സംബന്ധം എന്നാൽ തമിഴിലും പരസ്പരബന്ധം എന്ന അർത്ഥം ഉണ്ട്. പക്ഷേ, അത്രയേ ഉള്ളൂ. മേൽജാതിക്കാർ കീഴ്ജാതി സ്ത്രീകളുടെ വീട്ടിൽ രാത്രിയിലെ ആവശ്യങ്ങൾക്ക് മാത്രം പോകുന്ന പതിവ് എന്ന അർത്ഥം ഇല്ല.
'അതുക്കും ഇതുക്കും എന്ന സംബന്ധം?' എന്ന് അവർ ചോദിക്കും.
എന്നാൽ മലയാളത്തിൽ ഈ വാക്കിന് ആദ്യം ധ്വനിക്കുന്ന അർത്ഥം ലോകത്ത് മറ്റെങ്ങും ഇല്ലെങ്കിലും കേരളത്തിൽ നടപ്പിലുണ്ടായിരുന്ന ഒരു പരസ്യമായ രഹസ്യം എന്നാണ്.
സിനിമയ്ക്ക് ഒരു വിഷയം വേണം എന്ന് ഈയിടെ പറഞ്ഞ ഒരു നിർമ്മാതാവിനോട്(മറക്കരുത്, അമ്മ ഇല്ലാത്തവൻ എന്നല്ല സിനിമ നിർമ്മിക്കുന്നവൻ എന്നാണ് അർത്ഥം) എന്റെ സുഹൃത്തായ ഒരു തിരുമാലി പറഞ്ഞുകൊടുത്ത സബ്ജക്ട് അതായിരുന്നു.
പഴയ വിഷയമല്ലേ എന്ന് അയാൾക്ക് ശങ്ക. വല്ലഭന് പുല്ലും ആയുധം എന്ന പഴമൊഴി അദ്ദേഹത്തെ അയാൾ ഓർമിപ്പിച്ചു.
അതുകൊണ്ടായില്ല ഒരു 'വൺലൈൻ' എന്ന സൂത്രം കൂടി പറഞ്ഞു തരണം എന്ന് പ്രൊഡ്യൂസർ ശഠിച്ചു. എന്നുവെച്ചാൽ ഒരു കഥ ഒറ്റയൊറ്റ വാചകങ്ങളിൽ ചുരുക്കി പറയണം. 'ടേക്ക് ഡൗൺ!' എന്ന് തിരുമാലി. നിർമ്മാതാവ് മൊബൈലിൽ റെക്കോർഡർ ഓണാക്കി.
തിരുമാലി പറഞ്ഞു: കാരൻ കാരിയോട് കാട്ടിയ അപരാധങ്ങൾ പറയുക.തുടർന്ന് കാരി കാരനോട് ചെയ്ത കടുംകൈകൾ വിവരിക്കുക. കൊല, കൊള്ള, പിടിച്ചുപറി, ബലാത്സംഗം എന്നിങ്ങനെയുള്ള പരിപാടികൾ മറയില്ലാതെ അരങ്ങേറണം.
ഇത് എത്ര നേരത്തേക്ക് നടത്താം എന്ന്. മതിയാവോളം എന്ന് തിരുമാലി.
ഓടാമോ എന്ന് സംശയം.
സംശയിക്കേണ്ട എന്ന് തിരുമാലിയുടെ ഉറപ്പ്. വിശദീകരണമായി ഇങ്ങനെയും: കാരന്റെയും കാരിയുടെയും വീട്ടുകാർ ഇപ്പോൾ സമ്പന്നരും ശക്തരും ആണ്. ഇവർ തമ്മിലുള്ള ശത്രുത വളർത്തി തങ്ങളുടെ നിലനിൽപ്പ് ഉറപ്പിക്കുകയാണ് ഒരു കൂട്ടം വക്കീലന്മാരും കുറുക്കന്മാരും സൂത്രക്കാരും. ഇവരെല്ലാം കൂടി ഏറ്റുപിടിച്ച് ഇതിന്റെ ഖ്യാതി പരത്തും.
ഈ അടിപിടികൊണ്ടു കിട്ടുന്ന ആനുകൂല്യങ്ങളിൽ നിങ്ങൾക്കു കാര്യമായ പങ്കുണ്ടാകും. ഇരുഭാഗത്തും ഉള്ളവർ സിനിമ കാണും. ലോക റെക്കോർഡുകൾ തകരും. കല എന്ന പേരിലല്ലാതെ കാണിക്കാൻ വയ്യാത്തതൊക്കെ കാണിച്ചാൽ പറയാനും ഇല്ല!
അഥവാ കാണാൻ ജനം കുറവാണ് എങ്കിൽ കുറെ ഭാഗങ്ങൾ വെട്ടി മാറ്റി, തർക്ക വിതർക്കങ്ങളും അതിലേക്കു നയിച്ച കാര്യകാരണങ്ങളും വിശദമാക്കി പുതിയ രൂപത്തിൽ അവതരിപ്പിക്കുക. എന്താണ് എടുത്ത കളഞ്ഞത് എന്നറിയാൻ ഇരു ഭാഗവും അപ്പോൾ വീണ്ടും കാണും. കുറച്ചു കഴിഞ്ഞാൽ വേണമെങ്കിൽ ഏതാനും പുതിയ ഭാഗങ്ങൾ കൂടി ചേർക്കുക. അപ്പോൾ വീണ്ടും ഒരു റൺ കിട്ടും!!
രണ്ടു ഭാഗത്തുള്ളവരും ഒരുമിച്ചുകൂടി തല്ലാൻ വന്നാലോ എന്ന ശങ്ക ഉണ്ടായി. അങ്ങനെ വരില്ല എന്ന് തിരുമാലി ഉറപ്പു പറഞ്ഞു. തമ്മിൽ തല്ലുന്നവർ അഥവാ യോജിച്ചാലോ? ഇരുവരും ചേർന്ന് നിർമ്മാതാവിനെ തല്ലിയാലോ! പേടിക്കേണ്ട, ഒരു കുരുക്ഷേത്ര യുദ്ധവും ഇന്നേവരെ ഒഴിവായി പോയിട്ടില്ല എന്ന് തീരുമാലി!
സംഗതി കബൂൽ ആയി പോകാൻ അഥവാ സാധ്യതയുണ്ട് എന്നു കണ്ടാൽ കാരന്റെയും കാരിയുടെയും മുൻതലമുറകളിലെ അക്രമങ്ങളുടെ ചരിത്രം എന്ന പേരിൽ കൂടുതൽ രഹസ്യങ്ങൾ മറ നീക്കിപറയുക. ആദമിന്റെയും ഹവ്വയുടെയും കാലം വരെ പോകാം. മസാലയ്ക്ക് ഒരു കുറവും വരില്ല.
ഇരു കൂട്ടരും നിർമ്മാതാവിനോട് കടപ്പെട്ടവരും ആയിത്തീരും. ഇത്രയേറെ എക്‌സ്‌പോഷർ വേറെ ആരും അവർക്ക് നൽകിയിട്ടില്ലല്ലോ! ഒരു പത്രത്തിൽ ഒരു വരി പരസ്യം കൊടുക്കാൻ ആയിരക്കണക്കിന് ചെലവുള്ള കാലം അല്ലേ! ചെയ്യുന്ന കച്ചവടം എന്തായാലും നാലുപേർ അറിയുന്നതല്ലേ വിജയത്തിന്റെ താക്കോൽ!
നാണം കെട്ടും നാലു കാശ് ഉണ്ടാക്കിയാൽ ആ നാണക്കേട് ആ കാശ് തീർത്തു കൊള്ളും!
വിജയീ ഭവ
ശുഭം!
സി. രാധാകൃഷ്ണൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്