പ്രതികൾക്ക് ഓണക്കോടിയും ഊഞ്ഞാലാട്ടവും ബ്രോ ! ഇതല്ലേ ഫെസ്റ്റിവൽ വൈബ് !

AUGUST 26, 2026, 7:09 AM

അത്തം വെളുത്താൽ ഓണം കറുക്കുമെന്നാണ് ഓൾഡ് ജനറേഷന്റെ ചൊല്ല്. ഇത്തവണ തൃപ്പൂണിത്തുറയിൽ അത്താഘോഷം മഴയത്തായിരുന്നു. പക്ഷെ എറണാകുളത്തെ മറ്റുള്ള പ്രദേശങ്ങളിലെല്ലാം വെയിൽ തെളിഞ്ഞു നിന്നിരുന്നു. കാലാവസ്ഥാ റിപ്പോർട്ടനുസരിച്ച് ഓണത്തിന് മഴയുണ്ടാകും.

അങ്ങനെയെങ്കിൽ മലയാളി തണുപ്പകറ്റാൻ കൂടുതൽ കുപ്പികൾ വാങ്ങും. സർക്കാർ ഖജനാവിൽ പണക്കിലുക്കവുമുണ്ടാകും. ഖജനാവ് നിറയ്ക്കുമെന്ന പ്രഖ്യാപനവുമായി വന്ന യു.ഡി.എഫിന്റെ ഭരണകാലത്തെക്കുറിച്ച് മുൻമുഖ്യൻ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രിയും ധനമന്ത്രിയുമായ സതീശനെതിരെ ഒരു കുത്തു വാക്ക് കേട്ടു.

ഇപ്പോൾ ഖജനാവ് നിറയെ കടമാണെന്നായിരുന്നു മുൻ മുഖ്യന്റെ ഡയലോഗ്. താങ്കളുടെ ഭരണകാലത്തെ ഖജനാവിന്റെ ഓണക്കാലത്തെ ഗതിയെന്തായിരുന്നുവെന്ന് ഒരു വാർത്താ ലേഖകനും ചോദിച്ചില്ല. മാത്രമല്ല, അന്നത്തെ ഓണക്കാലത്ത് കാലിയായി കിടന്ന സപ്ലൈകോയുടെയും കൺസ്യൂമർ ഫെഡിന്റെയും ഓണച്ചന്തകളുടെ ദൃശ്യങ്ങൾ ഇപ്പോഴും ടെലിവിഷൻ ചാനലുകളുടെ ആർക്കൈവ്‌സിലുണ്ടാകുമെന്ന കാര്യം പ്രതിപക്ഷ നേതാവ് മറന്നുപോയോ?

vachakam
vachakam
vachakam

ന്യൂസ്‌റും വാർറൂം ആകുകയാണോ?

മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാർത്താ സമ്മേളനങ്ങൾ കലക്കാൻ ദേശാഭിമാനിയുടെയും കൈരളി ചാനലിന്റെയും ലേഖകർ നിരന്തരം ശ്രമിക്കുന്നതായി അദ്ദേഹം തന്നെ ആവലാതിപ്പെടാറുണ്ട്. തൃശ്ശൂരിൽ മുൻ മുഖ്യൻ നടത്തിയ വാർത്താ സമ്മേളനത്തിലാകട്ടെ മനോരമ പത്രത്തിനുനേരെ പരസ്യമായി അദ്ദേഹം ആരോപണങ്ങൾ നിരത്തുകയുണ്ടായി. മനോരമയുടെ മാമ്മൻ മാത്യു തന്റെ അടുത്ത സുഹൃത്താണെന്നും, മനോരമ എന്തുകൊണ്ട് തനിക്കെതിരെ തെറ്റായ വാർത്തകൾ നൽകുന്നുവെന്നുമായിരുന്നു പിണറായിയുടെ ചോദ്യം.

