'എന്തിനു വേണ്ടി നീ എങ്ങനെ പോർ ചെയ്തു ചിന്തിച്ചിടേണ്ടതീ രണ്ടു കൂട്ടം' എന്ന മഹാകവി ഉള്ളൂരിന്റെ ഉദ്‌ബോധനത്തിലെ ആദ്യ പകുതി മാത്രം മനസിലിട്ട് രണ്ട് മുൻ ഡിജിപിമാർ പോരിനിറങ്ങുന്നതിലെ അപാകത കണ്ടു വിസ്മയം കൂറുന്നു കേരള സമൂഹം. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഇത്രയും തരം താണ അടവുകൾ ഇവരെപ്പോലുള്ളവരിൽ നിന്ന് സാധാരണ ജനങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്ന കാര്യം പക്ഷേ അവർ മാത്രം തിരിച്ചറിയുന്നില്ല.
തിരുവനന്തപുരം വട്ടിയൂർക്കാവിൽ അരങ്ങേറിയ ബി.ജെ.പി-സി.പി.എം സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ. ബിജുവും മുൻ ഡി.ജി.പിമാരായ ആർ. ശ്രീലേഖ, ടി.പി. സെൻകുമാർ എന്നിവരും തമ്മിലുള്ള വാക്‌പോര് അസാധാരണ സ്വഭാവത്തിലേക്കു വളർന്നു. വട്ടിയൂർക്കാവിൽ സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരായ ബി.ജെ.പി ആക്രമണത്തെയും തുടർന്നുണ്ടായസൈബർ വ്യക്തിഹത്യയെയും അപലപിച്ചാണ് സി.ആർ. ബിജു ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
'പോടാ പുല്ലേ പോലീസേ' എന്ന് പോലീസിനെതിരെ മുദ്രാവാക്യം മുഴക്കിയ ശ്രീലേഖയെയും 'പോലീസ് സ്റ്റേഷൻ അടിച്ചു തകർക്കു'മെന്ന് പ്രകോപനപരമായ പരാമർശം നടത്തിയ സെൻകുമാറിനെയും പോലീസ് അസോസിയേഷൻ നേതാവ് രൂക്ഷമായി വിമർശിച്ചു. ''ഔദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെട്ട പോലീസുദ്യോഗസ്ഥർക്കു നേരെ അസഭ്യവർഷം നടത്തുന്നത് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. മനുഷ്യരിൽ പലർക്കും പലവിധ പരിണാമങ്ങൾ സംഭവിക്കാറുണ്ട്. അത്തരമൊരു പരിണാമമായി മാത്രം ഇത് കണ്ടാൽ മതി.
ഇവർ മുൻ പോലീസ് ഉദ്യോഗസ്ഥർ എന്ന പരിഗണന അർഹിക്കുന്നേ ഇല്ല. സമൂഹം അവരെ അവഗണിക്കുകയാണ് വേണ്ടത്' എന്നായിരുന്നു ശ്രീലേഖയുടെയും സെൻകുമാറിന്റെയും പ്രസ്താവനകളോടുള്ള ബിജുവിന്റെ പ്രതികരണം. കുഴപ്പക്കാരായ ബി.ജെ.പി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി വനിതാ വിംഗായ മഹിളാ മോർച്ച നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ടായിരുന്നു മുൻ ഡിജിപിമാരുടെ പ്രകോപനപരമായ പ്രസ്താവന.
ക്രമസമാധാന ചുമതല നിർവഹിക്കുന്ന പോലീസ് സേനയുടെ മനോവീര്യം തകർക്കുകയും പോലീസിനു നേരെ കലാപത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രസ്താവനകൾ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്നത് ഗൗരവതരമായ കാര്യമാണ്.
സേനയുടെ തഴേത്തട്ടിലുള്ളവർക്ക് മാതൃകയാകേണ്ടവരാണ് ഐപിഎസ് പദവി അലങ്കരിച്ചവർ. അതിനു പകരം അവർ തീരെ തരം താഴുന്നതും കക്ഷിരാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി സേനയെ മാന്യമല്ലാത്ത രീതിയിൽ വിമശിക്കുന്നതും ഖേദകരമാണെന്നതിൽ രണ്ടഭിപ്രാത്തിനു പഴുതില്ല. പോലീസ് മേധാവി പദവിയിലിരിക്കെ താഴെക്കിടയിലുള്ള സേനാംഗങ്ങളോട് അച്ചടക്കം പാലിക്കാനും സേനയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനും നിർദേശം നൽകിയവരാണ് തങ്ങളെന്ന കാര്യം ഇവർ മനപ്പൂർവം വിസ്മരിക്കുകയാണ്.
ഒരു ഉദ്യോഗസ്ഥൻ സർവീസിൽ നിന്ന് വിരമിക്കുന്നത് ആ വ്യക്തിക്ക് ലഭിച്ചിരുന്ന ഔദ്യോഗിക പദവികളിൽ നിന്നുള്ള പ്രത്യക്ഷമായ വിടുതൽ മാത്രമാണ്. പദവിയിൽ നിന്ന് വിരമിച്ചെങ്കിലും സേവന കാലയളവിൽ കൈകാര്യം ചെയ്ത രഹസ്യസ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങളോടും താൻ നേതൃത്വം നൽകിയ സേനയുടെ അന്തസ്സിനോടും പുലർത്തേണ്ട വിശ്വസ്തത മരണം വരെ അവർ കാത്തുസൂക്ഷിക്കേണ്ടതുണ്ട്.
പോലീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടിയതു പോലെ വിരമിച്ച പതിനായിരക്കണക്കിനു പോലീസ് ഉദ്യോഗസ്ഥരാണു കേരളത്തിൽ നിലവിലുള്ളത്. അവരിൽ പലരും വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു. രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ ചേർന്നു പ്രവർത്തിക്കുന്നവരും ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരുമുണ്ട് കൂട്ടത്തിൽ. ഇവ്വിധം വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ അന്തസ്സോടെ പ്രവർത്തിക്കുന്ന മുൻ ഉദ്യോഗസ്ഥർ സേനക്ക് അഭിമാനമാണ്. അതേസമയം സേനയ്ക്ക് കളങ്കമായി ചിത്രീകരിക്കപ്പെടുന്നു ശ്രീലേഖയെയും സെൻകുമാറിനെയും പോലുള്ളവർ.
പോലീസിനെതിരായ ഈ മുൻ ഡിജിപിമാരുടെ അനാരോഗ്യകരമായ വിമർശങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. സേനയിൽ നിന്ന് വിരമിച്ച ഉടനെ രണ്ട് പേരും ചേക്കേറിയത് ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്കാണ്. അന്ന് മുതൽ ഒളിഞ്ഞും തെളിഞ്ഞും പോലീസിനെതിരെ തരം താഴ്ന്ന പ്രസ്താവനകൾ നടത്തിത്തുടങ്ങി. ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ സേനയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള 'വെളിപ്പെടുത്തലുകൾ' നടത്തിയിരുന്നു. നടിയെ അക്രമിച്ച കേസുൾപ്പെടെ പല പ്രമുഖ കേസുകളിലും പോലീസ് കണ്ടെത്തിയ തെളിവുകളെയും ശാസ്ത്രീയ നിഗമനങ്ങളെയും തള്ളിപ്പറയുകയുമുണ്ടായി അവർ. തങ്ങൾ നയിച്ചിരുന്ന ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണങ്ങളെയും കണ്ടെത്തലുകളെയും പിന്നീട് തള്ളിപ്പറയുന്നത് എത്ര പരിഹാസ്യമെന്ന ചിന്ത മുൻ ഡിജിപിക്കില്ല.
ഡിജിപി പദവിയിലിരുന്നവർക്ക് ഒട്ടും യോജിക്കാത്തതാണ് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ തകർക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ. ഒരു സാധാരണക്കാരനെ പോലെയല്ല മുൻ ഡിജിപിയുടെ വാക്കുകളെ ജനം കേൾക്കുന്നത്. അതിനൊരു ഔദ്യോഗിക പരിവേഷമുണ്ട്. ആ പരിവേഷത്തെ ദുരുപയോഗം ചെയ്യുന്നത് സേനയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന കാര്യം കാണാതിരിക്കാനാകില്ല. പോലീസ് അസോസിയേഷൻ ഭാരവാഹികൾ ഇതിനെതിരെ രംഗത്ത് വന്നത് സ്വാഭാവികം. തങ്ങൾ സേവനമനുഷ്ഠിക്കുന്ന പ്രസ്ഥാനത്തെയും തങ്ങളുടെ സഹപ്രവർത്തകരെയും അധിക്ഷേപിക്കുകയും ജനങ്ങളുടെ മുമ്പിൽ മോശമായി ചിത്രീകരിക്കുകയും ചെയ്യുമ്പോൾ അവർ പ്രതികരണവുമായി രംഗത്തു വരിക സ്വാഭാവികം.
നടന്നുവന്ന വഴികളെ ഓർമിക്കുകയും തങ്ങളെ ഉന്നതങ്ങളിലെത്തിച്ച സേനയെ ബഹുമാനിക്കുകയും നന്ദിയോടെ സ്മരിക്കുകയും വേണം വിരമിച്ച ഉന്നത ഉദ്യോഗസ്ഥർ. മറിച്ചുള്ള സമീപനം ജനമധ്യത്തിൽ സ്വയം പരിഹാസ്യരാകാൻ ഇടയാക്കും. അതേസമയം, വിരമിച്ച ഉദ്യോഗസ്ഥർക്ക് പെരുമാറ്റച്ചട്ടങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചയ്ക്ക് വഴിയൊരുക്കുന്നു ഈ സംഭവ വികാസം. സർവീസിലിരിക്കെ ലഭിച്ച വിവരങ്ങൾ, വിരമിച്ച ശേഷം വെളിപ്പെടുത്തുന്നതിന് കൃത്യമായ മാർഗനിർദേശങ്ങൾ വേണമെന്ന വാദം പൊള്ളയല്ല. പോലീസ് സേനയുടെ അന്തസ്സിനെ ബാധിക്കുന്ന തരത്തിലോ പ്രകോപനപരമായോ പ്രസ്താവനകൾ നടത്തിയാൽ കർശനമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ ആർജവം കാണിക്കേണ്ടതും അനിവാര്യം.
