മുത്തങ്ങ സമരം: ജോഗിയുടെ മരണത്തില്‍ സമഗ്രാന്വേഷണം വേണം; പ്രക്ഷോഭത്തിനൊരുങ്ങി ആദിവാസി സംഘടനകള്‍

AUGUST 2, 2026, 10:21 PM

കല്‍പറ്റ: ചരിത്ര പ്രസിദ്ധമായ മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് വെടിവെപ്പില്‍ ആദിവാസി യുവാവായ ജോഗി കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ആദിവാസി ഗോത്രമഹാസഭ വീണ്ടും ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുന്നു. ഓഗസ്റ്റ് ഒന്‍പതിലെ ലോക ആദിവാസി ദിനത്തില്‍ സുല്‍ത്താന്‍ബത്തേരിയില്‍ വെച്ച് നടക്കുന്ന പ്രത്യേക കണ്‍വെന്‍ഷനില്‍ ഭാവി സമരപരിപാടികള്‍ പ്രഖ്യാപിക്കുമെന്ന് ഗോത്രമഹാസഭാ നേതാക്കള്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.

2003 ല്‍ മുത്തങ്ങ റെയ്ഞ്ചില്‍ അവകാശങ്ങള്‍ക്കായി ഭൂസമരം ചെയ്ത ആദിവാസികളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കാന്‍ ശ്രമിച്ചപ്പോള്‍ നടന്ന അതിക്രമങ്ങളെക്കുറിച്ചും മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും കൃത്യമായ അന്വേഷണം വേണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. അന്ന് നടന്ന സംഘര്‍ഷത്തില്‍ പൊലീസുകാരനായ കെ.വി വിനോദും ആദിവാസിയായ ചെമ്മാട് ജോഗിയും ഒരേ സ്ഥലത്താണ് മരണപ്പെട്ടതെങ്കിലും ജോഗിയുടെ മരണത്തില്‍ ഇതുവരെ എഫ്.ഐ.ആര്‍ മാത്രമാണ് നിലവിലുള്ളതെന്നും യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഈ നടപടി തീര്‍ത്തും വിവേചനപരമാണെന്നും ജോഗിയുടെ കുടുംബത്തിന് അര്‍ഹമായ നീതി ലഭിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സമര സമയത്ത് നടന്ന അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനായിരുന്ന നിര്‍മല ദേശ്പാണ്ഡെ പണ്ട് ഉത്തരവിട്ടിരുന്നുവെങ്കിലും അത് നടപ്പിലായിരുന്നില്ല. അടുത്തിടെ ജില്ലാ സെഷന്‍സ് കോടതി തീര്‍പ്പാക്കിയ സി.ബി.ഐ കേസില്‍ പ്രതി ചേര്‍ത്തവരില്‍ 15 പേര്‍ മരണപ്പെട്ടു കഴിഞ്ഞു. മാരകമായി പരിക്കേറ്റവരും മാനസികമായി തകര്‍ന്നവരും ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരുമാണ് ഇതിലേറെയും ആളുകള്‍.

കേസില്‍ പൊലീസ് ഉദ്യോഗസ്ഥനായ വിനോദിന്റെ മരണം, മറ്റ് ജീവനക്കാരായ അബ്ദുസലാം, ശശിധരന്‍ എന്നിവര്‍ക്കുണ്ടായ പരിക്കുകള്‍ എന്നിവ മാത്രമാണ് കോടതി പരിഗണിച്ചതെന്നും ഗോത്രമഹാസഭ പ്രതീക്ഷിച്ച രീതിയിലുള്ള വിധിയല്ല കോടതിയില്‍ നിന്നുണ്ടായതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. രണ്ടാം പ്രതി അശോകനെതിരെയുള്ള കോടതി നിരീക്ഷണത്തോട് യോജിപ്പില്ലെന്ന് അറിയിച്ച സംഘടന, കേസില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിയെ സ്വാഗതം ചെയ്തു. സെഷന്‍സ് കോടതി വിധിക്കെതിരെ വൈകാതെ തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

താമസിക്കാനും കൃഷിക്കുമുള്ള ഭൂമിക്കായി മുത്തങ്ങയില്‍ പോരാടിയവരും അവരുടെ കുടുംബാംഗങ്ങളും വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനാ പ്രതിനിധികളും സുല്‍ത്താന്‍ബത്തേരിയില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam