ഡാളസ് സെന്റ് ഇഗ്നേഷ്യസ് മലങ്കര ജാക്കോബൈറ്റ് സിറിയക് ക്രിസ്ത്യൻ കത്തീഡ്രലിലെ മാർ ഇഗ്നാത്തിയോസ് നൂറോണായുടെ ഓർമ്മ പെരുന്നാളിന് തുടക്കമായി. ഒക്ടോബർ 13 (ഞായർ) വി. കുർബ്ബാനാനന്തരം റവ. ഫാ. വർഗീസ് മാലിയിൽ, റവ. ഫാ. ജോസഫ് കുരിയൻ എന്നീ വൈദീകരുടേയും ഒട്ടനവധി വിശ്വാസികളുടേയും സാന്നിദ്ധ്യത്തിൽ ചെണ്ടവാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രാർത്ഥനാ ഗാനാലാപനത്താൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ വികാരി റവ. ഫാ. ബേസിൽ അബ്രഹാം കൊടി ഉയർത്തിയതോടെ ഈ വർഷത്തെ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ഒക്ടോബർ 18, 19, 20 (വെള്ളി, ശനി, ഞായർ) എന്നീ ദിവസങ്ങളിലായി നടത്തപ്പെടുന്ന പെരുന്നാൾ ആഘോഷങ്ങൾക്ക് ഇടവക മെത്രാപ്പൊലീത്താ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപ്പൊലീത്തായുടെ മഹനീയ സാന്നിദ്ധ്യം ഉണ്ടായിരിക്കും.18-ാം തീയതി (വെള്ളിയാഴ്ച) വൈകിട്ട് 6മണിക്ക് സന്ധ്യാപ്രാർത്ഥനയെ തുടർന്ന് ഭക്തിസംഘടനകളുടെ വാർഷികാഘോഷം നടക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന കലാപരിപാടികളുടെ അവസാന ഘട്ട പരിശീലനങ്ങൾ പുരോഗമിക്കുന്നു. കൾച്ചറൽ പ്രോഗ്രാമിന് പുറമേ, അന്നേ ദിവസം ക്രമീകരിച്ചിരിക്കുന്ന 'ലൈവ് തട്ടുകട' ഏറെ ആകർഷകമായിരിക്കും.
19-ാം തീയതി (ശനി) 6.30ന് സന്ധ്യാപ്രാർത്ഥനയും തുടർന്ന് റവ. ഫാ. ഗീവോന്റ് അജ്‌മൈന്റെ നേതൃത്വത്തിൽ വചന പ്രഘോഷണവും നടക്കും. 8 മണിയോടെ റാസുയും അതേ തുടർന്ന് പ്രഗൽഭ സുവിശേഷ പ്രാസംഗികനായ റവ. ഫാ. വർഗീസ് പാലത്തിങ്കൽ (ന്യൂജേഴ്‌സി) വചന സന്ദേശവും നൽകും. ഒക്ടോബർ 20 (ഞായർ) രാവിലെ 8.15ന് പ്രഭാത പ്രാർത്ഥനയും 9 മണിക്ക് അഭിവന്ദ്യ മെത്രാപ്പൊലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ വി. മൂന്നിന്മേൽ കുർബ്ബാനയും അർപ്പിക്കും.
ശനി, ഞായർ ദിവസങ്ങളിൽ മുത്തുക്കുട, കൊടി, വർണ്ണക്കുട, കുരിശ് തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി, ചെണ്ടവാദ്യ മേളങ്ങളോടെ വിശ്വാസികൾ അണിനിരന്ന്, ഭക്തിനിർഭരമായി നടത്തപ്പെടുന്ന വർണശബളമാർന്ന 'റാസ'യിൽ ഇടവകയിലും, സമീപ ഇടവകകളിലുള്ള നൂറുകണക്കിന് വിശ്വാസികൾ പങ്കുചേരും.പള്ളി ഗായകസംഘം ആലപിക്കുന്ന ഭക്തിസാന്ദ്രമായ ഗീതങ്ങൾ പെരുന്നാൾ ആഘോഷങ്ങൾ മാറ്റുകൂട്ടും. ഈ വർഷത്തെ പെരുന്നാൾ ഏറ്റു നടത്തുന്നത് യൽദൊ തമ്പി, റെജി സഖറിയ, റോബിൻ സഖറിയ, റോയി സഖറിയ, റോയ്‌മോൻ തോമസ് എന്നിവരും അവരുടെ കുടുംബാംഗങ്ങളുമാണ്.
പെരുന്നാൾ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി റവ. ഫാ. ബേസിൽ അബ്രഹാം (വികാരി), റവ. ഫാ. രൻജൻ മാത്യു (അസിസ്റ്റന്റ് വികാരി), ജോർജ് കറുത്തേടത്ത് (വൈസ് പ്രസിഡന്റ്), ജോർജ് ജേക്കബ് (സെക്രട്ടറി), യൽദൊ മാത്യു (ട്രസ്റ്റി) എന്നിവരുടെ നേതൃത്വത്തിൽ പള്ളി ഭരണസമിതി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി വരുന്നു. മഹാപരിശുദ്ധനായ മാർ ഇഗ്നാത്തിയോസ് നൂറോനൊയുടെ മഹാമദ്ധ്യസ്ഥതയിൽ അഭയപ്പെട്ട് അനുഗ്രഹം പ്രാപിക്കുവാൻ, വിശ്വാസികളേവരെയും കർതൃനാമത്തിൽ ക്ഷണിക്കുന്നതായി വികാരി റവ. ഫാ. ബേസിൽ അബ്രഹാം അറിയിച്ചു.
അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്