അമേരിക്കയിലെ എന്റെ ആദ്യ ക്രിസ്മസ്: വിശ്വാസത്തിന്റെയും ദൈവീക പരിപാലനയുടെയും അത്ഭുത യാത്ര!

DECEMBER 23, 2025, 11:51 PM

അമേരിക്കൻ മണ്ണിൽ ഞാൻ കാലുകുത്തിയിട്ട് അമ്പത് വർഷത്തിലധികം കഴിഞ്ഞിരിക്കുന്നു. എങ്കിലും, 1971ലെ ആ ആദ്യ ക്രിസ്മസ് ഓർമ്മകൾക്ക് ഇന്നും പുതുമയേറെയാണ്. വിർജീനിയയിലെ ഹാരിസൺബർഗിൽ എത്തി കൃത്യം മുപ്പത്തിയഞ്ചാം ദിവസം ആഘോഷിച്ച ആ ക്രിസ്മസ്, എന്റെ ജീവിതത്തിലെ ദൈവീക കരുതലിന്റെ ഏറ്റവും വലിയ സാക്ഷ്യമായി മാറി.

പുതിയ നാട്ടിലെ മഞ്ഞുവീഴ്ചയും പത്ത് ഡോളറും

1971 നവംബർ 21നാണ് ഈസ്റ്റേൺ മെനോനൈറ്റ് യൂണിവേഴ്‌സിറ്റിയിലെ ഉപരിപഠനത്തിനായി ഞാൻ അമേരിക്കയിലെത്തുന്നത്. പിറ്റേന്ന് ആദ്യമായി ക്ലാസ്സിൽ പോകുമ്പോൾ ആകാശത്തുനിന്ന് മഞ്ഞുകണങ്ങൾ ശാന്തമായി താഴേക്ക് വീഴുന്ന കാഴ്ച എന്നെ വിസ്മയിപ്പിച്ചു.

vachakam
vachakam
vachakam

അന്ന് എന്റെ കൈവശം ഉണ്ടായിരുന്നത് വെറും പത്ത് ഡോളർ മാത്രമായിരുന്നു. അന്നത്തെ ഇന്ത്യൻ നിയമപ്രകാരം വിദേശയാത്രക്കാർക്ക് കൊണ്ടുപോകാവുന്ന പരമാവധി തുകയായിരുന്നു അത്. ഇതിൽ അഞ്ച് ഡോളർ കൊടുത്ത് വിന്റർ ഗ്ലൗസും മറ്റും വാങ്ങി. പിന്നീട് ന്യൂജേഴ്‌സിയിലുള്ള ഒരു സുഹൃത്തിന്റെ മാതാപിതാക്കൾ അയച്ചുതന്ന ഏഴ് ഡോളർ കൂടി ചേർന്നപ്പോൾ എന്റെ ആകെ സമ്പാദ്യം പന്ത്രണ്ട് ഡോളറായി.

അനിശ്ചിതത്വത്തിനിടയിലെ ഒരു ചുവടുവെപ്പ്

ക്രിസ്മസ് അവധിക്ക് കോളേജ് ഹോസ്റ്റലും കാന്റീനും അടയ്ക്കുമെന്ന് അറിഞ്ഞപ്പോൾ എങ്ങോട്ട് പോകണമെന്നറിയാതെ ഞാൻ വിഷമിച്ചു. അപ്പോഴാണ് മെക്‌സിക്കോ സിറ്റിയിൽ നടക്കുന്ന 'ഓപ്പറേഷൻ മൊബിലൈസേഷൻ' ക്രിസ്മസ് ക്രൂസേഡിലേക്ക് എനിക്ക് ക്ഷണം ലഭിക്കുന്നത്. യാത്രാസഹായം ഒന്നും വാഗ്ദാനം ചെയ്തിരുന്നില്ലെങ്കിലും, പ്രാർത്ഥനയോടെ ആ ദൗത്യം ഏറ്റെടുക്കാൻ ഞാൻ തീരുമാനിച്ചു. ഭ്രാന്തമായ തീരുമാനമെന്ന് സുഹൃത്തുക്കൾ പരിഹസിച്ചപ്പോഴും, ദൈവം വഴിതുറക്കുമെന്ന് ഞാൻ വിശ്വസിച്ചു.

vachakam
vachakam
vachakam

പ്രതീക്ഷിച്ചത്‌പോലെ തന്നെ ദൈവം ഇടപെട്ടു. പെൻസിൽവാനിയയിലെ മെസ്സിയാ കോളേജിൽ നിന്നുള്ള ഒരു സംഘം വിദ്യാർത്ഥികൾ മെക്‌സിക്കോയിലേക്ക് പോകുന്ന വഴി എന്നെയും വാനിൽ കൂട്ടി.

