ഇനി പ്രതീക്ഷ മോദിയിലോ? സെലന്‍സ്‌കി ഇന്ത്യയിലേക്ക്

AUGUST 27, 2025, 2:32 PM

റഷ്യ-ഉക്രെയ്ന്‍ യുദ്ധം അനിശ്ചിതമായി തുടരുന്നതിനിടെ ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ഇന്ത്യയിലേക്ക് എത്തുന്നു. ഇന്ത്യയിലെ ഉക്രെയ്ന്‍ അംബാസിഡര്‍ ഒലെക്‌സാണ്ടര്‍ പോളിഷ്ചുക്ക് ഇതുസംബന്ധിച്ച സൂചന നല്‍കിക്കഴിഞ്ഞു. സെലന്‍സ്‌കിയുടെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണെന്നും അതിനായുള്ള തീയതി തീരുമാനിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി ഇന്ത്യയും ഉക്രെയ്‌നും തമ്മില്‍ നയതന്ത്ര തലത്തില്‍ വളരെ അടുത്ത ബന്ധമാണ് നിലനിര്‍ത്തി പോരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചതിനെ തുടര്‍ന്നാണ് ഉക്രെയ്ന്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്. റഷ്യന്‍ ഭരണകൂടവുമായുള്ള ഇന്ത്യയുടെ അടുത്ത സൗഹൃദം കാരണം ഇന്ത്യയെ സമാധാന ചര്‍ച്ചകളില്‍ ഒരു പ്രധാന പങ്കാളിയായാണ് ഉക്രെയ്ന്‍ കാണുന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിലും സമാധാനം പുനസ്ഥാപിക്കുന്നതിലും ഇന്ത്യന്‍ പങ്കാളിത്തം ഉക്രെയ്ന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്.

മാത്രമല്ല ഇന്ത്യ-ഉക്രെയ്ന്‍ ഉഭയകക്ഷി ബന്ധത്തില്‍ ഈ സന്ദര്‍ശനം ഒരു വലിയ നേട്ടമായിരിക്കും എന്ന പ്രതീക്ഷയും ഉക്രെയ്ന്‍ അംബാസിഡര്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പ്രധാനമന്ത്രി മോദി യുക്രൈന്‍ സന്ദര്‍ശിക്കുകയും ഒരു സുഹൃത്ത് എന്ന നിലയില്‍ ആ രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാന്‍ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഒരു ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഉക്രെയ്‌നിലും പശ്ചിമേഷ്യയിലും നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചാണ് ഇരുവരും ചര്‍ച്ച ചെയ്തത്.

പുടിനുമായുള്ള ട്രംപിന്റെ സമാധാന ചര്‍ച്ചകള്‍ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ഉക്രെയ്ന്‍ ഭരണകൂടം ഇന്ത്യയെ ആശ്രയിക്കുന്നതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കഴിഞ്ഞ ദിവസം അലാസ്‌കയില്‍ നടന്ന പുടിന്‍-ട്രംപ് കൂടിക്കാഴ്ച്ച ഉക്രെയ്ന്‍ ജനതയ്ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ഉക്രെയ്‌നില്‍ റഷ്യ ആക്രമണം കടുപ്പിക്കുകയാണ്. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ വ്യോമാക്രമണമാണ് കഴിഞ്ഞ ദിവസം റഷ്യ നടത്തിയതെന്ന് ഉക്രെയ്ന്‍ ആരോപിച്ചു. ഈ ഘട്ടത്തിലാണ് സെലന്‍സ്‌കിയുടെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.

റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇരു നേതാക്കളും നിരവധി അന്താരാഷ്ട്ര ഉച്ചകോടികളില്‍ വെച്ച് കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കണമെന്ന് സെലന്‍സ്‌കി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, സെലന്‍സ്‌കിയുടെ ഇന്ത്യ സന്ദര്‍ശനത്തെയും നരേന്ദ്ര മോദി സ്വീകരിക്കുന്ന നിലപാടിനെയും റഷ്യ എങ്ങനെ കാണും എന്നതും കാത്തിരുന്നു കാണേണ്ടതാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam