ബംഗ്ലാദേശിന്റെ മുറ്റത്ത് ഖത്തറിന് എന്താണ് കാര്യം? 

MAY 5, 2025, 11:58 PM

ബംഗ്ലാദേശ് ഇപ്പോള്‍ ഇടക്കാല സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴിലാണ്. സാമ്പത്തിക വിദഗ്ധന്‍ പ്രൊഫസര്‍ മുഹമ്മദ് യൂനുസ് ആണ് പുതിയ സര്‍ക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ്. സൗഹൃദ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് ബന്ധം ശക്തമാക്കാനും നിക്ഷേപം ക്ഷണിക്കാനുമാണ് അദ്ദേഹം അവസരം ഉപയോഗപ്പെടുത്തുന്നത്. നാല് ദിവസം ഖത്തറില്‍ തങ്ങിയതും ഈ ലക്ഷ്യത്തോടെയാണ്.

ജിസിസിയിലെ പല രാജ്യങ്ങളിലും ഏറ്റവും കൂടുതലുള്ള പ്രവാസി സമൂഹം ബംഗ്ലാദേശികളാണ്. 18 കോടിയില്‍ അധികം വരുന്ന ബംഗ്ലാദേശ് ജനസംഖ്യയില്‍ പകുതിയില്‍ അധികവും യുവാക്കളാണ് എന്നതാണ് മുഹമ്മദ് യൂനുസ് എടുത്തു പറയുന്ന കാര്യം. അതിനിടെ ലണ്ടനില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ ബുധനാഴ്ച ബംഗ്ലാദേശില്‍ തിരിച്ചെത്തും.

ശൈഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്ത ഉടനെ ഖാലിദ സിയ ജയില്‍ മോചിതയായിരുന്നു. തൊട്ടുപിന്നാലെ അവര്‍ക്കെതിരായ അഴിമതിക്കേസില്‍ കുറ്റവമുക്തയാക്കുകയും ചെയ്തു. ചികില്‍സാവശ്യാര്‍ഥം ലണ്ടനിലേക്ക് പോകാന്‍ ഖാലിദ സിയ ആദ്യം സഹായം തേടിയത് ഖത്തറിനോടായിരുന്നു. ഖത്തര്‍ അമീര്‍ ഏര്‍പ്പാട് ചെയ്ത പ്രത്യേക എയര്‍ ആംബുലന്‍സിയാണ് ഖാലിദ ലണ്ടനില്‍ എത്തിയത്.

ചികില്‍സ കഴിഞ്ഞ് മടങ്ങുന്നതിനും ഖത്തര്‍ അമീര്‍ എയര്‍ ആംബുലന്‍സ് അനുവദിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ വലിയ സ്വീകരണം ഒരുക്കാനാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തിനകം ബംഗ്ലാദേശില്‍ പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് മുഹമ്മദ് യൂനുസ് ഖത്തര്‍ ഭരണകൂടത്തെ അറിയിച്ചിരുന്നു.

ഖാലിദ സിയക്കൊപ്പം മരുമക്കളായ സുബൈദ റഹ്മാനും സെയ്ദ ശര്‍മിള റഹ്മാനും ഹസ്രത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുമെന്ന് ബിഎന്‍പി നേതാവ് ഷൈറുല്‍ കബീര്‍ ഖാന്‍ അറിയിച്ചു. സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ ആണ് നിലവില്‍ ബിഎന്‍പിയുടെ ആക്ടിങ് ചെയര്‍മാന്‍. പാര്‍ട്ടിയെ പൂര്‍ണമായും അദ്ദേഹത്തെ ഏല്‍പ്പിക്കുന്ന തീരുമാനം ഖാലിദ സിയ ഉടന്‍ എടുക്കുമെന്നാണ് സൂചന.

താരിഖിനെതിരായ കേസുകളും അടുത്തിടെ ബംഗ്ലാദേശ് കോടതി ഒഴിവായിരുന്നു. അതുകൊണ്ടുതന്നെ ലണ്ടനില്‍ നിന്ന് താരിഖ് ഉടന്‍ ബംഗ്ലാദേശിലെത്തിയേക്കും. മുഹമ്മദ് യൂനുസിന് പിന്നാലെ ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ വക്കീറുസമാന്‍ ഖത്തര്‍ സന്ദര്‍ശിച്ചിരുന്നു. സുതാര്യമായ തിരഞ്ഞെടുപ്പിന് കളമൊരുക്കുമെന്ന് ഇരുവരും ഖത്തറിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മാലദ്വീപ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള ചര്‍ച്ചകളും മുഹമ്മദ് യൂനുസ് നടത്തിയത് ദോഹയില്‍ വച്ചാണ്.

ബംഗ്ലാദേശുമായുള്ള സഹകരണം ശക്തമാക്കാനാണ് ഖത്തറിന്റെ തീരുമാനം. ഇക്കാര്യത്തിന് വേണ്ടി മാത്രം പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം അല്‍ത്താനി പറഞ്ഞു. ബംഗ്ലാദേശില്‍ നിക്ഷേപം ഇറക്കാന്‍ ഖത്തര്‍ തയ്യാറാകണം എന്ന ആവശ്യമാണ് യൂനുസും സൈനിക മേധാവിയും ജിസിസി രാജ്യത്തിന്റെ മുമ്പാകെ വച്ചത്. ഇക്കാര്യം ഖത്തര്‍ സമ്മതിച്ചിട്ടുണ്ട്.

മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത റോഹിന്‍ഗ്യന്‍ മുസ്ലിങ്ങളില്‍ വലിയൊരു വിഭാഗം കഴിയുന്നത് ബംഗ്ലാദേശിലാണ്. ഇവര്‍ക്ക് വേണ്ട സഹായം ചെയ്യണം എന്ന് യൂനുസിനോട് ഖത്തര്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ വനിതാ കായിക താരങ്ങള്‍ക്ക് ഖത്തറില്‍ പരിശീലനം നല്‍കുന്ന കാര്യവും ചര്‍ച്ചയായി. ശൈഖ് മുഹമ്മദിനെ ബംഗ്ലാദേശിലേക്ക് യൂനുസ് ക്ഷണിച്ചിട്ടുണ്ട്. സഹകരണം ശക്തമാക്കുന്ന വിഷയത്തില്‍ വിപുലമായ ചര്‍ച്ച നടത്താന്‍ ബംഗ്ലാദേശില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘത്തെ ഖത്തറിലേക്ക് അയക്കണമെന്ന് ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam