തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങൾ വർധിക്കുന്നത് ഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പേവിഷബാധക്കെതിരായ സാർവത്രിക പ്രതിരോധ കുത്തിവെപ്പ് (പ്രീ-എക്സ്പോഷർ പ്രോഫൈലാക്സിസ് -PrEP ) പ്രോഗ്രാം ആരംഭിക്കണമെന്ന് കെജിഎംഒഎ.
പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ അത് 100% മരണകാരണമാവുന്നു. ഓരോ വർഷവും ലോകത്ത് ഏകദേശം 59,000 ജീവനുകൾ പേവിഷബാധ മൂലം അപഹരിക്കപ്പെടുന്നു. ഈ മരണങ്ങളിൽ 18,000 മുതൽ 20,000 വരെ ഇന്ത്യയിലാണ് സംഭവിക്കുന്നത്, അതിൽ 38-40% കുട്ടികളാണ്. കേരളത്തിൽ പേവിഷബാധ മരണങ്ങൾ പ്രതിവർഷം 20-25 ആയി കുറഞ്ഞിട്ടുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിലുള്ളതും സുസ്ഥിരവുമായ ഒരു പ്രതിരോധ മാതൃക നാം സ്വീകരിക്കേണ്ടതുണ്ട്.
പേ വിഷബാധ പ്രതിരോധത്തിനായി
ലോകാരോഗ്യ സംഘടന (WHO) മൂന്ന് ഡോസുകളുള്ള PrEP ഷെഡ്യൂൾ ( 0, 7, 21/28 ദിവസങ്ങളിൽ ) ശുപാർശ ചെയ്തിട്ടുണ്ട്. PrEP വാക്സിൻ സ്വീകരിച്ച വ്യക്തികൾക്ക് ഭാവിയിൽ പേവിഷബാധയ്ക്കെതിരായ കുത്തിവെപ്പ് എടുക്കേണ്ട സാഹചര്യം വന്നാൽ വന്നാൽ രണ്ട് ബൂസ്റ്റർ ഡോസുകൾ മാത്രമേ ആവശ്യമായി വരുന്നുള്ളൂ. അതോടൊപ്പം ചെലവേറിയതും ചിലപ്പോഴെങ്കിലും ദുർലഭവുമായ റാബിസ് ഇമ്മ്യൂണോഗ്ലോബുലിൻ്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാനും സാധിക്കുന്നു. .
ഈ ക്യാമ്പയിന്റെ ആദ്യഘട്ടം എന്ന നിലയിൽ കുട്ടികളിൽ ഈ പ്രോഗ്രാം ആരംഭിക്കാൻ സംഘടന ശുപാർശ ചെയ്യുന്നു. നായ്ക്കളുടെ കടിയേൽക്കുന്നവരിൽ 35% ൽ അധികം കുട്ടികളിലാണ്. കുട്ടികൾ കടിയേറ്റ വിവരം അറിയിക്കാനോ ശരിയായ രീതിയിൽ മുറിവ് കൃത്യമായി പരിചരിക്കാനോ സാധ്യത കുറവാണ്. അതോടൊപ്പം കുട്ടികളിൽ അപകട സാധ്യത കൂടുതലുള്ള രീതിയിൽ മുഖത്തും കൈകളിലും കടിയേറ്റാനുള്ള സാധ്യത കൂടുതലുമാണ് . ഈ സാഹചര്യത്തിൽ കുട്ടികളിലെ വാക്സിനേഷൻ അതീവ പ്രാധാന്യമർഹിക്കുന്നു.
മേൽപ്പറഞ്ഞവയുടെ വെളിച്ചത്തിൽ, സംഘടന താഴെപ്പറയുന്ന ശുപാർശകൾ മുന്നോട്ട് വയ്ക്കുന്നു:
- സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും വാക്സിനേഷൻ നൽകുന്നതിനുള്ള വ്യക്തമായ രൂപരേഖയോടെ, ഘട്ടം ഘട്ടമായുള്ള PrEP നടപ്പാക്കൽ പദ്ധതി രൂപകൽപ്പന ചെയ്യാൻ വിദഗ്ധരുടെ ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക
- ആദ്യഘട്ടം എന്ന നിലയിൽ കേരളത്തിലെ എല്ലാ കുട്ടികൾക്കും PrEP കുത്തിവെപ്പ് ആരംഭിക്കുക.
- ആരോഗ്യ പ്രവർത്തകർ, വെറ്ററിനറി ഉദ്യോഗസ്ഥർ, വന്യജീവി പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, എന്നിവരുൾപ്പെടെയുള്ള ഉയർന്ന അപകടസാധ്യതയുള്ള മറ്റ് വിഭാഗങ്ങളിലേക്ക് PrEP വ്യാപിപ്പിക്കുക.
- തെരുവുനായശല്യം നിയന്ത്രിക്കുന്നതിനുള്ള ഫലപ്രദമായ നടപടികൾ സ്വീകരിക്കുക
- കൃത്യ സമയത്തുള്ള PEP, നായകൾക്കുള്ള വാക്സിനേഷൻ, നിരന്തരമായ പൊതുജന അവബോധം തുടങ്ങിയവ ഫലപ്രദമായി തുടരുന്നുവെന്ന് ഉറപ്പാക്കുന്നതോടൊപ്പം, നിലവിലുള്ള പേവിഷബാധ നിയന്ത്രണ നടപടികളുമായി PrEP സംയോജിപ്പിക്കുക
- PrEP ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയിൽ ഉൾപ്പെടുത്താൻ വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുക.
പൊതുജനാരോഗ്യ രംഗത്തെ നൂതന ഇടപെടലുകളിൽ കേരളം എപ്പോഴും മുൻപന്തിയിലാണ്. ഒരു സംസ്ഥാനതല പ്രീ-എക്സ്പോഷർ റാബിസ് വാക്സിനേഷൻ സംരംഭത്തിന് തുടക്കം കുറിക്കുന്നതിലൂടെ, കേരളത്തിന് ഒരിക്കൽകൂടി ഒരു ദേശീയ മാതൃക സൃഷ്ടിക്കാനും 2030 ഓടെ പേവിഷബാധ മൂലമുള്ള മരണങ്ങൾ പൂർണ്ണമായി ഒഴിവാക്കുക എന്ന ആഗോള ലക്ഷ്യത്തിന് വളരെ മുൻപു തന്നെ ഈ ലക്ഷ്യം കൈവരിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പ് നടത്താനും കഴിയുമെന്ന് സംഘടന വിലയിരുത്തുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്