ലണ്ടന്‍/പാലക്കാട്: നാലാമത്തെ കുഞ്ഞിന് ജന്മം നല്കി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങിയ മലയാളി യുവതി മണിക്കൂറുകള്‍ക്കകം കുഴഞ്ഞുവീണു മരിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിനിയും യുകെയിലെ ബോസ്റ്റണ്‍ പില്‍ഗ്രിം എന്‍എച്ച്എസ് ആശുപത്രിയിലെ നഴ്സുമായ ചിഞ്ചു മമ്പള്ളില്‍ തോമസ് (34) ആണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്. പാലക്കാട് കാരകുറുശ്ശി സ്വദേശിയായ എമില്‍ ജോസ് ആണ് ഭര്‍ത്താവ്.
നാല് പിഞ്ചുമക്കളെയും ഭര്‍ത്താവിനെയും മാതാപിതാക്കളെയും തീരാദുഖത്തിലാഴ്ത്തിയാണ് ചിഞ്ചുവിന്റെ വേര്‍പാട്. നാല് വര്‍ഷം മുന്‍പാണ് ചിഞ്ചുവിന് യുകെയില്‍ നഴ്സായി ജോലി ലഭിക്കുന്നത്. തുടര്‍ന്ന് ബോസ്റ്റണ്‍ പില്‍ഗ്രിം എന്‍എച്ച്എസ് ആശുപത്രിയില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് എമിലും രണ്ടു മക്കളും യുകെയിലെത്തി. മൂന്നാമത്തെ കുഞ്ഞ് യുകെയിലാണ് ജനിച്ചത്. അധ്വാനിച്ചു നേടിയ സമ്പാദ്യം കൊണ്ട് ഒരു വര്‍ഷം മുന്‍പാണ് ഇവര്‍ ബോസ്റ്റണില്‍ സ്വന്തമായി വീട് വാങ്ങി താമസം ആരംഭിച്ചത്.
സ്വപ്നങ്ങളെല്ലാം ഒന്നൊന്നായി സാക്ഷാത്കരിച്ചു മുന്നേറുന്നതിനിടയിലാണ് തികച്ചും അപ്രതീക്ഷിതമായി ഈ ദുരന്തം കുടുംബത്തെ തേടിയെത്തിയത്. നാലാമത്തെ കുഞ്ഞിന്റെ പ്രസവത്തിനായി ജൂലൈ 6 തിങ്കളാഴ്ചയാണ് ചിഞ്ചുവിനെ ബോസ്റ്റണ്‍ പില്‍ഗ്രിം എന്‍എച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം, ജൂലൈ 7 ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30-ഓടെ സാധാരണ പ്രസവത്തിലൂടെ ആരോഗ്യവതിയായ പെണ്‍കുഞ്ഞിന് ചിഞ്ചു ജന്മം നല്കി.
അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ജൂലൈ 8 ബുധനാഴ്ച വൈകിട്ട് 6.30-ഓടെ ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് അയച്ചു. എന്നാല്‍ സന്തോഷത്തോടെ സ്വന്തം വീട്ടില്‍ മടങ്ങിയെത്തി അധിക സമയം കഴിയും മുമ്പേ ചിഞ്ചുവിന് കടുത്ത ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും തുടന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടനടി വീണ്ടും ബോസ്റ്റണ്‍ പില്‍ഗ്രിം ആശുപത്രിയില്‍ എത്തിച്ച് അടിയന്തര വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കിയെങ്കിലും ആരോഗ്യനില അതിവേഗം വഷളായി. വ്യാഴാഴ്ച പുലര്‍ച്ചെ 12.20-ഓടെ ചിഞ്ചു മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണകാരണം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണത്തിനും തുടര്‍ നടപടികള്‍ക്കുമായി കുടുംബം കാത്തിരിക്കുകയാണ്. എട്ട് വയസ്സുള്ള മകളും ആറും മൂന്നും വയസ്സുള്ള രണ്ട് ആണ്‍മക്കളുമാണ് എമില്‍-ചിഞ്ചു ദമ്പതികള്‍ക്കുള്ളത്. പുതിയതായി ജനിച്ച പെണ്‍കുഞ്ഞടക്കം നാലു മക്കളാണ് ഇപ്പോള്‍ അമ്മയുടെ തണലില്ലാതായത്. പ്രസവ ശുശ്രൂഷകള്‍ക്കായി ചിഞ്ചുവിന്റെ മാതാപിതാക്കളായ തോമസും റോസമ്മയും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് യുകെയില്‍ എത്തിയിരുന്നു.
മകളുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ആഘാതത്തിനിടയിലും നാലു കൊച്ചുമക്കളെ ചേര്‍ത്തുപിടിച്ച് കരുതലാകേണ്ട വലിയ ഉത്തരവാദിത്തമാണ് ഇപ്പോള്‍ ഈ പ്രായത്തിലും അവര്‍ക്ക് മുന്നിലുള്ളത്. ബോസ്റ്റണ്‍ മേഖലയിലെ സിറോ-മലബാര്‍ സഭയുടെ മാര്‍ യൗസേപ്പ് പ്രൊപ്പോസ്ഡ് മിഷന് ചര്‍ച്ചിലെ സജീവ അംഗങ്ങളായിരുന്നു എമിലും ചിഞ്ചുവും. പ്രദേശത്തെ മലയാളി സമൂഹത്തിനിടയില്‍ ഏറെ പ്രിയപ്പെട്ടവരായിരുന്നു ഈ കുടുംബം. കുഞ്ഞിന്റെ ജനനത്തോടെ വലിയ സന്തോഷത്തിലായിരുന്ന കുടുംബത്തില്‍ മണിക്കൂറുകള്‍ക്കകം സംഭവിച്ച ദുരന്തം യുകെയിലെ മലയാളി സമൂഹത്തെ ഒന്നാകെ പിടിച്ചുലച്ചിട്ടുണ്ട്.
മാതാവ് നഷ്ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങള്‍ക്കും എമിലിനും താങ്ങായി ബോസ്റ്റണിലെയും സമീപ പ്രദേശങ്ങളിലെയും സഭാ അംഗങ്ങളും മലയാളി സംഘടനകളും സുഹൃത്തുക്കളും ഒപ്പമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
