പുണെ: മഹാരാഷ്ട്രയിലെ പ്രശസ്തമായ ലോഹഗാഡ് കോട്ടയില്‍ പ്രതിശ്രുത വരനെ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായ സിയാ ഗോയലിന്റെ (20) മാതാപിതാക്കളുടെ പ്രതികരണം വാര്‍ത്തയാകുന്നു. മകള്‍ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ അവള്‍ക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും, അവളെ തൂക്കിക്കൊല്ലണമെന്നുമാണ് സിയയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞത്.
'അവള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവളെ തൂക്കിക്കൊല്ലൂ, ഒരമ്മയാണ് ഇത് പറയുന്നത്,' അവര്‍ വ്യക്തമാക്കി. തെറ്റു ചെയ്തത് ആരായാലും അവര്‍ക്ക് മരണശിക്ഷ തന്നെ നല്‍കണമെന്ന് സിയയുടെ പിതാവ് പ്രവീണ്‍ ഗോയലും പ്രതികരിച്ചു.
ഏക മകള്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ വിവരമറിഞ്ഞ് ഹൃദയാഘാതമുണ്ടായ പ്രവീണ്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കേതനുമായുള്ള വിവാഹത്തിന് സിയ ഒരിക്കലും വിസമ്മതം പ്രകടിപ്പിച്ചിരുന്നില്ലെന്നും എപ്പോഴും സന്തോഷത്തോടെയാണ് സംസാരിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ നിര്‍മാണ വ്യവസായി വിശാല്‍ അഗര്‍വാളിന്റെ മകനായ കേതന്‍ അഗര്‍വാളും (26) സിയയും തമ്മിലുള്ള വിവാഹം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉറപ്പിച്ചത്. നവംബറില്‍ രാജസ്ഥാനിലെ ഉദയ്പുരില്‍ വച്ച് അത്യാഡംബരത്തോടെ വിവാഹം നടത്താനായിരുന്നു കുടുംബങ്ങള്‍ നിശ്ചയിച്ചിരുന്നത്. ജയ്പുരിലെ ഒരു കൊട്ടാരം 17 കോടി രൂപയ്ക്ക് ബുക്ക് ചെയ്യുകയും അതിഥികളെ എത്തിക്കാന്‍ രണ്ട് സ്വകാര്യ വിമാനങ്ങള്‍ വരെ ഏര്‍പ്പാടാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സിയയ്ക്ക് ചേതന്‍ ചൗധരി എന്ന യുവാവുമായി പ്രണയമുണ്ടായിരുന്നു. ഈ ബന്ധം തുടരുന്നതിനായി, വിവാഹത്തിന് മുന്‍പ് കേതനെ ഇല്ലാതാക്കാന്‍ സിയയും കാമുകന്‍ ചേതനും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു. കൊലപാതകം നടന്ന ജൂണ്‍ 18 ന് രാവിലെ സിയയും ചേതനും ഒരു കഫേയില്‍ വച്ച് കൂടിക്കാഴ്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവിടെ വച്ചാണ് കൊലപാതകത്തിന്റെ അന്തിമ ഗൂഢാലോചന നടന്നത്. ഇതിനുശേഷമാണ് സിയ കേതനുമായി സമുദ്രനിരപ്പില്‍ നിന്ന് 3,300 അടി ഉയരത്തിലുള്ള ലൊഹാഗാഡ് കോട്ടയിലെത്തിയത്.
ഇവര്‍ക്ക് പിന്നാലെ കാമുകന്‍ ചേതനും കോട്ടയിലെത്തി. തുടര്‍ന്ന് ആളൊഴിഞ്ഞ ഭാഗത്തുവച്ച് ചേതന്‍ കേതനെ ആഴമേറിയ കൊക്കയിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നു. സിയയ്ക്കും ചേതനുമെതിരെ നിലവില്‍ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.
കേസിന്റെ ചുരുളഴിക്കാന്‍ പൊലീസിനെ സഹായിച്ചത് പ്രതിയായ ചേതന്‍ ധരിച്ചിരുന്ന വസ്ത്രധാരണമാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസിന് ഒരു പ്രത്യേക ദൃശ്യത്തില്‍ സംശയം തോന്നി. കേതനും സിയയ്ക്കും തൊട്ടുപിന്നാലെ ഹൂഡി ധരിച്ച് മുഖം മറച്ച നിലയില്‍ ഒരാള്‍ നടന്നുപോകുന്നുണ്ടായിരുന്നു. ഇതിന് മുകളിലായി ഇയാള്‍ വലിയ ഹെഡ്‌സെറ്റും വെച്ചിരുന്നു. ഇടയ്ക്ക് സിയ ഇയാളെ തിരിഞ്ഞുനോക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.
സംഭവം നടക്കുന്ന സമയത്ത് പ്രദേശത്ത് 33 ഡിഗ്രി സെല്‍ഷ്യസ് കടുത്ത ചൂടായിരുന്നു. ഈ കൊടുംചൂടില്‍ ശരീരം മുഴുവന്‍ മൂടുന്ന രീതിയില്‍ ഹൂഡി ധരിച്ചു നടന്ന വ്യക്തിയെ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഒടുവില്‍ ചേതനിലേക്കും, സിയയിലേക്കും കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതിലേക്കും എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