മകൾ വീണയെക്കുറിച്ചും മരുമകൻ റിയാസിനെക്കുറിച്ചുമുള്ള മനോരമയുടെ വാർത്തകളാണ് അദ്ദേഹം പരാമർശിച്ചത്. എന്നാൽ യൂട്യൂബ് ചാനലായ 'മറുനാടൻ മലയാളി' ദിവസേന നൽകിക്കൊണ്ടിരിക്കുന്ന 'ഇന്നത്തെ ദേശാഭിമാനി' എന്ന പരിപാടിയിലെ പരാമർശങ്ങൾ ആ പത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന നുണവഴികളെക്കുറിച്ച് സൂചനകൾ നൽകുന്നുണ്ട്.

vachakam
vachakam
vachakam

തൊഴിലാളികൾക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുമായി പോരാടുന്ന ദേശാഭിമാനി വിരമിക്കാൻ 4 മാസം ശേഷിക്കുന്ന കെ.ആർ. അജയൻ എന്ന സീനിയർ പത്രപ്രവർത്തകനെ നിർബന്ധിച്ച് രാജിവെപ്പിച്ചത് എങ്ങനെയാണ് പാർട്ടി ന്യായീകരിക്കുക? 'കള്ളൻ വിജയൻ' എന്ന തലവാചകത്തിൽ പോലും സംശയം പ്രകടിപ്പിച്ച നേതാവിനുവേണ്ടി എം.സ്വരാജും പുത്തലത്ത് ദിനേശനും ഇത്രയേറെ രാജഭക്തി പ്രകടിപ്പിക്കേണ്ടിയിരുന്നോ?

പത്രപ്രവർത്തനത്തിന്റെ എല്ലാ മര്യാദകളും കാറ്റിൽ പറത്തിയാണ് ഇടതുപക്ഷത്തിനുവേണ്ടി ചില റിപ്പോർട്ടർമാർ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ അലങ്കോലമാക്കാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസത്തെ വാർത്താ സമ്മേളനത്തിൽ പത്രലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനുമുമ്പ് മുഖ്യമന്ത്രി ഒരു വിചിത്ര നിലപാടെടുത്തു. സ്ഥിരം ശല്യക്കാരായ റിപ്പോർട്ടർമാരോട് ചില ചോദ്യങ്ങൾ മുഖ്യൻ ഉന്നയിച്ചു. വിഴിഞ്ഞവും അദാനിയുമായിരുന്നു ഈ ചോദ്യോത്തരവേളയിൽ വിഷയമായത്. എം.എസ്.സിയെന്ന ഷിപ്പിംഗ് കമ്പനിക്ക് അദാനി വിഴിഞ്ഞത്തിന്റെ ഓഹരികൾ കൈമാറിയതിനെപ്പറ്റിയായിരുന്നു ഇടതുപക്ഷ മാ.പ്ര.കളുടെ ചോദ്യം.

മുഖ്യമന്ത്രി ഈ ഓഹരികൈമാറ്റത്തിലൂടെ കോടികൾ കൈക്കൂലി വാങ്ങിയെന്ന സൂചന അവരുടെ ചോദ്യങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ യു.ഡി.എഫ്. സർക്കാരിന്റെ നോമിനി തുറമുഖത്തിന്റെ ചുമതലയേൽക്കുന്നതിനുമുമ്പ് എം.എൻ.സി.ക്ക് ഓഹരികൾ വിറ്റത് വൻ നേട്ടമായി ദേശാഭിമാനിയിൽ വന്ന വാർത്തയുടെ ഉറവിടം ആരായിരുന്നുവെന്ന് സതീശൻ ചോദിച്ചു. മാത്രമല്ല, ഓഹരി കൈമാറ്റം കേരളത്തിനു വൻ നേട്ടമാകുമെന്നും, ഇതിന് മുൻകൈയെടുത്തത് പിണറായി സർക്കാരാണെന്നും പാർട്ടി പത്രം റിപ്പോർട്ട് ചെയ്ത തീയതിയും സതീശൻ വാർത്താ സമ്മേളനത്തിൽ നിരത്തി.

