വ്യാഖ്യാന വ്യക്തതക്കായി ധർമ്മ സംവാദം സംഘടിപ്പിച്ച് കെ.എച്ച്.എൻ.എ യുവ കൂട്ടായ്മ

JUNE 10, 2026, 5:14 AM

ഹൂസ്റ്റൺ: കെ.എച്ച്.എൻ.എ യുവ ഹൂസ്റ്റൺ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അദൈ്വതാശ്രമം മഠാധിപതി പൂജ്യ സ്വാമി ചിദാനന്ദപുരിയുമായി വിപുലമായ ധർമ്മ സംവാദം സംഘടിപ്പിച്ചു. യങ് ഹിന്ദുസ് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ, സങ്കൽപ് ഹ്യൂസ്റ്റൺ, വിശ്വ ഹിന്ദു പരിഷത്, ശങ്കര അദൈ്വതാശ്രമം ഫോർ ഗ്ലോബൽ എൻലൈറ്റൻമെന്റ് (SAGE) എന്നീ യുവ ഹൈന്ദവ കൂട്ടായ്മകളുടെ സഹകരണത്തോടെ റിച്ച്മണ്ടിലെ സ്വാമിനാരായൺ ക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'ധർമ്മ ഡയലോഗ്' എന്ന പേരിലുള്ള പരിപാടിയിൽ അറുപതിലധികം യുവതീയുവാക്കൾ പങ്കെടുത്തു.

ആർഷഭാരത ധർമ്മസങ്കൽപ്പത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് യുവാക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യാഖ്യാന വ്യക്തതയോടെയും വേദാന്ത ദർശനങ്ങളുടെ അടിസ്ഥാനത്തിലുമാണ് സ്വാമി ചിദാനന്ദപുരി മറുപടി നൽകിയത്.

അമേരിക്കൻ പാഠ്യപദ്ധതികളിൽ കാര്യമായി ഉൾക്കൊള്ളാത്തതും പലപ്പോഴും വ്യാഖ്യാന വൈകല്യങ്ങൾ മൂലം സങ്കീർണമാക്കപ്പെട്ടതുമായ ധർമ്മസങ്കൽപ്പത്തെക്കുറിച്ചുള്ള അടിസ്ഥാന സംശയങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടാണ് സംവാദം ആരംഭിച്ചത്. പ്രപഞ്ചത്തിലെ സകല ചരാചരങ്ങളെയും അവയുടെ സ്വാഭാവിക ക്രമത്തിൽ നിലനിർത്തുകയും പരസ്പര ആശ്രിതമായ പ്രകൃതിയുടെ താളലയം സംരക്ഷിക്കുകയും ചെയ്യുന്നതാണ് ധർമ്മമെന്നും, അത് മതസങ്കൽപ്പങ്ങൾക്ക് അതീതമായ ഒരു സർവ്വലൗകിക തത്വമാണെന്നും സ്വാമി വേദാന്ത രഹസ്യങ്ങൾ ഉദാഹരിച്ച് വിശദീകരിച്ചു.

vachakam
vachakam
vachakam


അതീവ ജിജ്ഞാസയോടെ തുടർചോദ്യങ്ങൾ ഉന്നയിച്ച യുവാക്കൾക്ക് ഭാരതീയ ധർമ്മദർശനം എല്ലാറ്റിനെയും ഉൾക്കൊള്ളുന്ന ഇൻക്ലൂസീവ് ആയ ഒരു ജീവിതവീക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ദേശങ്ങൾക്കും വിശ്വാസങ്ങൾക്കും ഉൾക്കൊള്ളാവുന്ന ഈ ധർമ്മസങ്കൽപ്പം കേവലം വിശ്വസിക്കാനുള്ളതല്ലെന്നും, വിവേചനബുദ്ധിയോടെ നിരൂപണം ചെയ്ത് സ്വയം ബോധ്യപ്പെടേണ്ടതാണെന്നും ഭഗവദ് ഗീതയുടെ ഉപസംഹാര അധ്യായം ഉദ്ധരിച്ച് സ്വാമി വിശദീകരിച്ചു.

മതവൈരങ്ങളും വിഭാഗീയ പ്രവണതകളും ശക്തിപ്രാപിക്കുന്ന ഇന്നത്തെ ലോകത്ത്, എല്ലാ ചിന്താപദ്ധതികളെയും ഉൾക്കൊള്ളുന്ന വിശ്വസാഹോദര്യത്തിന്റെ സന്ദേശവാഹകരാകാൻ ധർമ്മാനുസരണം യുവതലമുറയെ സഹായിക്കുമെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

vachakam
vachakam
vachakam

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള യുവാക്കൾ പങ്കെടുത്ത സദസ്സിൽ ധർമ്മവും ദർശനങ്ങളും വിശദീകരിക്കുന്നതിനിടെ, 'ഇന്ത്യ' എന്ന രാഷ്ട്രീയ പരാമർശത്തേക്കാൾ 'ഭാരതീയം' എന്ന സാംസ്‌കാരിക വിശേഷണമാണ് കൂടുതൽ ഉചിതമെന്ന് സ്വാമി ചൂണ്ടിക്കാട്ടിയത് പങ്കെടുത്തവർക്ക് പുതിയ ചിന്തകൾ സമ്മാനിച്ചു.


മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്ന പരിപാടിയിൽ കെ.എച്ച്.എൻ.എ മുൻ പ്രസിഡന്റുമാരായ സുരേന്ദ്രൻ നായർ, ജി.കെ. പിള്ള, ഡയറക്ടർ ബോർഡ് അംഗങ്ങളായ രമണി പിള്ള, രവീന്ദ്രൻ നായർ, അനിത മധു എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. സൂര്യജിത് സുഭാഷിതൻ പ്രാർത്ഥനാഗീതം ആലപിച്ചു.

vachakam
vachakam
vachakam

ഹൂസ്റ്റൺ കലാക്ഷേത്ര അവതരിപ്പിച്ച ആസ്വാദ്യകരമായ ചെണ്ടമേളത്തെ തുടർന്ന് ശബരി സുരേന്ദ്രൻ പൂജ്യ സ്വാമി ചിദാനന്ദപുരിയെയും മറ്റ് അതിഥികളെയും സ്വാഗതം ചെയ്തു. യങ് ഹിന്ദുസ് ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ പ്രസിഡന്റ് ഹരിപ്രിയ സുന്ദറും സെക്രട്ടറി മേഘ്‌ന കറയും ചോദ്യോത്തരവേളയ്ക്ക് നേതൃത്വം നൽകി.


കെ.എച്ച്.എൻ.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ 2027 ജൂലൈയിൽ ഫ്‌ളോറിഡയിൽ നടക്കുന്ന ഗ്ലോബൽ ഹിന്ദു സംഗമത്തിൽ കൂടുതൽ യുവജന പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, എല്ലാ കുടുംബങ്ങളുടെയും സാന്നിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നതായും റീജിയണൽ വൈസ് പ്രസിഡന്റ് സൂര്യജിത് തന്റെ ഉപസംഹാര പ്രസംഗത്തിൽ അറിയിച്ചു.

തുടർന്ന്  നന്ദി രേഖപ്പെടുത്തിയതോടെ പരിപാടി സമാപിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam