കടയ്ക്കൽ: കോട്ടുക്കൽ മഞ്ഞിപ്പുഴ ഭഗവതി ഭദ്രകാളീ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി നടന്ന ഗാനമേളയിൽ ആർഎസ്എസിന് അനൂകൂലമായി പാട്ടു പാടിയെന്നും ക്ഷേത്രവളപ്പിൽ കാവിക്കൊടി പ്രദർശിപ്പിച്ചെന്നും പരാതി.
കടയ്ക്കൽ ദേവീ ക്ഷേത്രത്തിൽ ഗാനമേളയ്ക്കിടെ വിപ്ലവ ഗാനം പാടി സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും കൊടിയും ചിഹ്നവും പ്രദർശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് വിവാദം നിലനിൽക്കെ ആണ് കോട്ടുക്കൽ ക്ഷേത്രത്തിലും പാർട്ടി കൊടി കെട്ടി എന്ന പരാതി ഉയരുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കൊട്ടാരക്കര അസി.കമ്മിഷണറുടെ പരിധിയിൽ ചടയമംഗലം സബ് ഗ്രൂപ്പിൽ പെട്ടതാണ് ക്ഷേത്രം. കഴിഞ്ഞ ദിവസം രാത്രി നാഗർകോവിൽ നൈറ്റ് ബേഡ്സ് നടത്തിയ ഗാനമേളയ്ക്കിടയിൽ 'നമസ്കരിപ്പൂ ഭാരതമങ്ങേ' എന്ന പാട്ട് ആലപിച്ചെന്നും ക്ഷേത്രവളപ്പിൽ കാവിക്കൊടിയും തോരണവും ഉയർത്തി എന്നുമാണ് ആരോപണം.
ഇതു സംബന്ധിച്ചു ക്ഷേത്രോപദേശക സമിതി വൈസ് പ്രസിഡന്റും സിപിഎം ഇട്ടിവ ലോക്കൽ കമ്മിറ്റി അംഗവുമായ അഖിൽ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇതു സംബന്ധിച്ച് ആരും പരാതി അറിയിച്ചിട്ടില്ലെന്നു ദേവസ്വം ചടയമംഗലം സബ് ഗ്രൂപ്പ് ഓഫിസർ ദീപ്തി പറഞ്ഞു.
അതേസമയം, ഗാനമേളയിൽ ദേശഭക്തി ഗാനമാണ് ആലപിച്ചതെന്നും കഴിഞ്ഞ 15 വർഷമായി ഉത്സവത്തിന് ക്ഷേത്രവളപ്പിൽ ആചാരമായി കാവി നിറത്തിലുള്ള കൊടി കെട്ടാറുണ്ടെന്നും അത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലെന്നും ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീജേഷ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്