ശ്രീനഗര്‍: പ്രതിശ്രുത വരന്‍ ക്രൂരമായി മാനസികമായി പീഡിപ്പിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നതായി ആരോപിച്ച് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജമ്മു സ്വദേശിയായ റോണിഷ സത്തിയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. ഗുരുതരാവസ്ഥയിലായ യുവതിയെ ജമ്മുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള റോണിഷ നിലവില്‍ ഗുരുതരാവസ്ഥയിലാണ്.
തന്റെ പ്രതിശ്രുത വരനായ പ്രശാന്ത് ശര്‍മ്മ തന്നില്‍ നിന്നും കുടുംബത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും, പിന്നീട് തന്നെയും കുടുംബത്തെയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതായി റോണിഷ വീഡിയോയില്‍ ആരോപിച്ചിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ രണ്ട് വിഡിയോകള്‍ പോസ്റ്റ് ചെയ്തതിന് ശേഷമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പ്രശാന്ത് ശര്‍മ്മ റോണിഷയില്‍ നിന്ന് 10 ലക്ഷത്തോളം രൂപ വാങ്ങി വഞ്ചിച്ചതായും പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയതായും പെണ്‍കുട്ടിയുടെ അമ്മ റീന വെളിപ്പെടുത്തി. ഇതാണ് റോണിഷയെ വലിയ മാനസിക വിഷമത്തിലാക്കിയത്. സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ച് പ്രശാന്ത് റോണിഷയെ വ്യക്തിഹത്യ ചെയ്തതായും കുടുംബം ആരോപിക്കുന്നു.
'പ്രശാന്ത് വ്യാജ സോഷ്യല്‍ മീഡിയ പേജുകള്‍ ഉണ്ടാക്കി മകള്‍ റോണിഷയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ എഴുതി പോസ്റ്റ് ചെയ്തു. അവളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുകയും കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത് അവളെ മാനസികമായി തളര്‍ത്തി. എന്റെ ഭര്‍ത്താവ് ഒരു ഓട്ടോ ഡ്രൈവറാണ്. ഞാന്‍ വസ്ത്രങ്ങള്‍ തുന്നിയാണ് കുടുംബം പുലര്‍ത്തുന്നത്. വളരെ കഷ്ടപ്പെട്ടാണ് ഞങ്ങള്‍ മകളെ വളര്‍ത്തിയത്. ഞങ്ങള്‍ എന്ത് കുറ്റമാണ് അയാളോട് ചെയ്തത്?'- എന്നായിരുന്നു റോണിഷയുടെ അമ്മയുടെ പ്രതികരണം.
പ്രണയവും വഞ്ചനയും ഒടുവില്‍ സൈബര്‍ ഇടങ്ങളിലെ കടുത്ത ട്രോളിംഗും സൈബര്‍ ആക്രമണങ്ങളുമാണ് യുവതിയെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സംഭവത്തില്‍ ജമ്മു കാശ്മീര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
