കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ പ്രശംസിച്ച് തൃണമൂൽ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. തൃണമൂൽ സ്ഥാപക മമത ബാനർജിയുടെ വിശ്വസ്തയായി അറിയപ്പെടുന്ന മഹുവ മൊയ്ത്ര, സുവേന്ദു അധികാരിയുമായി തനിക്കുള്ള സൗഹൃദം വെളിപ്പെടുത്തിയത് ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ്.
തൃണമൂൽ കോണ്‍ഗ്രസിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ മമത ബാനർജിക്കൊപ്പം ഉറച്ചുനിൽക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളായ മഹുവയുടെ ഈ പ്രസ്താവന ബംഗാൾ രാഷ്ട്രീയത്തിൽ വലിയ രീതിയിലുള്ള അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. വ്യക്തിപരമായി സുവേന്ദു അധികാരിയുമായി തനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും ഒന്നിച്ച് തൃണമൂൽ കോൺഗ്രസിൽ പ്രവർത്തിച്ചിരുന്ന കാലത്ത് അദ്ദേഹം തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും മഹുവ അഭിമുഖത്തിൽ പറഞ്ഞു.
"2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ എനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ രാത്രി മുഴുവൻ ഞാൻ കരയുകയായിരുന്നു. ആ സമയത്ത് എന്നെ ആശ്വസിപ്പിക്കാനും ധൈര്യം തരാനും സുവേന്ദു അധികാരി മാത്രമേ ഉണ്ടായിരുന്നുള്ളൂ." മഹുവ പറഞ്ഞു.
2016-ലെ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കരീംപൂരിൽ നിന്നാണ് മഹുവ ആദ്യമായി ജനവിധി തേടിയത്. അന്ന് രാഷ്ട്രീയത്തിൽ തുടക്കക്കാരിയായിരുന്ന തനിക്കായി പ്രചാരണത്തിന് മുതിർന്ന ടിഎംസി നേതാക്കളാരും വന്നിരുന്നില്ലെന്നും എന്നാൽ സുവേന്ദു അധികാരിയാണ് തന്റെ ആദ്യ തെരഞ്ഞെടുപ്പ് റാലി നടത്തിയതെന്നും മഹുവ പറഞ്ഞു. ഇന്നും ആ റാലിയുടെ ചിത്രങ്ങൾ എടുത്തുനോക്കിയാൽ താനും സുവേന്ദുവും മാത്രമാണ് അതിലുള്ളതെന്ന് കാണാമെന്നും അവർ കൂട്ടിച്ചേർത്തു.
2020-ൽ മമത ബാനർജിയുമായുള്ള കടുത്ത ഭിന്നതകളെ തുടർന്നായിരുന്നു സുവേന്ദു അധികാരി ടിഎംസി വിട്ട് ബിജെപിയിൽ ചേർന്നത്. നിലവിൽ ബംഗാൾ രാഷ്ട്രീയത്തിൽ മമതയുടെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയായി സുവേന്ദു നിൽക്കുമ്പോഴാണ്, മമതയുടെ വിശ്വസ്തയായ മഹുവയുടെ ഈ പരസ്യ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
