സുരക്ഷ എന്ന കാർഡ് ഇറക്കി, പരിസ്ഥതിപഠനങ്ങൾ ഒന്നും തന്നെ കാര്യമായി നടത്താതെ തികച്ചും കോർപ്പറൈറ്റ് ലോബികൾക്കു വേണ്ടി ഈ പദ്ധതി നടപ്പിലാക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഇതിനെ പരിസ്ഥിതിവാദികളും നരവംശശാസ്ത്രജ്ഞന്മാരും സാംസ്‌ക്കാരിക നായകന്മാരും ഒരുപോലെ എതിർക്കുകയാണ്. അതുകൊണ്ടുതന്നെ നിക്കോബാർ പദ്ധതി: പ്രകൃതിയെ ബലികൊടുത്തുള്ള വികസനമാണോ എന്നു പഠിക്കേണ്ടത് അത്യാവശ്യമാണ്.ഇപ്പോൾ വിവാദം കത്തിപ്പുകയുന്ന നിക്കോബാർ ദ്വീപുകൾ കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇന്തോനേഷ്യയിലെ സുമാത്രയിലെ അസെഹ് പ്രവിശ്യയിൽനിന്നും 150 കിലോമീറ്റർ വടക്കുഭാഗത്താണീ ദ്വീപുകൾ. കിഴക്കുഭാഗത്ത്, തായ്‌ലന്റിൽ നിന്നും ആൻഡമാൻ കടൽ ഈ ദ്വീപുകളെ വേർതിരിക്കുന്നു. ബംഗാൾ ഉൾക്കടലിൽ ഇന്ത്യൻ ഉപദ്വീപിൽനിന്നും തെക്കു കിഴക്കായി 1300 കിലോമീറ്റർ അകലെക്കിടക്കുന്ന ഈ ദ്വീപസമൂഹം, ഇന്ത്യയുടെ ഭാഗമായ അൻഡമാൻ നിക്കോബാർ കേന്ദ്രഭരണപ്രദേശത്തിൽപ്പെട്ടതാണ്.
നിക്കോബാർ ദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന 72,000 കോടി രൂപയുടെ വൻകിട വികസന പദ്ധതിയാണ് ഇപ്പോൾ പ്രധാന വിവാദവിഷയം. ഈ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര കപ്പൽ ചാൽ കേന്ദ്രം, വിമാനത്താവളം, ഊർജ്ജ നിലയം, ഒരു പുതിയ നഗരം എന്നിവ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. നിക്കോബാർ ദ്വീപുകളിൽ വൻ സൈനികവാണിജ്യ താവളമൊരുക്കാനുള്ള കേന്ദ്ര പദ്ധതി ദേശീയ ഹരിത ട്രൈബ്യൂണൽ അംഗീകരിച്ചതോടെ വിവാദം ശക്തമായി. സുരക്ഷാതാല്പര്യങ്ങളുടെ പേരിൽ ആലോചിച്ചു തുടങ്ങിയ പദ്ധതി വാണിജ്യസംരംഭമായി മാറുന്നതാണ് പരിസ്ഥിതി വിദഗ്ദർ എതിർപ്പു പ്രകടിപ്പിക്കാൻ കാരണം.
വാസ്തവത്തിൽ ഈ വിഷയം വിവാദമാകാൻ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്:
1. പരിസ്ഥിതി ആഘാതം
- വനനശീകരണം: ഏകദേശം 130 ചതുരശ്ര കിലോമീറ്റർ വനപ്രദേശം പദ്ധതിക്കായി വിട്ടുനൽകേണ്ടി വരും. ഇതിനായി 8.5 ലക്ഷത്തിലധികം മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരുമെന്നാണ് ഔദ്യോഗിക കണക്ക്.ജൈവവൈവിധ്യം: ലോകത്ത് തന്നെ അപൂർവ്വമായ ലെതർബാക്ക് കടലാമകളുടെ പ്രധാന പ്രജനന കേന്ദ്രമായ ഗലാത്തിയ ബേ ഈ പദ്ധതിയുടെ ഭാഗമാണ്. കൂടാതെ, നിക്കോബാർ മെഗാപോഡ് എന്ന പക്ഷി, പവിഴപ്പുറ്റുകൾ എന്നിവയ്ക്കും ഇത് ഭീഷണിയാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു.