vachakam
vachakam
vachakam

ഇതോടെ മുൻ എം.എൽ.എയും മുൻ മന്ത്രി ജി.കാർത്തികേയന്റെ പുത്രനായ ശബരീനാഥന്റെ ഭാര്യ ദിവ്യ എസ്.അയ്യരെ വിഴിഞ്ഞത്തിന്റെ ചുമതലയിൽ നിന്ന് മാറ്റിയതിന്റെ കാരണം സതീശൻ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. നമ്മുടെ ഇടതുപക്ഷ മാ.പ്ര.കൾക്ക് ഉത്തരം മുട്ടുകയല്ല, അവർ ആകെ ചമ്മിപ്പോയെന്ന് പറയുന്നതാകും ശരി. ഇനിയും ഏറെ കടമ്പകൾ കടക്കേണ്ട ഓഹരിമാറ്റം നടന്നുവെന്ന് റിപ്പോർട് ചെയ്തത് ശുദ്ധ അസംബന്ധമാണെന്ന് മുഖ്യൻ പറഞ്ഞു.

ചുവപ്പിന്റെ പുളപ്പ് മാറാതെ ചിലർ

പുതിയ സർക്കാരിന് ഏറ്റവും വലിയ തലവേദന സർക്കാർ ഉദ്യോഗസ്ഥരിലെയും പൊലീസിലെയും ഇടതു ചായ്‌വുള്ളവരാണ്. നിസ്സഹകരിച്ച സർക്കാർ ജീവനക്കാരുടെ പാരയ്ക്ക് മറുപാരയായിരുന്നു മുൻ മുഖ്യൻ ഉമ്മൻചാണ്ടിയുടെ പാതിരാവ് വരെ നീണ്ടുപോയിരുന്ന ജനസമ്പർക്ക പരിപാടികൾ. ഇടതു യൂണിയനുകൾ ഒന്നിച്ച് 'പണി കൊടുത്തിട്ടും' വീഴാതിരുന്ന ഉമ്മൻചാണ്ടി സർക്കാരിനെ ഒരു പെണ്ണിനെയും ഒരു ഇല്ലാ അഴിമതിയാരോപണവും ദുരുപയോഗിച്ച് ഇടതുപക്ഷം കാല്‌വാരിയത് ഇനിയും കേരളം മറന്നിട്ടില്ല. ഇടതുപക്ഷ യൂണിയനുകളും ഡി.വൈ.എഫ്.ഐ. പോലുള്ള സംഘടനകളും പുതിയ സർക്കാരിനെ കണ്ണും പൂട്ടി എതിർക്കണമെന്നാണ് സി.പി.എം. തീരുമാനം.

പിണറായി സർക്കാരിന്റെ കാലത്ത് പൊലീസിനുനേരെ ബോബെറിഞ്ഞ നേതാവിനെ ഡിഫിയുടെ സെക്രട്ടറിയേറ്റിൽ എടുത്തതും പാർട്ടിക്കാരനായ മറ്റൊരു തടവുപുള്ളിയെ പാർട്ടിയുടെ ബാലസംഘത്തിന്റെ നേതാവായി അവരോധിച്ചതും ഇതിനുള്ള തെളിവുകളായി കാണണം. വാഴക്കുല ഡോക്ടറേറ്റിന്റെ പേരിൽ മാധ്യമങ്ങൾ എടുത്തുടുത്ത ചിന്ത ജെറോമാണ് ഡിഫിയുടെ പുതിയ പ്രഡിഡന്റ്: തിരുവനന്തപുരത്ത് പാർട്ടിയെയും ജനങ്ങളെയും 'തോൽപ്പിച്ച' ആര്യാ രാജേന്ദ്രൻ വരെ ഡിഫിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ട്. യു.ഡി.എഫ്. സർക്കാരിനെ അനൗദ്യോഗികമായി 'ചട്ടപ്പടി' സമരം പ്രഖ്യാപിച്ച് ഇടതു യൂണിയനിൽ പെട്ട പൊലീസുകാർ പണി തുടങ്ങിയിട്ടുണ്ട്. 