'ത്രിനക്ഷത്ര മോഹം'
വിരമിച്ചിട്ടും ഔദ്യോഗികമുദ്ര പതിപ്പിച്ച കാറിൽ സഞ്ചരിച്ച മുൻ ഡിജിപി ടോമിൻ. ജെ തച്ചങ്കരിക്ക് ഇതിനിടെ ചെറിയ തുക പിഴയിട്ട് മേട്ടോർ വാഹനവകുപ്പ് അദ്ദേഹത്തിന്റെ മുഖം രക്ഷിക്കാൻ പ്രഹസനമരങ്ങേറി. 250 രൂപയാണ് മേട്ടോർ വാഹന വകുപ്പ് തച്ചങ്കരിക്ക് പിഴയിട്ടത്. പിഴ അടിയന്തിരമായിത്തന്നെ ടോമിൻ തച്ചങ്കരി അടച്ചു. അതേസമയം എഫ്‌ഐആർ ഇട്ട് കേസെടുക്കാനുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം നടപ്പാക്കിയില്ല. കേരള പൊലീസിൽ ഡിജിപി റാങ്കിലുണ്ടായിരുന്ന ടോമിൻ ജെ തച്ചങ്കരി മൂന്നു വർഷം മുമ്പാണ് സർവീസിൽ നിന്നും വിരമിച്ചത്.
ഡിജിപിയുടെ നക്ഷത്രചിഹ്നം വെച്ച കാറിൽ ടോമിൻ തച്ചങ്കരി സഞ്ചരിച്ച സംഭവത്തിൽ, എംവിഡി പിഴ ഈടാക്കിയതിനാൽ ഇനി കേസെടുക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പെറ്റി അടച്ച് കേസ് തീർപ്പാക്കാനാണ് ശ്രമം. വിരമിച്ചിട്ടും സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക മുദ്ര ഉപയോഗിച്ചതിന്, തച്ചങ്കരിക്കെതിരെ കേസെടുക്കാൻ ഡിജിപി നൽകിയ നിർദേശം നിർവീര്യമായ അവസ്ഥയിലാണ്.
സ്വകാര്യ വാഹനത്തിൽ നക്ഷത്രമുദ്ര വച്ച് ടോമിൻ തച്ചങ്കരി യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കോട്ടയം കോടതിയിലെത്തിയപ്പോഴായിരുന്നു കാറിൽനമ്പർ പ്ലേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഔദ്യോഗിക നക്ഷത്ര ചിഹ്നം മാധ്യമ ശ്രദ്ധയിൽപ്പെട്ടത്.
നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയിൽ വാഹനത്തിലെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം നീക്കുകയും ചെയ്തു. ഡ്രൈവർക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാർ ബോർഡ് വച്ച് താൻ യാത്ര ചെയ്തിട്ടില്ലെന്നുമായിരുന്നു തച്ചങ്കരിയുടെ വിശദീകരണം. ടോമിൻ ജെ തച്ചങ്കരി ചിഹ്നം ഉപയോഗിച്ചത് ഒറ്റ ദിവസം മാത്രമാണെന്നും മറ്റ് ദിവസങ്ങളിൽ ചിഹ്നം ഉപയോഗിച്ചതായി കണ്ടെത്താനായിട്ടില്ലെന്നുമാണ് പോലീസ് റിപ്പോർട്ടിൽ പറയുന്നത്. നടന്നത് നിയമലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പക്ഷേ, സൗകര്യപൂർവം ഡ്രൈവറുടെ പേരിൽ ഗതാഗത നിയമലംഘനം ഉൾപ്പെടെയുളള വകുപ്പുകൾ ഉൾപ്പെടുത്തി പെറ്റിക്കേസിലൊതുക്കും.
കോട്ടയം എസ്പിയും സ്‌പെഷ്യൽ ബ്രാഞ്ചുമാണ് ഡിജിപിക്ക് റിപ്പോർട്ട് നൽകിയത്. എസ്പിയുടെ നിർദേശപ്രകാരം കോട്ടയം ഈസ്റ്റ് പൊലീസായിരിക്കും കേസെടുക്കുക. വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ തച്ചങ്കരിക്കെതിരെ കോട്ടയം വിജിലൻസ് കോടതിയിൽ വിചാരണ തുടങ്ങിയിരുന്നു.
കേസിൽ 130 സാക്ഷികളെയാണ് വിസ്തരിക്കുന്നത്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വർഷങ്ങളോളം നിയമ വ്യവഹാരം നടന്ന കേസാണിത്. 2003 ലാണ് കേസിനാധാരമായ സംഭവം.സർവീസ് കാലാവധിയിൽ ഡിജിപി ടോമിൻ തച്ചങ്കരി 138 ശതമാനം വരവിൽ കൂടുതൽ സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തി. അതിവേഗത്തിൽ കേസ് പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