2. ആദിവാസി വിഭാഗങ്ങളുടെ അതിജീവനം
- ലോകത്തെ തന്നെ ഏറ്റവും ഒറ്റപ്പെട്ട ആദിവാസി വിഭാഗങ്ങളിൽ ഒന്നായ ഷോംപെൻ (Shompen), നിക്കോബാറീസ് ഗോത്രവർഗക്കാരുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ഈ പദ്ധതി തകർക്കുമെന്ന് ആശങ്കയുണ്ട്. പുറംലോകവുമായി കാര്യമായ ബന്ധമില്ലാത്ത ഇവർക്ക്, ലക്ഷക്കണക്കിന് ആളുകൾ പുതിയ നഗരത്തിലേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന രോഗങ്ങളെയോ സാംസ്‌കാരിക മാറ്റങ്ങളെയോ പ്രതിരോധിക്കാനാവില്ലെന്ന് നരവംശശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
3. ഭൂമിശാസ്ത്രപരമായ അപകടസാധ്യതകൾ
- നിക്കോബാർ ദ്വീപുകൾ ഭൂകമ്പസാധ്യത കൂടിയ സോൺ 5ൽ ഉൾപ്പെടുന്നവയാണ്. 2004ലെ സുനാമി സമയത്ത് ഈ പ്രദേശം വലിയ തോതിൽ താഴ്ന്നുപോയിരുന്നു. ഇത്തരം ഒരു സജീവ ടെക്‌റ്റോണിക് മേഖലയിൽ വൻകിട നിർമ്മാണങ്ങൾ നടത്തുന്നത് അപകടകരമാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
4. നിയമപരമായ ലംഘനങ്ങൾ
- തീരദേശ പരിപാലന നിയമങ്ങളിലും ആദിവാസി സംരക്ഷണ നിയമങ്ങളിലും പദ്ധതിക്കായി ഇളവുകൾ വരുത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ദേശീയ ഹരിത ട്രൈബ്യൂണൽ (NGT) ഈ പദ്ധതിക്ക് അനുമതി നൽകിയെങ്കിലും, പരിസ്ഥിതി പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളും ഇതിനെതിരെ ശക്തമായി രംഗത്തുണ്ട്.എന്നാൽ കേന്ദ്രസർക്കാരിന്റെ നിലപാടിങ്ങനെയാണ്. ചൈനയുടെ ഇന്ത്യൻ മഹാസമുദ്രത്തിലെ സ്വാധീനം കുറയ്ക്കുന്നതിനും, ഇന്ത്യയുടെ പ്രതിരോധസാമ്പത്തിക മേഖലകൾ ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി അനിവാര്യമാണെന്നാണ് കേന്ദ്രസർക്കാർ വാദിക്കുന്നത്.
നിക്കോബാർ പദ്ധതി യാഥാർത്ഥ്യമായാൽ ആ മേഖലയിൽ വരാനിരിക്കുന്ന പ്രധാന മാറ്റങ്ങൾ ഇവയൊക്കെയാണെന്നാണ് സർക്കാർ പക്ഷം. ഇത് ഇന്ത്യയുടെ തന്നെ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ ഭൂപടത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് അവകാശവാദം.
1. സാമ്പത്തികവും വാണിജ്യപരവുമായ മാറ്റങ്ങൾ
- ആഗോള കപ്പൽ ഗതാഗത കേന്ദ്രം: ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പൽ പാതകളിലൊന്നായ മലാക്ക കടലിടുക്കിന് വളരെ അടുത്താണ് നിക്കോബാർ. ഇവിടെ ഒരു ട്രാൻസ്ഷിപ്പ്‌മെന്റ് പോർട്ട് വരുന്നതോടെ സിംഗപ്പൂർ, കൊളബോ തുറമുഖങ്ങൾക്ക് ബദലായി ഇന്ത്യക്ക് മാറാൻ സാധിക്കും. മാത്രമല്ല, നഗരവൽക്കരണം മൂലം നിലവിൽ നിബിഡ വനമായ ഇവിടെ ഏകദേശം 6.5 ലക്ഷം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു ഗ്രീൻഫീൽഡ് സിറ്റി ഉയർന്നു വരുമത്രെ. ഇത് ടൂറിസം, ഐടി മേഖലകളിൽ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
2. പ്രതിരോധവും തന്ത്രപ്രധാനമായ മാറ്റങ്ങളും
- ഹിന്ദു മഹാസമുദ്രത്തിലെ നിരീക്ഷണം: ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും ചൈനയുടെ സാന്നിധ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ തെക്കേ അറ്റത്ത് ഒരു ശക്തമായ സൈനികനാവിക താവളം വരുന്നത് സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.മിസൈൽ/വിമാന വിന്യാസം: പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഇരട്ട ഉപയോഗ വിമാനത്താവളം സൈനിക വിമാനങ്ങൾക്കും വലിയ യാത്രാ വിമാനങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാം.
3. പരിസ്ഥിതിയിലും ആവാസവ്യവസ്ഥയിലും ഉണ്ടാകുന്ന മാറ്റങ്ങൾ
- ആവാസവ്യവസ്ഥയുടെ നഷ്ടം: നിർമ്മാണ പ്രവർത്തനങ്ങൾക്കായി ലക്ഷക്കണക്കിന് മരങ്ങൾ മുറിക്കുന്നത് പ്രാദേശിക താപനില വർദ്ധിക്കുന്നതിനും മഴയുടെ അളവിൽ മാറ്റം വരുന്നതിനും കാരണമായേക്കാം.കടലാമകളുടെ വഴിമാറ്റം: ഭീമൻ ലെതർബാക്ക് കടലാമകൾ മുട്ടയിടാൻ എത്തിയിരുന്ന തീരങ്ങളിൽ കപ്പലുകളുടെ തിരക്കും വെളിച്ചവും വർദ്ധിക്കുന്നത് അവയുടെ വംശവർദ്ധനവിനെ ബാധിക്കും.പവിഴപ്പുറ്റുകളുടെ നാശം: സമുദ്രത്തിലെ നിർമ്മാണങ്ങൾ പവിഴപ്പുറ്റുകളെയും കടൽ ജീവികളെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. ഇതിന് പകരമായി മറ്റ് സ്ഥലങ്ങളിൽ പവിഴപ്പുറ്റുകൾ നട്ടുപിടിപ്പിക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്.
4. സാമൂഹിക മാറ്റങ്ങൾ
- ആദിവാസി ഗോത്രങ്ങളുടെ ഒറ്റപ്പെടൽ: ആധുനിക നഗരം വരുന്നതോടെ ഷോംപെൻ വിഭാഗക്കാർക്ക് അവരുടെ പരമ്പരാഗത വേട്ടയാടൽ രീതികളും വനവിഭവങ്ങൾ ശേഖരിക്കുന്ന രീതിയും നഷ്ടപ്പെട്ടേക്കാം. ഇത് അവരുടെ സംസ്‌കാരത്തെയും അതിജീവനത്തെയും ബാധിക്കും.
ചുരുക്കത്തിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്കും സുരക്ഷയ്ക്കും ഈ പദ്ധതി ഉപരിച്ചേക്കാം. എന്നാൽ അത് പരിസ്ഥിതിക്കും അവിടുത്തെ തനത് ജനതയ്ക്കും സംഭവിക്കാൻ പോകുന്ന ആഘാതം അത്ര നിസാരമായിരിക്കുകയില്ല എന്നോർക്കണം.
എമ എൽസ എൽവിൻ