ചണ്ഡീഗഡ്: ഹരിയാനയിലെ പഞ്ച്കുളയില്‍ ഏഴംഗ കുടുംബം കൂട്ട ആത്മഹത്യ ചെയ്തതിന് കാരണം വന്‍ സാമ്പത്തിക ബാധ്യതയെന്ന് റിപ്പോര്‍ട്ട്. കാറിനുള്ളില്‍ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയ ഹരിയാനയിലെ ഹിസാര്‍ സ്വദേശിയും ദെഹ്റാദൂണില്‍ താമസക്കാരനുമായ പ്രവീണ്‍ മിത്തലിനും കുടുംബത്തിനും 20 കോടിയോളം രൂപയുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് വിവരം. ബന്ധുവായ സന്ദീപ് അഗര്‍വാള്‍ മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌ക്രാപ്പ് ബിസിനസില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് പ്രവീണ്‍ മിത്തലിന് ഇത്രയും വലിയ സാമ്പത്തിക ബാധ്യതയുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ഹരിയാനയിലെ പഞ്ച്കുളയില്‍ നടുക്കുന്ന സംഭവമുണ്ടായത്. നിര്‍ത്തിയിട്ട കാറിനുള്ളില്‍ ആറ് പേരെ മരിച്ച നിലയിലും കാറിന് പുറത്ത് വിഷം കഴിച്ച് അവശനായ നിലയില്‍ പ്രവീണ്‍ മിത്തലിനെയും നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പ്രവീണ്‍ മിത്തലിനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രവീണ്‍ മിത്തലിന് പുറമേ ഇദ്ദേഹത്തിന്റെ പ്രായമായ മാതാപിതാക്കളും ഭാര്യയും മക്കളായ മൂന്ന് പേരുമാണ് മരിച്ച മറ്റുള്ളവര്‍.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാചല്‍ പ്രദേശിലെ ബാദ്ദിയില്‍ പ്രവീണ്‍ മിത്തല്‍ ഒരു സ്‌ക്രാപ്പ് ഫാക്ടറി നടത്തിയിരുന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. ഈ ബിസിനസ് പിന്നീട് നഷ്ടത്തിലാവുകയും ഫാക്ടറി ബാങ്കുകാര്‍ ജപ്തി ചെയ്യുകയും ആയിരുന്നു. കടം പെരുകിയതോടെ പ്രവീണ്‍ മിത്തല്‍ ഡെറാഡൂണിലേക്ക് താമസം മാറ്റി. ആറ് വര്‍ഷത്തോളം കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ഈ സമയത്ത് ഏകദേശം 20 കോടിയുടെ കടബാധ്യതയാണ് പ്രവീണിനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ രണ്ട് ഫ്ളാറ്റുകളും വാഹനങ്ങളും ബാങ്കുകാര്‍ കണ്ടുകെട്ടിയിരുന്നു.
പിന്നീട് പ്രവീണ്‍ മിത്തല്‍ പഞ്ചാബിലെ ഖരാറിലേക്ക് താമസം മാറി. അവിടെ നിന്ന് ഭാര്യാപിതാവിനൊപ്പം ഹരിയാനയിലെ പിഞ്ജോറിലും കുറച്ചുകാലം താമസിച്ചു. ഒരുമാസം മുമ്പ് പഞ്ച്കുളയില്‍ തിരികെയെത്തിയ പ്രവീണ്‍ ഇവിടെ ടാക്സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നുവെന്നും ബന്ധുവായ സന്ദീപ് അഗര്‍വാള്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് ഹരിയാനയിലെ പഞ്ച്കുളയില്‍വെച്ച് പ്രവീണ്‍ മിത്തലും കുടുംബവും ജീവനൊടുക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്