പ്രതികൾക്ക് ഊഞ്ഞാൽ ജനത്തിന് ഇടി

ഇ.ഡി.യെ ആക്രമിച്ച കേസിലെ പ്രതികളെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഊഞ്ഞാലാട്ടിയതും, ആ ഊഞ്ഞാലാട്ടം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും ചെന്നിത്തലയുടെ പൊലീസിന് പണിയായിട്ടുണ്ട്. പൊലീസിന്റെ അതിക്രൂരമായ മർദ്ദനത്തിൽ ജനനേന്ദ്രിയം പോലും തകർത്ത സംഭവങ്ങളും പഴയ  'പാർട്ടി' യുടെ പ്രേതങ്ങൾ ഇപ്പോഴും പൊലീസിലുണ്ടെന്ന സൂചന നൽകുന്നു. സിദ്ധാർത്ഥൻ കേസിലെ പ്രതി ഡോ.റാമിന് ജാമ്യം കിട്ടാൻ സഹായിച്ച ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ ആഭ്യന്തര മന്ത്രി നടപടിയെടുക്കാത്തതെന്ത് എന്ന് ഹൈക്കോടതി പോലും ചോദിക്കുകയുണ്ടായി. ഇപ്പോൾ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. 

പൊലീസിന്റെ വിക്രിയകൾ നേരിടുന്നതിൽ മന്ത്രി ചെന്നിത്തലയ്ക്ക് പിഴവ് പറ്റുന്നുണ്ടോ? 'തുഫാൻ' അറസ്റ്റ് പതിനായിരം കടന്നിട്ടും, പൊലീസ് സേനയിലുള്ള ക്രിമിനലുകൾ മയക്കു മരുന്ന് ഇടപാടുകാർക്ക് ഒത്താശ ചെയ്യുന്നതായും പരാതികളുണ്ട്. വടകരയിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മൂന്ന് അധ്യാപികമാരെക്കുറിച്ച് അന്വേഷിച്ചിരുന്ന പ്രധാന പൊലീസ് ഉദ്യോഗസ്ഥനെ പെട്ടെന്ന് സ്ഥലം മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന പരാതിയുയർന്നിട്ടുണ്ട്. ചേർത്തലയിൽ മകന് മരുന്ന് വാങ്ങാൻ പോയ നാൽപ്പതുകാരനെ മൂന്നുപേർ ചേർന്ന് മൃഗീയമായി ആക്രമിച്ച കേസിൽ ഒരാഴ്ചയായിട്ടും നടപടി ഇല്ലാത്തത് ജനങ്ങളിൽ സംശയമുയർത്തുന്നു.

എന്തേ ഡിഫി പി.എസ്.സി.ക്ക് എതിരേ സമരം ചെയ്യാത്തത് ?

തൊഴിലില്ലാത്ത യുവാക്കളെ കബളിപ്പിച്ച് ഉഡായിപ്പ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയ പി.എസ്.സി.യെക്കുറിച്ച് ഡിഫിക്ക് ഒന്നും പറയാനില്ലേ? പഠിച്ചൊരുങ്ങി പി.എസ്.സി. പരീക്ഷകൾ എഴുതിയ യുവതീ യുവാക്കൾക്ക് നൈസായി പണികൊടുത്ത പി.എസ്.സി.യുടെ തലപ്പത്തുള്ളവർ പാർട്ടിക്കാരായതുകൊണ്ടാണോ അവർക്ക് എതിരേ ഡിഫി സമരത്തിനിറങ്ങാത്തത്?    
പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്ന് മംഗലാപുരം മാറ്റിയതിന്റെ പേരിൽ ബി.ജെ.പി. ഒഴിച്ചുള്ള രാഷ്ട്രീയ പാർട്ടികളും അവയുടെ യുവജന കൂട്ടായ്മകളും സമരത്തിലാണ്.

