുന്നത്. 

ക്രൂഡ് ഓയില്‍ കടുതല്‍ ഇന്ത്യയില്‍

പാകിസ്ഥാനേക്കാള്‍ ക്രൂഡ് ഓയില്‍ ശേഖരമുണ്ട് എന്ന് കരുതുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍ ഇന്ത്യയില്‍ ഖനനത്തിന് സഹായിക്കാന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. മാത്രമല്ല, ഇന്ത്യയ്ക്കെതിരെ ഇറക്കുമതി ചുങ്കം 50 ശതമാനമാക്കി ഉയര്‍ത്തുകയും ചെയ്തു. പാകിസ്ഥാന് ഇതിനേക്കാള്‍ കുറവാണ് ചുങ്കം. ഇന്ത്യയ്ക്ക് ചുമത്തിയ അത്രയും ചുങ്കം ചൈനയ്ക്കും അമേരിക്ക ചുമത്തിയിട്ടില്ല. പാകിസ്ഥാനില്‍ 234 മുതല്‍ 353 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരമുണ്ട് എന്നാണ് കണക്കാക്കുന്നത്. 

അതേസമയം, ഇന്ത്യയില്‍ 5 ബില്യണ്‍ ബാരല്‍ എണ്ണയുണ്ട് എന്നാണ് ഇതുവരെ കണ്ടെത്തിയത്. ആന്റമാന്‍ നിക്കോബാര്‍ ദ്വീപില്‍ അടുത്തിടെ കണ്ടെത്തിയ എണ്ണ ശേഖരം ഇന്ത്യയ്ക്ക് മുതല്‍ കൂട്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണയുള്ള രാജ്യങ്ങളുടെ പട്ടിയില്‍ ആദ്യ 50 ല്‍ പാകിസ്ഥാന്‍ ഇല്ല. ഇന്ത്യ ആദ്യ 30 ല്‍ ഉള്‍പ്പെട്ട രാജ്യമാണ്. എന്നിട്ടും അമേരിക്കയും ട്രംപും പാകിസ്ഥാനെ സഹായിക്കാനാണ് ശ്രമിക്കുന്നത്. 

ബലൂചിസ്താനിലെ സ്വര്‍ണ-ചെമ്പ് ഖനി കണ്ടിട്ടാണ് ട്രംപിന്റെ നീക്കമെന്നും പറയപ്പെടുന്നു. എഡിബിയുടെ സഹായവും ഖനനത്തിന് വേണ്ടി പാകിസ്ഥാന് ലഭിച്ചിട്ടുണ്ട്. ഖനിയുടെ ഉടമസ്ഥരായ ബാരിക് ഗോള്‍ഡിനും ബലൂചിസ്ഥാന്‍ സര്‍ക്കാരിനുമാണ് എഡിബി വായ്പ അനുവദിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam