സദാചാര ബോധത്തിന്റെയും നാട്ടുമര്യാദയുടെയും ലക്ഷ്മണ രേഖകൾ വ്യവസ്ഥാതീതമായി മാറ്റി വരയ്ക്കപ്പെടുന്നുവോ കേരളത്തിൽ? പ്രസിദ്ധിക്കും കുപ്രസിദ്ധിക്കുമിടയിലെ ചാടിക്കളിയിലൂടെ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്ന ചിലർ വിവാദങ്ങളുടെയും അഭ്യൂഹങ്ങളുടെയും ചക്രവാളങ്ങളെ അതിവേഗം വികസ്വരമാക്കുന്നു. അതിന്റെ അനുബന്ധമായുള്ള ദുരവസ്ഥയാണിത്.
നിയമവിരുദ്ധ ലഹരിവസ്തുക്കളുമായി സംസ്ഥാനത്ത് പിടിയിലാകുന്നവരുടെ പട്ടികയിൽ സ്‌കൂൾ വിദ്യാർഥികൾ മുതൽ പ്രശസ്ത വ്യക്തിത്വങ്ങൾ വരെ സ്ഥാനം പിടിക്കുന്നു. ഉൾഗ്രാമങ്ങളിലും ടൗണുകളിലും സാദാ സിറ്റികളിലും മെട്രോനഗരത്തിലും ഒരേ തീവ്രതയിൽ ലഹരിവ്യാപാരം പൊടിപൊടിക്കുന്നു. അനേകർ ലഹരിക്കടിമകളും രോഗികളുമായി മാറുന്നു. പെണ്ണുങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിനു പേർ പ്രായ ഭേദമെന്യേ ചികിത്സ തേടുന്നു. ഈ വർഷം ആദ്യത്തെ രണ്ടു മാസം കേരളത്തിൽ നടന്ന 30 കൊലപാതകങ്ങളിൽ പകുതിയും ലഹരിയുപയോഗവുമായി ബന്ധപ്പെട്ടതായിരുന്നു. ഭയം ആളിക്കത്തിക്കുന്ന കണക്കാണിത്. എന്താണിതിനു പരിഹാരമെന്ന ചർച്ച ദിശയില്ലാതെ മുന്നേറുന്നു.
ഇതിനിടെയാണ് വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയെന്ന ഗായകനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. വേടന്റെ പാട്ടും പ്രത്യയശാസ്ത്രവും ചർച്ചയാകാനും ഈ സംഭവങ്ങൾ വഴിവച്ചു. തൊട്ടു മുമ്പ് ഷൈൻ ടോം ചക്കോ എന്ന പ്രശസ്ത സിനിമാ നടൻ രണ്ടാം വട്ടവും പിടിയിലായി. ഷൈൻ ടോം ചക്കോ പോലീസിനെ വെട്ടിച്ചു കടന്നതും പിന്നാലെ കീഴടങ്ങിയതും ചൂടുവാർത്തയായി. അയാളെ സ്വന്തം ആവശ്യപ്രകാരം ലഹരിവിമോചന ചികിത്സകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നുള്ള വിവരവും പുറത്തു വന്നു. സിനിമാ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷറഫ് ഹംസ, സമീർ താഹിർ എന്നിവരും സമാനമായ കേസുകളിൽ നിയമപാലകരുടെ പിടിയിലായി പിന്നീടു ജാമ്യത്തിലിറങ്ങി.
പല കാരണങ്ങളാൽ വേടന്റെ അറസ്റ്റ് ഇക്കൂട്ടത്തിൽ വേറിട്ടു നിന്നു. റാപ് എന്നു വിളിക്കപ്പെടുന്ന സംഗീതമേഖലയിൽ മലയാളത്തിന്റെ മേൽവിലാസമായി മാറിയ പാട്ടുകാരനാണു വേടൻ. വേടനു കഴിയുന്ന അളവിൽ ആൾക്കൂട്ടങ്ങളെ ആകർഷിച്ചു വരുത്താനാകുന്ന കലാകാരന്മാർ ഇന്നു കേരളത്തിൽ വേറെയില്ലെന്ന അറിവിലേക്കു മുതിർന്ന മലയാളി ഉണർന്നതും ഇതോടെയാണ്. വേട്ടയ്ക്കിരയായോ വേടൻ എന്ന ചോദ്യം പല കേന്ദ്രങ്ങളിൽ നിന്നുമുയർന്നു. ജാമ്യം കിട്ടാവുന്ന കഞ്ചാവു കേസിനു പുറമെ ഏഴു വർഷത്തേക്കു തടവു കിട്ടാവുന്നതും ജാമ്യം നിഷേധിക്കപ്പെടാവുന്നതുമായ കേസ് വേടനു മേൽ വനംവകുപ്പ് ചുമത്തിയതാണു വിവാദത്തിനു ചൂടേറ്റിയത്. വേടൻ കഴുത്തിലണിഞ്ഞിരുന്ന മാലയിലെ പുലിപ്പല്ലു ചൂണ്ടിക്കാട്ടി വനംവകുപ്പ് ദ്രംഷ്ടകൾ നീട്ടി പാഞ്ഞെത്തിയത് ഇര കണ്ട പുലിയെപ്പോലെയായിരുന്നത്രേ.
ആനുപാതികമല്ലാത്തതും അതുകൊണ്ടു തന്നെ പരിഹാസ്യവുമായി വനംവകുപ്പിന്റെ അമിതവേശം. ഇത് അരുതെന്നു പറയാൻ ഒടുവിൽ ഭരണനേതൃത്വം തന്നെ രംഗത്തു വന്നു.
'ഇമ്മാതിരി കേസിലൊന്നും വന്ന് ചാടരുത് ജീവിതം പോകും' തന്നെ കാണാൻ പെരുമ്പാവൂർ കോടതി പരിസരത്തെത്തിയ ആരാധകനോട് വേടൻ പ്രതികരിച്ചതിങ്ങനെ. ഇതിനിടെ, റാപ്പർ വേടനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് ഗിരിവർഗ വേടർ മഹാസഭ അറിയിച്ചു. 'വേടൻ എന്ന പേരിൽ അറിയപ്പെടുന്ന ഹിരൺദാസ് മുരളി എന്ന ആൾ വേടൻ എന്ന പേരുപയോഗിച്ച് സംസ്ഥാനത്തെ മൂന്നേകാൽ ലക്ഷത്തോളം വരുന്ന വേടർ സമുദായംഗങ്ങളേയും തെറ്റായി ചിത്രീകരിക്കുകയാണെ'ന്നാണ് മഹാസഭയുടെ ആരോപണം. സമുദായാംഗങ്ങളുടെ ജീവിതരീതിയേയും സംസ്‌കാരത്തേയും ജാതീയതയേയും തെറ്റായി ഉപയോഗിക്കുന്നു.
അതിനാൽ വേടൻ എന്ന് പേര് പിൻവലിച്ച് പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ 25 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ചൂണ്ടിക്കാട്ടി കേസ് ഫയൽ ചെയ്യുമെന്ന് കാണിച്ച് വേടന് വക്കീൽ നോട്ടീസ് അയച്ചു കഴിഞ്ഞു. മലയാളം റാപ്പും വേടനും തലമുറഭേദമെന്യേ പരിചിതമാകാൻ ഇതെല്ലാം സഹായിച്ചു എന്നതും വസ്തുതയാണ്. സ്‌ക്രീനിൽ തല പൂഴ്ത്തി ഒറ്റയ്‌ക്കൊറ്റയ്ക്കിരിക്കുന്ന മലയാളി യുവത്വത്തിനു പുറത്തേക്കിറങ്ങാനും ആയിരങ്ങളുടെ ആൾക്കൂട്ടങ്ങളുണ്ടാക്കി ആർത്തുവിളിക്കാനും സാധിക്കുമെന്ന് കാണിച്ചുതന്നു വേടന്റെ ഗാനമേളകൾ.
'ഗൂഢ അജണ്ട'
ഇതിനിടെ, ഗൂഢ അജണ്ടയുമായി വേടനെ കുരുക്കിയെന്ന ആരോപണത്തിനു ശക്തി പകർന്ന് എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫിൽ നിന്നും നേതാക്കൾ രംഗത്തുവന്നു. ഇതിൽ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ കുറിപ്പ് ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വത്തെ പഴിക്കുന്നതാണ്. മോഹൻലാൽ, വേടൻ, അഖിൽ മാരാർ എന്നിവർക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അദ്ദേഹം ഒരേ തരത്തിലാക്കി. സന്ദീപ് വാര്യർ പങ്കുവച്ച പോസ്റ്റിന്റെ പൂർണരൂപം:
'ഒരു ദിവസം കൊണ്ട് കേരളത്തിലെ ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വം രാജ്യദ്രോഹികളായി പ്രഖ്യാപിച്ചത് മൂന്ന് കലാകാരന്മാരെയാണ്. വേടൻ, അഖിൽ മാരാർ, മോഹൻലാൽ. എന്താണ് വേടൻ ചെയ്ത രാജ്യദ്രോഹം? ജാതിവെറിക്കും അസ്പൃശ്യതയ്ക്കും എതിരായ നിലപാട് ശക്തമായ വരികളിലൂടെ യുവാക്കൾക്കിടയിൽ എത്തിച്ചു. അവരത് ഏറ്റെടുത്തു. സംഘപരിവാറിന് അതു സഹിച്ചില്ല. സ്വാഭാവികമായും ഇഷ്ടമല്ലാത്തവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ വച്ച് വേടനെയും അവർ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു.
രണ്ട് അഖിൽ മാരാരാണ്. തന്റേതായ അഭിപ്രായങ്ങൾ വെട്ടി തുറന്നുപറയുന്ന യുവ കലാകാരൻ. ആരെയും ഭയക്കാത്ത പ്രകൃതമുള്ള അഖിൽ മാരാർ കേന്ദ്രസർക്കാരിന് മറുപടി പറയാൻ ബുദ്ധിമുട്ടുള്ള, എന്നാൽ രാജ്യത്തെ ജനങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങൾ ചോദിച്ചു. അതോടെ അഖിൽ മാരാരും രാജ്യദ്രോഹിയായി. ബി.ജെ.പിയുടെ കൊട്ടാരക്കര മണ്ഡലം കമ്മിറ്റി കാൽപ്പായ കടലാസിൽ പരാതി എഴുതി കൊടുക്കേണ്ട താമസം, പിണറായി വിജയന്റെ പോലീസ് രാജ്യദ്രോഹ കേസെടുത്തു.
മൂന്ന് മോഹൻലാലാണ്. മലയാളികളുടെ പ്രിയപ്പെട്ട ലലേട്ടൻ മാധ്യമം പത്രത്തിന്റെ ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തതാണ് രാജ്യദ്രോഹിയായി പ്രഖ്യാപിക്കാൻ കാരണം. അതും ആർ.എസ്.എസിന്റെ ഔദ്യോഗിക മുഖപത്രം തന്നെയാണ് മോഹൻലാലിനെയും രാജ്യദ്രോഹിയാക്കിക്കളഞ്ഞത്. സാംസ്‌കാരിക കേരളത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്. കേരളത്തിലെ മൂന്ന് കലാകാരന്മാരെ, പൊതുസമൂഹം ഇഷ്ടപ്പെടുന്ന മൂന്നു പേരെ, സംഘപരിവാർ രാജ്യദ്രോഹികൾ എന്ന് മുദ്രകുത്തി വേട്ടയാടുമ്പോൾ നിങ്ങൾക്ക് എങ്ങനെ മൗനമായിരിക്കാൻ സാധിക്കുന്നു?
മലയാളി യുവതീ യുവാക്കളോടാണ് എനിക്ക് പറയാനുള്ളത്.. ബി.ജെ.പിയും ആർ.എസ്.എസും ചിന്തിക്കുന്ന യുവതി യുവാക്കൾക്കെതിരാണ്. അവരുടെ പുതുവഴികൾക്കും സംഗീതത്തിനും എതിരാണ്. വേടനെതിരായ സംഘപരിവാർ ആക്രമണം സൂചിപ്പിക്കുന്നത് യുവാക്കൾ രാഷ്ട്രീയം പറയുന്നതുപോലും അവർ ഭയക്കുന്നു എന്നാണ്. അതുകൊണ്ട് ഒറ്റക്കെട്ടായി മലയാളി യുവത ബി.ജെ.പിയെയും ആർ.എസ്.എസിനെയും തള്ളിക്കളയണം.'
വേണം വിചാരണ
വേടനെതിരായ നിയമനടപടികൾ, വിശേഷിച്ചും വനംവകുപ്പിന്റേത്, ഒരു വേട്ടയുടെ സ്വഭാവമാർജിച്ചുവോ എന്ന ചർച്ച ഇനിയും അവസാനിച്ചിട്ടില്ല. അയാൾ പാടുന്ന പ്രതിരോധത്തിന്റെയും പോരാട്ടത്തിന്റെയും സംഗീതം ആ പ്രതികാര ഭാവത്തിനു കാരണമായോ എന്നതും പരിശോധിക്കപ്പെടുന്നതിൽ തെറ്റില്ല. അടിസ്ഥാനജന വിഭാഗത്തിൽ നിന്നു വരികയും ചരിത്രപരമായ അടിച്ചമർത്തലുകൾക്കെതിരെ മനഃസാക്ഷിയുണർത്തുകയും ചെയ്യുന്ന പാട്ടുകളെയും പാട്ടുകാരെയും തെരഞ്ഞുപിടിച്ചമർത്തുന്നെങ്കിൽ അതിനു ന്യായീകരണമില്ല. കുറ്റകൃത്യങ്ങളെയാണു നിയമം നേരിടേണ്ടത്. ആ നേരിടൽ ഒഴിവാക്കുകയുമരുത്. എത്ര വലിയ കലാകാരനാണെങ്കിലും സ്ത്രീപീഡനമടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്താൽ നിയമത്തിനു കണ്ണടയ്ക്കാനാകില്ല. മാപ്പു ചോദിച്ചും കൊടുത്തുമല്ല, കേസെടുത്തും വിചാരണ ചെയ്തുമാണ് നീതി നടപ്പക്കേണ്ടത്.
കേരളത്തിന്റെ വികസിതലോകസമാനമായ വിദ്യാഭ്യാസ-ആരോഗ്യനേട്ടങ്ങളിൽ അസൂയ പൂണ്ടവരും മതേതര പുരോഗമന നിലപാടുകളിൽ അസഹിഷ്ണുക്കളായവരും സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താൻ കാരണം നോക്കി നടക്കുന്നവരാണ്. ഇന്ത്യയിൽ മയക്കുമരുന്നുപയോഗത്തിന്റെ കേന്ദ്രമായി കേരളം മാറിയെന്ന കണക്ക് അക്കൂട്ടർ ആഘോഷിക്കുന്നതു സ്വാഭാവികം. അതേസമയം, ക്രൈം റെക്കോർഡ്‌സ് പ്രകാരം കേരളത്തിൽ കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്നതായി കാണുന്നത്, കേരളം ഇതര സംസ്ഥാനങ്ങളെക്കാൾ മോശമായതുകൊണ്ടല്ല, മറിച്ച് എല്ലാ ചെറിയ കുറ്റകൃത്യങ്ങളും അഭിസംബോധന ചെയ്യപ്പെടുന്നതുകൊണ്ടാണെന്ന വാദവും തള്ളിക്കളയാനാകില്ല.
അതെന്തായാലും, ലഹരിവസ്തുക്കളുടെ കാര്യത്തിൽ ചെറുതും വലുതുമായ ഒരു നിയമലംഘനവും പിടിക്കപ്പെടാതെ പോകാൻ സംവിധാനമുണ്ടാകണം.. ഉപഭോക്താക്കൾ മാത്രമല്ല ഉൽപാദകരും നിയമത്തിനു മുമ്പിൽ വരണം. അപ്പേഴേ ഈ പോരാട്ടം വിജയിക്കൂ, പേരുദോഷം സൽപേരായി മാറൂ.
ലഹരിവസ്തുക്കളുടെ കാര്യത്തിൽ ചെറുതും വലുതുമായ എല്ലാ നിയമലംഘനങ്ങളും പിടിക്കപ്പെടണമെന്ന് സാമൂഹിക നിരീക്ഷകരും നിയമജ്ഞരും ഒരുപോലെ പറയുന്നു. ഉപഭോക്താക്കൾ മാത്രമല്ല ഉൽപാദകരും നിയമത്തിനു മുമ്പിൽ വരണം. അപ്പോൾ ഈ പോരാട്ടം വിജയിക്കുകയും പേരുദോഷം സൽപേരായി മാറുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടുന്നു അവർ.
ഇന്ത്യയിൽ മയക്കുമരുന്നുപയോഗത്തിന്റെ കേന്ദ്രം പഞ്ചാബാണെന്നാണ് പരമ്പരാഗതമായി പറഞ്ഞുപോരുന്നത്. എന്നാൽ ആ സ്ഥാനവും കേരളം കൈക്കലാക്കിക്കഴിഞ്ഞു. 2024ൽ മയക്കുമരുന്നു നിയമത്തിനു കീഴിൽ 27,701 കേസുകൾ കേരളത്തിൽ എടുത്തിട്ടുള്ളതായാണു കണക്ക്. പഞ്ചാബിലാകട്ടെ ഇത് 9025 മാത്രം. അതായത് പഞ്ചാബിനേക്കാൾ മൂന്നു മടങ്ങു കേസുകൾ കേരളത്തിൽ. ഇപ്പോൾ ജനസംഖ്യാനുപാതികമായി നോക്കുമ്പോൾ, കേരളത്തിൽ ഒരു ലക്ഷം പേർക്ക് 78 ലഹരിക്കേസുകളുണ്ടെങ്കിൽ പഞ്ചാബിൽ 30 മാത്രം. ഇതേ കാര്യം മുൻനിർത്തി ദേശീയതലത്തിൽ കേരളത്തിനെതിരെ വലിയ വിദ്വേഷപ്രചാരണം ആരംഭിച്ചിട്ടുള്ളത് മലയാളി സമൂഹം ഗൗരവത്തോടെ കണേണ്ടിയിരിക്കുന്നു.
ബാബു കദളിക്കാട്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്