തിരുവോണ നാളിൽ കേരളത്തിൽ നിന്നുള്ള എം.പി.മാർ പാലക്കാട്ട് ഉപവാസമനുഷ്ഠിച്ച് സമരം ചെയ്യും. പാലക്കാട്ട് എം.പി. വി.കെ. ശ്രീകണ്ഠനെതിരെ വില കുറഞ്ഞ പ്രചാരണത്തിന് സി.പി.എം. ജില്ലാ സെക്രട്ടറി രംഗത്തിറങ്ങിയത് സമരം പൊളിക്കാനാണെന്നും ചിലർ വാദിക്കുന്നുണ്ട്. 
മംഗലാപുരം വിഭജിച്ചാൽ നഷ്ടമൊന്നും കേരളത്തിന് സംഭവിക്കില്ലെന്നാണ് ബി.ജെ.പി. അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ വിചിത്ര നിലപാട്. പാലക്കാട്ട് ഏതായാലും സമരം നടത്താനുള്ള തീയതിയും സമരവും പൊലീസ് വിഭജിച്ചു നൽകിയിരിക്കുകയാണ്.

ഡി.വൈ.എഫ്.ഐ.യുടെ പുതിയ സെക്രട്ടറി കണ്ണൂർ ജില്ലയിൽ നിന്നാണ്. പക്ഷെ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച ജില്ലാ തല റിപ്പോർട്ടിൽ കണ്ണൂർ ജില്ലയിൽ മാത്രം 2453 അംഗങ്ങൾ സംഘടന വിട്ടതായി പറയുന്നു. സി.പി.എം.ന്റെ ചെങ്കോട്ടയായി കരുതപ്പെടുന്ന കണ്ണൂരിൽ പാർട്ടിയും പാർട്ടിയുടെ പോഷക സംഘടനകളും അനുദിനം ക്ഷീണിക്കുകയാണെന്ന യാഥാർത്ഥ്യം അംഗീകരിച്ച് എന്തെങ്കിലും തിരുത്തൽ നടപടികൾ ഉണ്ടാകുമോ? കാത്തിരുന്നു കാണാം.

മുഖ്യമന്ത്രി പറയുന്നു; 'ഗോ ടു യുവർ ക്ലാസസ്!'

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി മന്ത്രിമാർക്ക് പരിശീലന ക്ലാസ് ഏർപ്പെടുത്തിയത് ഉമ്മൻചാണ്ടി സർക്കാരായിരുന്നു. 15 വർഷം മുമ്പായിരുന്നു ഇത്. അന്നത്തെ ക്ലാസ് ഒറ്റ ദിവസത്തേയ്ക്കായിരുന്നു. ഇത്തവണ സതീശൻ അത് രണ്ട് ദിവസമാക്കി. സെപ്തബർ 4,5 തീയതികളിലാണ് കാലിക്കറ്റ് ഐ.എ.എം.ൽ ക്ലാസുകൾ നടത്തുക. മാറിവരുന്ന കാലഘട്ടത്തോടും ജനങ്ങളുടെ വിവിധ ആവശ്യങ്ങളോടും ഫലപ്രദമായി പ്രതികരിക്കാനുള്ള പരിശീലനമാണ് ഈ ക്ലാസ് കൊണ്ട് സർക്കാർ ലക്ഷ്യമിടുന്നത്. 

തിരുവനന്തപുരത്ത് ഓണഘോഷത്തിന് കൊടി കയറിയിട്ട് മൂന്നു ദിവസമായി. ബെവ്‌കോയുടെ കുപ്പി വിൽപ്പന ഇത്തവണ കുതിക്കും. മഴ കൂടി വന്നാൽ ഒന്ന് 'ചൂടാകാൻ' കുപ്പി തന്നെ വേണമെന്ന സാധാരണ മലയാളിയുടെ കാഴ്ചപ്പാട് അന്നും ഇന്നും ഒന്നു തന്നെ.

'കായിക' ത്തിൽ നിന്ന് കീശ വീർപ്പിക്കുന്നവർ

കേരളത്തിന്റെ കായികരംഗം കഴിഞ്ഞ 10 വർഷം ചത്തുകിടക്കുകയായിരുന്നുവെന്ന് ഒരു അന്തർദേശീയ താരം പരിതപിക്കുന്നതു കേട്ടു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത വിധം സംസ്ഥാന കായിക രംഗത്ത് രണ്ട് സർക്കാർ സംവിധാനങ്ങളാണുള്ളത്. ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സും കേരളാ സ്‌പോർട്‌സ് കൗൺസിലും 2016ൽ ഇത് രണ്ടും ലയിപ്പിക്കാൻ സർക്കാർ ആലോചിച്ചിരുന്നു. നടപ്പിലായില്ല. 1964ൽ ആണ് കേരളാ സ്‌പോർട്‌സ് കൗൺസിലിന്റെ സ്ഥാപനം. കേന്ദ്രസഹായം കിട്ടാൻവേണ്ടിയാണ് സ്‌പോർട്‌സ് ഡയറക്ടറേറ്റ് സ്ഥാപിതമായത്.

പിൽക്കാലത്ത് കായിക വകുപ്പിനായി ഉപകരണങ്ങളും മറ്റും വാങ്ങാൻ മറ്റൊരു സംരംഭം കൂടി ആരംഭിക്കാൻ മുഖ്യന്റെ മരുമകൻ ശ്രമിച്ചിരുന്നു. നടന്നില്ല. മെസി വിവാദത്തിൽ പെട്ടിരിക്കുന്ന പിണറായി സർക്കാർ പല ദുരൂഹമായ തീരുമാനങ്ങളും എടുത്തിരുന്നതായി പറയപ്പെടുന്നു. ഇപ്പോൾ വിദേശത്തേക്ക് കടത്തിയ 206 കോടി രൂപ സംബന്ധിച്ച വിശദീകരണവും പിണറായി നൽകേണ്ടിവരും. താൻ 'മഹാബലി' യെപോലെ ശുദ്ധനായ ഭരണാധികാരിയായിരുന്നുവെന്ന പിണറായിയുടെ അവകാശവാദം ഓണനാളിലെ പേമാരിയിൽ ഒലിച്ചു പോകാതിരിക്കട്ടെ.

പകരം വാടകവീട്ടിലെ ഊഞ്ഞാലിലെങ്കിലും പിണറായി ആടി രസിക്കട്ടെ. സതീശന്റെ സെഞ്ച്വറിയിൽ കലിപ്പിലാണ് പഴയ ക്യാപ്ടൻ. റിയാസിനെയും വീണയെയും രക്ഷിക്കാൻ കോഴിക്കോട്ട് ചൊവ്വാഴ്ച നടത്തിയ വിശദീകരണ യോഗവും 'ശൂ' ആയി. കാരണം പതിവുപോലെ പാർട്ടി സെക്രട്ടറിയുടെ യോഗത്തിലെ പ്രസംഗം കേട്ട് സഖാക്കൾ ചെവിയിൽ പഞ്ഞി

തിരുകിവെച്ചെന്നാണ് പരദൂഷണം. ഗോവിന്ദന്റെ പ്രസംഗ വേദികളിലേക്ക് വാമനനെ ക്ഷണിക്കുകയാണ് പാർട്ടിക്കാർ. അയാൾ പാതാളത്തിൽ പോയി 'തൊള്ള തുറക്കട്ടെ' എന്നുവരെ അവർ പറഞ്ഞുകഴിഞ്ഞു. ഹാപ്പിയായ ജനവും ഒട്ടും ഹാപ്പിയല്ലാത്ത പിണറായിയുമാണ് ഈ ഓണത്തിന്റെ ഹൈലൈറ്റ്. വാമനാ വരൂ, ചവിട്ടി താഴ്ത്തപ്പെട്ടവരുടെ ലിസ്റ്റ് ഓൺലൈനായി ജനം അയച്ചിട്ടുണ്ട് ശ്രദ്ധിക്കണേ.

ആന്റണിചടയംമുറി

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam