നായനാരുടെ ഭരണകാലത്ത് ഉമ്മൻചാണ്ടി ജയിലിലായി

DECEMBER 12, 2024, 1:30 AM

നായനാരുടെ ഭരണകാലത്ത് ഉമ്മൻചാണ്ടിക്ക് കോട്ടയം സബ് ജയിൽ അഞ്ചുദിവസം കിടക്കേണ്ടി വന്നിട്ടുണ്ട്. 1997 മാർച്ചിലാണ് സംഭവം. യാതൊരു സൗകര്യങ്ങളും ഇല്ലാത്ത ജയിൽമുറിയിലാണ് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരെ കിടത്തിയത്. ഇത് അറിഞ്ഞ് പാലാ കെ.എം. മാത്യു ഒരു ബെഞ്ച് സ്റ്റേഷനിലേകക്ക് കൊണ്ടുവന്നു. അങ്ങനെ ഉമ്മൻചാണ്ടിയുടെ കിടപ്പ് അതിലായി. ഉമ്മൻചാണ്ടിയുടെയും മറ്റും അറസ്റ്റ് വലിയ ഒച്ചപ്പാടിന് ഇടയാക്കി. പ്രതിഷേധം സംസ്ഥാനത്തുടനീളം പടർന്നുപിടിച്ചു. പോലീസ് വിദ്യാർത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്തു. നിരാഹാരം അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഉമ്മൻചാണ്ടിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

നിഷ്‌കളങ്കതയാണ് മുഖ്യമന്ത്രി ഏറംപാല കൃഷ്ണൻ നായരുടെ മുഖമുദ്ര. ഉള്ളിൽ എന്താണെങ്കിലും പുറമേ തികച്ചും സൗഹൃദപരമായ ഒരു പെരുമാറ്റ രീതിയാണ് നായനായരെ ഏവർക്കും ഇഷ്ടപ്പെട്ട കഥാപാത്രമാക്കി മാറ്റുന്നത്. എന്തും തുറന്നടിക്കാനുള്ള മനക്കരുത്തും എന്തു പ്രശ്‌നത്തെയും നേരിടാനുള്ള തന്റേടവും അദ്ദേഹത്തിനുള്ളതായി ഭാവിക്കും.

ആർക്കും അദ്ദേഹത്തോട് എന്തും ചോദിക്കാം. അതിനെല്ലാം തമാശയിൽ നിറഞ്ഞ മറുപടി ഉടൻ ഉണ്ടാകും. കുസൃതി ഉള്ളിൽ ഒതുക്കി പത്രലേഖകരെ കൈകാര്യം ചെയ്യാനും നായനാർക്ക് സ്വന്തം ശൈലി ഉണ്ട്. നായനാർ എന്ന വാക്കിന്റെ അർത്ഥം തന്നെ നേതാവ് എന്നാണ്. പണ്ട് വടക്കേ മലബാറിലെ കോലത്തിരി രാജാക്കന്മാർ കല്യാശ്ശേരി തറവാടിന് ഈ സ്ഥാനപ്പേര് നൽകി ആദരിക്കുകയായിരുന്നു.

vachakam
vachakam
vachakam


വലിയൊരു ജന്മി കുടുംബത്തിലാണ് ജനിച്ചതെങ്കിലും ജന്മിത്വത്തിന്റെ സുഖസൗകര്യങ്ങൾ ഒന്നും ആസ്വദിക്കാൻ നായനാർ നിന്നില്ല. സ്‌കൂളിൽ പഠിക്കുമ്പോൾ തന്നെ ബന്ധുവായ കെ.പി.ആർ ഗോപാലന്റെ സ്വാധീനത്തിൽ കോൺഗ്രസ് പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. അതോടെ വിദ്യാഭ്യാസം മുടങ്ങി. മറ്റ് ഇടതുപക്ഷക്കാരോടൊപ്പം 1940 നു മുമ്പ് തന്നെ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലേക്ക് മാറി. ഉത്തരമലബാറിനെ ഇളക്കിമറിച്ച മൊറാഴ സംഭവവും കയ്യൂർ സംഭവം നായനാരെ പ്രശസ്തനും പോലീസിന്റെ നോട്ടപ്പുള്ളിയുമാക്കി. ഒളിത്താവളങ്ങളിൽ നിന്നും ഒളിത്താവളങ്ങളിലേക്ക് നീണ്ട പ്രയാണങ്ങളിലൂടെ നായനാർ വളർന്നു. 1956 മുതൽ 1967 വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരുന്നു.

പിന്നീട് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അഴീക്കോടൻ രാഘവന്റെയും പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എച്ച്. കണാരന്റെയും മരണത്തെ തുടർന്ന് 1972 സി.പി.എം സംസ്ഥാന സെക്രട്ടറിയായി. 1980ൽ ആദ്യമായി കേരള മുഖ്യമന്ത്രിയായി. 21 മാസക്കാലം ആ ഭരണം നീണ്ടു നിന്നുള്ളൂ. പിന്നെ 1987 ഇടതുമുന്നണി അധികാരത്തിൽ എത്തിയപ്പോൾ അമരക്കാരൻ നായനാർ തന്നെയായിരുന്നു. വീണ്ടും 1996ൽ ഇടതുപക്ഷ മുന്നണിക്ക് ഭരണം കിട്ടിയപ്പോൾ അപ്രതീക്ഷിതമായി നറുക്ക് വീണതും നായനാർക്ക്. ബഹുജനസമ്മതനായ മുഖ്യമന്ത്രി ആകുന്നതിനു മുമ്പ് നായനാർ. പാർട്ടിയുടെ ഇരുമ്പ് ചട്ടക്കൂടിനുള്ളിലിരുന്ന് ബഹുജന സമരങ്ങൾ നയിക്കുകയും പലപ്പോഴും ഒളിവിലിരുന്നുള്ള പാർട്ടി പ്രവർത്തനങ്ങളാണ് നടത്തിയിരുന്നത്.

vachakam
vachakam
vachakam

അങ്ങിനെ നേടിയ മനോവീര്യം അദ്ദേഹത്തെ കരുത്തുള്ള കമ്മ്യൂണിസ്റ്റുകാരനാക്കിത്തീർത്തു.
ഉത്തര മലബാറിൽ പാർട്ടി കെട്ടിപ്പടുക്കാനാണ് 40കളിലും 50കളിലും അദ്ദേഹം ശ്രമിച്ചത്. മികച്ച ഒരു സംഘാടകനായാണ് നായനാർ അറിയപ്പെട്ടത്. പുറത്തു കാണുന്ന നർമ്മബോധം ഒന്നും അദ്ദേഹം പാർട്ടിക്കുള്ളിൽ കാണിക്കാറില്ല. അദ്ദേഹം ഉള്ളിൽ തികഞ്ഞ ഗൗരവക്കാരൻ ആണ് എന്നായിരുന്നു പാർട്ടിയുടെ അക്കാലത്തെ നേതാക്കളും അനുയായികളും പറഞ്ഞിരുന്നത്. പാർട്ടിയുടെ തലപ്പത്ത് പടിപടിയായി ഉയരാൻ അദ്ദേഹത്തെ സഹായിച്ചതും ഈ അർപ്പണബോധം തന്നെയായിരിക്കാം.

പാർട്ടി കമ്മിറ്റികളിൽ മുഴുവൻ സമയവും പങ്കെടുക്കാനും അംഗങ്ങൾ പറയുന്നതൊക്കെ കുറിച്ച് എടുക്കാനും ഓരോന്നും ഓർമ്മവച്ചു മറുപടി പറയാനും നായനാർക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയായിരുന്നു. ശക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് പോലും നായനാരുടെ വിശദീകരണം കേൾക്കുന്നതോടെ പൂർണ്ണ തൃപ്തിയാകും.

മുഖ്യമന്ത്രി ആയത് നായനാരുടെ ജീവിതത്തിലെ ഒരു വലിയ വഴിത്തിരിവായിരുന്നു. 1957ലും 67ലും മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന് ശേഷമാണ് നായനാർ ഇടതുപക്ഷ മുന്നണിയുടെ നേതാവായത്. ഇഎംഎസിന്റെ കൂർമ്മ ബുദ്ധിയോ താത്വൂകഭാവമോ നായനാർക്കുണ്ടായിരുന്നില്ല. ഇഎംഎസ് പാർട്ടിയുടെ പുറത്ത് എല്ലാ ജനവിഭാഗങ്ങൾക്കിടയിലും അറിയപ്പെട്ടു കഴിഞ്ഞ നേതാവായിരുന്നുവെങ്കിൽ നായനാർ പാർട്ടിക്കുള്ളിൽ മാത്രം അറിയപ്പെട്ടിരുന്ന നേതാവായിരുന്നു. ഈ പോരായ്മകൾ പരിഹരിക്കാൻ വളരെ വേഗം കഴിഞ്ഞു എന്നതാണ് നായനാരുടെ വിജയം. ബീഡി വലിച്ചും ചുളുങ്ങിയ സാധാരണ മുറിക്കയ്യൻ ഷർട്ടുമിട്ട് കാണുന്നവരെ അടുത്തു വിളിച്ച് തമാശ പറഞ്ഞു നടന്ന ഒരു മുഖ്യമന്ത്രി. ഇത് കേരളീയർക്ക് പുതിയൊരു അനുഭവമായിരുന്നു. പെട്ടെന്നാണ് ഇടത്തരക്കാരും സാധാരണക്കാരും പാവപ്പെട്ടവരും ഒക്കെ തങ്ങളുടെ സ്വന്തം ആളായി നായനാരെ കണ്ടു തുടങ്ങിയത്.

vachakam
vachakam
vachakam

മൈക്കിനു മുന്നിൽ നിന്ന് ജനങ്ങളെ അഭിമുഖീകരിക്കുമ്പോൾ പൊടുന്നനെ ഒരു മാന്ത്രീകഭാവത്തിലെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. കൂടെ കൂടെ ഉതിർന്നുവീഴുന്ന ഫലിതങ്ങൾ, വടക്കൻ മലബാർ ചുവയുള്ള സംസാരം. ഇതെല്ലാം നായനാരുടെ പ്രസംഗത്തിനും മാറ്റുകൂട്ടി. ഇഎംഎസും എകെജിയും കഴിഞ്ഞാൽ ഏറ്റവും അധികം ജനസമതിയുള്ള നേതാവായി നായനാർ വളരുകയായിരുന്നു.

ബഹുമുഖ വ്യക്തിത്വമാണ് നായനാരുടെത്.  എന്നാൽ രാഷ്ട്രീയം കൈകാര്യം ചെയ്യുമ്പോൾ തികച്ചും  വിഭിന്നമായ ഒരു മുഖമാണ് നായനാർക്കുള്ളത്. 100 ശതമാനവും പാർട്ടിക്കാരനാണ് അദ്ദേഹം. സ്വന്തം പാർട്ടിയുടെ നിർദ്ദേശങ്ങൾ കർക്കശമായി പാലിച്ച് മാത്രമേ അദ്ദേഹം പെരുമാറാറുള്ളു. പാർട്ടി കാര്യത്തിൽ ആരോടും ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായില്ല. നിയമസഭയിൽ പ്രതിപക്ഷത്തോടെ ഏറ്റുമുട്ടുമ്പോൾ ഏതടവും അദ്ദേഹം പുറത്തെടുക്കും.
തികഞ്ഞ ഒരു ശുദ്ധാത്മാവാണ് നായനാർ. എന്നാൽ പ്രതിപക്ഷത്തോടെ തീർക്കാൻ ഒരു മടിയും കാണിക്കാറില്ല. ശുദ്ധാത്മാവ് എന്ന പ്രതിച്ചായ അദ്ദേഹം ചൂഷണം ചെയ്യുന്നു. ഉമ്മൻചാണ്ടിയുടെ അഭിപ്രായം അതായിരുന്നു.

ഇതു പറയാൻ ന്യായമായ ഒരു കാരണം ഉമ്മൻചാണ്ടിക്കുണ്ട്. നായനാരുടെ ഭരണകാലത്ത് ഉമ്മൻചാണ്ടിക്ക് കോട്ടയം സബ് ജയിൽ അഞ്ചുദിവസം കിടക്കേണ്ടി വന്നിട്ടുണ്ട്. 1997 മാർച്ചിലാണ് സംഭവം. എസ്.എസ്.എൽ.സി പരീക്ഷാ സമയത്ത് പവർകട്ട് ഏർപ്പെടുത്തി. അത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സമര രംഗത്തിനിറങ്ങി. ജെ. ജോസഫ് ആണ് അന്ന് കെ.എസ്.യു പ്രസിഡന്റ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ മാർച്ചിനു നേരെ പോലീസ് അതിഭീകരമായ ലാത്തിച്ചാർജ് നടത്തി. കണ്ണീർവാദം പ്രയോഗിച്ചു.

പിറ്റേദിവസം കേരളമെമ്പാടും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാൻ കെ.എസ്.യു ആഹ്വാനം ചെയ്തു. അതേത്തുടർന്ന് അടുത്ത ദിവസം അതിശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ടി.ബി. ജംഗ്ഷനിലുള്ള ഡി.സി.സി ഓഫീസിലെത്തി. അല്പം കഴിഞ്ഞപ്പോൾ ഒരു സംഘം പോലീസ് ഡി.സി.സി ആസ്ഥാനത്ത് അതിക്രമിച്ചു കടന്നു. ഓഫീസിനു നേർക്കുള്ള ആക്രമണം തന്നെയായിരുന്നു. പിൽക്കാലത്ത് കുന്നത്തുനാട് എം.എൽ.എ ആയ വി.പി. സജീന്ദ്രൻ, മറ്റ് കെ.എസ്.യു നേതാക്കളായ നിബു ജോൺ, നാട്ടകം സുരേഷ്, ഷമീർ എന്നിവരെ അറസ്റ്റ് ചെയ്തു വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

വിവരമറിഞ്ഞ ഉമ്മൻചാണ്ടി ഉടൻതന്നെ പോലീസ് സ്റ്റേഷനിൽ എത്തി. ഉമ്മൻചാണ്ടി വരുന്നുണ്ടെന്ന് അറിഞ്ഞ ഉടൻതന്നെ പോലീസുകാർ കെ.എസ്.യു നേതാക്കളെ പിൻഭാഗത്തെ വാതിൽ വഴി പുറത്തുകൊണ്ടുവന്ന് ജീപ്പിൽ കയറ്റി മജിസ്‌ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോയി. കോടതി അവരെ റിമാൻഡ് ചെയ്തു. പിന്നെ ജയിലിൽ അടച്ചു. ഇതിൽ പ്രതിഷേധിച്ച് ഉമ്മൻചാണ്ടി പോലീസ് സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം കിടന്നു. ഒരു ദിവസം കഴിഞ്ഞതോടെ ഉമ്മൻചാണ്ടിയെ അറസ്റ്റ് ചെയ്തു.

ഉച്ച ആകും മുമ്പ് റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് ഉമ്മൻചാണ്ടിയെ കൊണ്ടുപോയി. കെ.എസ്.യുവിന്റെ പ്രവർത്തകരും അവിടെയുണ്ട്. കെ.എസ്.യു പ്രവർത്തകർ കിടക്കുന്ന സെല്ലിലേക്ക് തന്നെ ഉമ്മൻചാണ്ടിയെയും കിടത്തി. ഉമ്മൻചാണ്ടി അവിടെയും നിരാഹാരം തുടങ്ങി. കെ.എസ്.യുക്കാരും നിരാഹാരത്തിൽ പങ്കാളികളായി. യാതൊരു സൗകര്യങ്ങളും ഇല്ലാത്ത ജയിൽമുറിയിലാണ് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവരെ കിടത്തിയത്.

ഇത് അറിഞ്ഞ് പാലാ കെ.എം.മാത്യു അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഒരു ബെഞ്ച് സ്റ്റേഷനിലേകക്ക് കൊണ്ടുവന്നു. ജയിൽ സൂപ്രണ്ട് അത് അനുവദിച്ചു. അങ്ങനെ ഉമ്മൻചാണ്ടിയുടെ കിടപ്പ് അതിലായി. ഉമ്മൻചാണ്ടിയുടെയും മറ്റും അറസ്റ്റ് വലിയ ഒച്ചപ്പാടിന് ഇടയാക്കി. പ്രതിഷേധം സംസ്ഥാനത്തുടനീളം പടർന്നുപിടിച്ചു. പോലീസ് വിദ്യാർത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്തു. നിരാഹാരം അഞ്ചു ദിവസം കഴിഞ്ഞപ്പോൾ ഉമ്മൻചാണ്ടിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ഒത്തുതീർപ്പിനായി പലരും ശ്രമിച്ചു. മന്ത്രി ബേബി ജോൺ ഈ പ്രശ്‌നത്തിൽ കാര്യമായി ഇടപെട്ടു. പോലീസ് നടപടികളെ പറ്റി അന്വേഷണം നടത്താമെന്ന് നായനാർ സർക്കാർ ഒടുവിൽ സമ്മതിച്ചു. അതോടെ ഉമ്മൻചാണ്ടിയും കെ.എസ്.യു നേതാക്കളും ജയിൽ നിന്ന് മോചിതരായി.

(തുടരും)

ജോഷി ജോർജ്

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam