മാന്നാർ: പമ്പാനദിയിലെ കുളിക്കടവിൽ തുണി അലക്കിക്കൊണ്ടിരുന്ന വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കൊടുംക്രിമിനലിനായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്നും അടുത്തിടെ പുറത്തിറങ്ങിയ പരുമല കോട്ടക്കമാലി സബീർ (44) ആണ് പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കുന്നത്.
സംഭവം നടന്ന് 15 ദിവസമായിട്ടും പ്രതിയെ കണ്ടെത്താനാകാത്തത് നാട്ടുകാരെ കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. സബീർ ഒളിവിൽ കഴിയാൻ സാധ്യതയുള്ള നദീതീരങ്ങളിലും കുറ്റിക്കാടുകളിലും ഒഴിഞ്ഞ വീടുകളിലുമെല്ലാം പോലീസിനൊപ്പം നാട്ടുകാരും അരിച്ചുപെറുക്കി പരിശോധന നടത്തിവരികയാണ്.
ഡിവൈഎസ്‌പി ജെ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ കേരള പൊലീസിന്റെ ക്വിക്ക് റെസ്പോൺസ് ടീം ഉൾപ്പെടെയുള്ള സംഘമാണ് പ്രതിയെ പിടികൂടുന്നതിനായി കൂടുതൽ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ഡ്രോൺ ഉപയോഗിച്ചും നദിയിലൂടെ ബോട്ടിലും പൊലീസിന്റെ തിരച്ചിൽ പുരോഗമിക്കുന്നുണ്ട്. ആൾപ്പാർപ്പില്ലാത്ത പഴയ കെട്ടിടങ്ങൾ കേന്ദ്രീകരിച്ചും രാത്രി സമയങ്ങളിൽ നാട്ടുകാരുടെ സഹായത്തോടെയും അന്വേഷണം തുടരുകയാണ്. കൊടുംക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, കഴിഞ്ഞ ആറിന് ഉച്ചയ്ക്ക് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.വീടിനടുത്തുള്ള കുളിക്കടവിൽ തുണി നനച്ചുകൊണ്ടിരുന്ന അമ്പത്താറുകാരിയായ വീട്ടമ്മയെ പിന്നിലൂടെ നീന്തിയെത്തിയ ഇയാൾ തോർത്തുകൊണ്ട് മുഖംമൂടി വെള്ളത്തിലേക്ക് തള്ളിയിട്ട് അതിക്രമം കാട്ടുകയായിരുന്നു. തലനാരിഴയ്ക്കാണ് വീട്ടമ്മ രക്ഷപ്പെട്ടത്. കൃത്യത്തിന് ശേഷം ഇയാൾ ആറ്റിലൂടെ തന്നെ നീന്തി രക്ഷപ്പെടുകയായിരുന്നു.മുൻപും പ്രായമായ സ്ത്രീകളെ ഉപദ്രവിച്ച നിരവധി സംഭവങ്ങൾ സബീറിന്റെ പേരിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