അതിർത്തിയിലെ പരീക്ഷണവും പള്ളിയിലെ വഴിപാടും

മെക്‌സിക്കോ അതിർത്തിയിൽ എത്തിയപ്പോൾ ഇന്ത്യൻ പൗരനായ എനിക്ക് പ്രവേശനാനുമതി നിഷേധിക്കപ്പെട്ടു. സംഘാംഗങ്ങൾ എന്നെ തനിച്ചാക്കാൻ തയ്യാറായില്ല. ഞങ്ങൾ ടെക്‌സസിലെ ലാരെഡോയിൽ തങ്ങി. അടുത്ത ദിവസം രാവിലെ അവിടുത്തെ 'ദ ഹൈറ്റ്‌സ് ബാപ്റ്റിസ്റ്റ് ചർച്ച് ' ഞങ്ങൾ കണ്ടെത്തി.

vachakam
vachakam
vachakam

ആരാധനയ്ക്കിടയിൽ എന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. കയ്യിൽ പണമില്ല, മോട്ടലിൽ താമസിക്കാൻ അറിയില്ല, വരാനിരിക്കുന്നത് എന്താണെന്നും നിശ്ചയമില്ല. എന്നാൽ വഴിപാട് പാത്രം അടുത്തുവന്നപ്പോൾ, ദൈവത്തിലുള്ള പൂർണ്ണ വിശ്വാസത്തോടെ എന്റെ കൈവശമുണ്ടായിരുന്ന ആകെ സമ്പാദ്യമായ പന്ത്രണ്ട് ഡോളറും ഞാൻ അതിലിട്ടു. നിമിഷങ്ങൾക്കകം അവാച്യമായ ഒരു സമാധാനം എന്റെ ഹൃദയത്തിൽ നിറഞ്ഞു.

അന്ന് വൈകുന്നേരം പള്ളിയിൽ നടന്ന ചടങ്ങിൽ വെച്ച് ഒരംഗം എന്നെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. അപരിചിതനായ എന്നെ അവർ സ്വന്തം കുടുംബാംഗത്തെപ്പോലെ സ്‌നേഹത്തോടെ പരിചരിച്ചു.

ഒഴുകിയെത്തിയ അനുഗ്രഹങ്ങൾ

തുടർന്ന് മറ്റൊരു കുടുംബത്തോടൊപ്പം ഞാൻ പെൻസിൽവാനിയയിലെ വർത്തിംഗ്ടണിലേക്ക് തിരിച്ചു. 1971 ഡിസംബർ 25ന് അവിടുത്തെ ഫെലോഷിപ്പ് ബൈബിൾ ചർച്ചിലായിരുന്നു എന്റെ ക്രിസ്മസ് ആഘോഷം. പിറ്റേന്ന് സഭയിൽ പ്രസംഗിക്കാൻ എനിക്ക് അവസരം ലഭിച്ചു. ശുശ്രൂഷ കഴിഞ്ഞ് മടങ്ങാൻ നേരം പാസ്റ്റർ എനിക്കൊരു കവർ നൽകി. അത് തുറന്നു നോക്കിയ ഞാൻ അക്ഷരാർത്ഥത്തിൽ സ്തബ്ധനായിപ്പോയി.

അതിൽ രണ്ടായിരത്തിലധികം ഡോളർ ഉണ്ടായിരുന്നു!

ടെക്‌സസിലെ പള്ളിയിൽ വെച്ച് ഞാൻ നൽകിയ ആ പന്ത്രണ്ട് ഡോളറിന് പകരമായി ദൈവം എനിക്ക് നൽകിയ സമ്മാനമായിരുന്നു അത്. എന്റെ സാമ്പത്തികാവശ്യങ്ങൾ ഞാൻ ആരോടും പറഞ്ഞിരുന്നില്ല, പക്ഷേ ദൈവം എല്ലാം അറിഞ്ഞിരുന്നു.

ദൈവത്തിന്റെ പദ്ധതികൾ തികഞ്ഞവയാണ്

വിർജീനിയയിൽ നിന്ന് ടെക്‌സസിലേക്കും, അവിടെനിന്ന് പെൻസിൽവാനിയയിലേക്കും, തിരികെ വിർജീനിയയിലേക്കുമുള്ള എന്റെ നീണ്ട യാത്രയ്ക്ക് ഒരു രൂപ പോലും എനിക്ക് ചെലവാക്കേണ്ടി വന്നില്ല എന്ന് മാത്രമല്ല, എന്റെ പഠനാവശ്യങ്ങൾക്കുള്ള തുക കൂടി ദൈവം കരുതി.

'നിന്റെ വഴികളെ യഹോവക്ക് സമർപ്പിക്കുക; അവനിൽ ആശ്രയിക്കുക; അവിടുന്നു പ്രവർത്തിക്കും' (സങ്കീർത്തനം 37:5) എന്ന വചനം എന്റെ ജീവിതത്തിൽ അന്വർത്ഥമായ ക്രിസ്മസ് ആയിരുന്നു അത്. പ്രത്യാശയില്ലാത്ത സാഹചര്യങ്ങളിലും ദൈവം വിശ്വസ്തനാണെന്ന് ഈ അനുഭവം എന്നെ പഠിപ്പിച്ചു.

ഏവർക്കും അനുഗ്രഹീതമായ ക്രിസ്മസും ഐശ്വര്യപൂർണ്ണമായ 2026 പുതുവർഷവും നേരുന്നു.

സി.വി. സാമുവേൽ (ഡിട്രോയിറ്റ്)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam